രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായി കേരളം. പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. അഭിമാന മുഹൂർത്തമെന്ന ആമുഖത്തോടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗം ആരംഭിച്ചത്. സമ്പൂർണ സാക്ഷരതനേടി രാജ്യത്തിന് അഭിമാനമായ കേരളം എല്ലാവരേയും ഉൾച്ചേർത്തുള്ള സമീപനത്തിലൂടെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യ സംസ്ഥാനമായി വീണ്ടും മാതൃകയായെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് 38 ശതമാനം കുടുംബങ്ങൾ മാത്രമാണ് ഡിജിറ്റൽ സാക്ഷരത നേടിയിട്ടുള്ളത്. അത് പരിശോധിക്കുമ്പോഴാണ് 99.98 ശതമാനം കൈവരിച്ച് നേടിയ നേട്ടത്തിന്റെ വലിപ്പം മനസിലാകുന്നത്. ഈ നേട്ടം തുടക്കം മാത്രമാണ്, ഇവിടംകൊണ്ട് അവസാനിപ്പിക്കുകയല്ല. പദ്ധതിയുടെ രണ്ടാംഘട്ട ഭാഗമായി എല്ലാവരുടെയും സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറുമായി ബന്ധിപ്പിക്കും. ഇന്റര്‍നെറ്റ് അവകാശമാക്കി മാറ്റുന്നതിനപ്പുറത്ത് എല്ലാവർക്കും ലഭ്യമാക്കാനുള്ള സാഹചര്യമാണ് നടപ്പാക്കുന്നത്.
എങ്ങനെ ഇതുപോലെയുള്ള നേട്ടങ്ങൾ കേരളത്തിന് സ്വന്തമാക്കാൻ കഴിയുന്നു എന്നുള്ളത് പലരും ആശ്ചര്യപ്പെടാറുണ്ട്. അത് നമുക്ക് മാത്രം അവകാശപ്പെട്ട പ്രത്യേകതയാണ്. 1991 ഏപ്രിൽ സമ്പൂർണ സാക്ഷരത പ്രഖ്യാപനം നടത്തുമ്പോൾ അന്ന് സംസ്ഥാനത്ത് എൽഡിഎഫ് സർക്കാരായിരുന്നു. എല്ലാവരെയും സഹകരിപ്പിച്ച് ദൗത്യം കൃത്യമായി നടപ്പാക്കാൻ കഴിഞ്ഞു എന്നതാണ് വിജയം. പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് ഒരുപാട് പ്രതിസന്ധികളെ മറികടന്നാണ് ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തായി മാറിയത്. അവർ കാട്ടിത്തന്ന മാതൃകയിലൂടെയാണ് കേരളം മുഴുവൻ നേട്ടം കൈവരിച്ചത്. യുവജനങ്ങളുടെ ആത്മാർത്ഥമായ ഇടപെടൽ പദ്ധതിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഡിജിറ്റൽ ഇന്ത്യ മുദ്രാവാക്യത്തിലും പരസ്യ വാചകത്തിലും ഒതുങ്ങുമ്പോഴാണ് കേരളത്തിന്റെ നേട്ടമെന്നും എല്ലാക്കാലത്തും രാജ്യത്തിന് വഴികാണിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ടെന്നും ചടങ്ങില്‍ അധ്യക്ഷതവഹിച്ച മന്ത്രി എം ബി രാജേഷ് പറഞ്ഞു.
105-ാം വയസിൽ ഡിജി സാക്ഷരത നേടിയ എറണാകുളം സ്വദേശി അബ്ദുള്ള മൗലവിയുമായി മുഖ്യമന്ത്രി വീഡിയോ കോളിൽ സംസാരിച്ചു. അബ്ദുല്ല മൗലവിയെ പോലുള്ളവരാണ് സർക്കാരിന്റെ കരുത്തെന്ന് വീഡിയോകോളിൽ മുഖ്യമന്ത്രി പറഞ്ഞു. 75 വയസുകാരായ തിരുവനന്തപുരത്തെ ശാരദാ കാണിയും വിശാലാക്ഷിയും മുഖ്യമന്ത്രിക്കൊപ്പം വേദിയിൽ സെൽഫിയെടുത്തു. പദ്ധതിയുടെ പിന്നിൽ പ്രവർത്തിച്ച വകുപ്പ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രി ഉപഹാരങ്ങൾ നൽകി. സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ റിപ്പോർട്ട് മന്ത്രി എം ബി രാജേഷ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാറിന് കൈമാറി. ഡിജി കേരളം രണ്ടാംഘട്ട പദ്ധതി സ്പെഷ്യൽ സെക്രട്ടറി അദീല അബ്ദുള്ള അവതരിപ്പിച്ചു. രണ്ടാം ഘട്ട പദ്ധതിയുടെ രേഖ ഇൻഫോസിസ് സഹസ്ഥാപകനും മുൻ സിഇഒയുമായ എസ് ഡി ഷിബുലാൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമയ്ക്ക് കൈമാറി. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, മേയർ ആര്യാ രാജേന്ദ്രൻ, വകുപ്പ് ഡയറക്ടർ അപൂർവ ത്രിപാഠി, പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, കോർപറേഷൻ കൗൺസലർ വി ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.

