Site icon Janayugom Online

ചരിത്രത്തിലെ ഏറ്റവും വലിയ വളര്‍ച്ചയില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍; ലാഭം നാലിരട്ടി വർധിപ്പിച്ചു; 50.19 കോടി

ചരിത്രത്തിലെ ഏറ്റവും വലിയ വളര്‍ച്ച നേടി സംസ്ഥാന ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍. 2021–22 ല്‍ കെഎഫ്‌സിയുടെ ലാഭം 13.20 കോടി രൂപയായിരുന്നെങ്കില്‍ 2022–23 ല്‍ അത് 50.19 കോടി രൂപയായി ഉയര്‍ന്നു. വായ്പാ ആസ്‌തി 4750.71 കോടി രൂപയിൽ നിന്നും 6529.40 കോടിയായി ഉയർന്നു. ആദ്യമായാണ് കെഎഫ്‌സിയുടെ വായ്പാ ആസ്‌തി 5000 കോടി കടക്കുന്നത്. പലിശ വരുമാനത്തിൽ 38.46 ശതമാനം വളർച്ച രേഖപ്പെടുത്തി 543.64 കോടി രൂപയായി. മൊത്തവരുമാനം 518.17 കോടിയില്‍ നിന്നും 694.38 കോടിയായി. നിഷ്ക്രിയ ആസ്തി ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞു.

മൊത്ത നിഷ്ക്രിയ ആസ്തി മുൻവർഷത്തെ 3.27 ശതമാനത്തിൽ നിന്ന് 3.11 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്ക്രിയ ആസ്തി 1.28 ശതമാനത്തിൽ നിന്ന് 0.74 ശതമാനമായും കുറഞ്ഞു. ഏഴ് പതിറ്റാണ്ടിനിടെ കെഎഫ്‌സിയുടെ ഏറ്റവും മികച്ച വാര്‍ഷിക കണക്കുകളാണിത്. വ്യവസായ സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി 3207.22 കോടി രൂപയുടെ വായ്പ കഴിഞ്ഞ വര്‍ഷം അനുവദിച്ചു. മൊത്തം വായ്പ 3555.95 കോടിയാണ്. മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതിയില്‍ 2404 സംരംഭങ്ങള്‍ക്ക് അഞ്ച് ശതമാനം പലിശ നിരക്കില്‍ 472 കോടി രൂപയുടെ വായ്പ നല്‍കി.

ഈ പദ്ധതികള്‍ക്കെല്ലാം സര്‍ക്കാര്‍ മൂന്ന് ശതമാനം പലിശ സബ്സിഡി നല്കിവരുന്നുണ്ട്. 49 സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 59.91 കോടി രൂപയുടെ വായ്പയും അനുവദിച്ചു. കോവിഡിന് ശേഷം സംസ്ഥാനത്തെ സാമ്പത്തികരംഗം ശക്തമായി തിരിച്ചുവരുന്നു എന്നതിന്റെ സൂചനയായി കെഎഫ്‌സിയുടെ വളര്‍ച്ചയെ കാണാമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ വായ്പാ ആസ്തി 10,000 കോടിയിലേക്ക് ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: ker­ala finan­cial cor­po­ra­tion achieved the biggest growth in its his­to­ry last finan­cial year
You may also like this video

Exit mobile version