Site iconSite icon Janayugom Online

കേരള വന ഭേദഗതി ബിൽ നിയമമായി; സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് ഇനി വനം വകുപ്പ് മുഖേന വിൽപ്പന നടത്താം

കേരളത്തിലെ വനം നിയമത്തിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുന്ന വനഭേദഗതി ബില്ലിന് ഗവർണർ അംഗീകാരം നൽകി. സ്വകാര്യ ഭൂമിയിലുള്ള ചന്ദനമരങ്ങൾ മുറിക്കുന്നതിനും വിൽക്കുന്നതിനുമുള്ള കർശന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതാണ് ഈ ബില്ലിലെ ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശം. നിയമം നിലവിൽ വരുന്നതോടെ സ്വന്തം ഭൂമിയിലെ ചന്ദനമരം വനം വകുപ്പ് മുഖേന വിൽക്കാനും അതിന്റെ ലാഭം ഭൂവുടമയ്ക്ക് സ്വന്തമാക്കാനും സാധിക്കും. ഇത് സംസ്ഥാനത്ത് ചന്ദനകൃഷി വ്യാപിക്കുന്നതിനും കർഷകർക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനും കാരണമാകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.

നിലവിൽ സ്വന്തം ഭൂമിയിലുള്ള ചന്ദനമരങ്ങൾ മുറിക്കാൻ ഉടമകൾക്ക് അധികാരമില്ലായിരുന്നു. എന്നാൽ പുതിയ ഭേദഗതി പ്രകാരം ഉണങ്ങിയതോ അപകടകരമായതോ ആയ മരങ്ങളും വീട് നിർമ്മാണത്തിന് തടസ്സമാകുന്ന മരങ്ങളും സമിതിയുടെ പരിശോധനയ്ക്കും ശുപാർശയ്ക്കും ശേഷം മുറിച്ചു മാറ്റാം. കൂടാതെ, കോടതിയിലുള്ള ചെറുകിട വനക്കുറ്റകൃത്യങ്ങൾ പിഴയടച്ച് തീർപ്പാക്കാനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്. ഇത് കോടതി നടപടികൾ ലഘൂകരിക്കാനും നിസ്സാര കേസുകളിൽ ജയിൽ ശിക്ഷ ഒഴിവാക്കാനും സഹായിക്കും. അതേസമയം, ഗുരുതരമായ വനക്കുറ്റകൃത്യങ്ങളിൽ ഇത്തരത്തിലുള്ള ഇളവുകൾ ലഭിക്കില്ല.

1961ലെ വനനിയമത്തിലാണ് ഈ പരിഷ്കാരങ്ങൾ വരുത്തിയിരിക്കുന്നത്. ദശാബ്ദങ്ങളായി വനം വകുപ്പിലുണ്ടായ ഉദ്യോഗസ്ഥ തസ്തികകളിലെ മാറ്റങ്ങളും പേരുമാറ്റങ്ങളും നിയമത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. അതോടൊപ്പം, കഴിഞ്ഞ 64 വർഷമായി വനം വാച്ചർമാർക്കുണ്ടായിരുന്ന അറസ്റ്റ് ചെയ്യാനുള്ള അധികാരം ഈ ഭേദഗതിയിലൂടെ എടുത്തുമാറ്റി. എം എൽ എമാരുടെയും സബ്ജക്ട് കമ്മിറ്റികളുടെയും നിർദ്ദേശപ്രകാരമാണ് ഈ മാറ്റം. ചന്ദനകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ‘ട്രീ ബാങ്കിങ്’ പദ്ധതി സർക്കാർ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.

Exit mobile version