Site icon Janayugom Online

പൂഞ്ചി കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ കേരളം; ഗവർണറെ ഇംപീച്ച് ചെയ്യാൻ നിയമസഭയ്ക്ക് അധികാരം നല്കണം

ഗവർണറുടെ നടപടികളിൽ ഗുരുതരവീഴ്ചയുണ്ടായാൽ നിയമസഭയ്ക്ക് ഗവർണറെ പുറത്താക്കാൻ കഴിയുന്നതടക്കമുള്ള ഭേദഗതികള്‍ പരിഗണിക്കണമെന്നുള്‍പ്പെടെയുള്ള അഭിപ്രായങ്ങള്‍ കേരളം കേന്ദ്രത്തിനു നൽകും. കേന്ദ്ര‑സംസ്ഥാന ബന്ധങ്ങളിൽ വരേണ്ട മാറ്റങ്ങൾ സംബന്ധിച്ച് കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം സംസ്ഥാനങ്ങൾക്ക് നൽകിയ ചോദ്യാവലിയിലാണ് കേരളത്തിന്റെ ശുപാ­ർശ തയാറാക്കിയത്. കേന്ദ്രസർക്കാർ നിയോഗിച്ച റിട്ട. ജസ്റ്റിസ് മദൻ മോഹൻ പൂഞ്ചി കമ്മിഷന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട നിർദേശങ്ങളിൽ നിയമസെക്രട്ടറി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ അംഗീകരിച്ചിരുന്നു. എല്ലാ സംസ്ഥാനങ്ങളും നൽകുന്ന നിർദേശങ്ങൾ ക്രോഡീകരിച്ചാകും പൂഞ്ചി കമ്മിഷൻ കേന്ദ്ര സർക്കാരിന് ശുപാർശ നൽകുക. 

ഗവർണർ പദവിയുടെ അന്തസിനു യോജിക്കുന്ന ആളെ, സംസ്ഥാന സർക്കാരുമായി കൂടിയാലോചന നടത്തിവേണം നിയമിക്കാനെന്നതും പ്രധാന ശുപാർശയാണ്. ഭരണഘടനാ ലംഘനം കണ്ടെത്തുമ്പോഴോ ചാൻസലർ പദവിയിൽ വീഴ്ച വരുത്തുമ്പോഴോ ക്രിമിനൽ പ്രോസിക്യൂഷൻ നടപടികളിൽ വീഴ്ച വന്നാലോ നിയമസഭയ്ക്ക് ഗവർണറെ ഇംപീച്ച് ചെയ്യാൻ അധികാരം വേണം. നിയമസഭ ശുപാർശചെയ്യുന്ന ഘട്ടത്തിൽ രാഷ്ട്രപതിക്ക് ഗവർണറെ തിരിച്ചു വിളിക്കാനുള്ള അവസരം ഉണ്ടാകണം. ഇതിനായി ഭരണഘടനാ ഭേദഗതി അനിവാര്യമാണെന്നും ശുപാർശയിലുണ്ട്. 

ഗവർണറുടെ വിവേചനാധികാരം പരിമിതപ്പെടുത്തേണ്ടത് സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധത്തിന് അനിവാര്യമാണ്. മന്ത്രിസഭയും നിയമസഭയും പാസാക്കുന്ന ബില്ലുകളിൽ കാലവിളംബം കൂടാതെ അനുമതി ലഭ്യമാക്കാൻ കഴിയണം. സംസ്ഥാനവുമായി കൂടിയാലോചിച്ച് അനുമതിയോട് കൂടിയേ ക്രമസമാധാന പ്രശ്നങ്ങളിൽ കേന്ദ്ര സേനയെ ഗവർണർ ആവശ്യപ്പെടാൻ പാടുള്ളൂ. ഒരു സംസ്ഥാനത്തുനിന്നുള്ളവർക്ക് ആ സംസ്ഥാനത്തുനിന്നു മാത്രമേ രാജ്യസഭയിൽ എത്താൻ കഴിയൂവെന്നതടക്കമുള്ള പൂഞ്ചി കമ്മിഷന്റെ മറ്റു നിർദേശങ്ങളെ കേരളം എതിർക്കുകയും ചെയ്തു. 

Eng­lish Summary:Kerala in Punch­hi Com­mis­sion report
You may also like this video

Exit mobile version