Site iconSite icon Janayugom Online

കേരളം ക്വാര്‍ട്ടറില്‍; സന്തോഷ് ട്രോഫിയില്‍ ഒഡിഷയെ 2–0ന് തോല്പിച്ചു

ഹാട്രിക് ജയത്തോടെ സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഒഡിഷയ്ക്കെതിരെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് കേരളത്തിന്റെ ജയം. ബി ഗ്രൂപ്പില്‍ രണ്ടു കളികള്‍ ബാക്കി നില്‍ക്കെ ഒമ്പത് പോയിന്റ് നേടിയാണ് കേരളത്തിന്റെ ആധികാരിക ക്വാര്‍ട്ടര്‍ പ്രവേശനം. കേരളം ആദ്യ മത്സരത്തിൽ ഗോവയെ 4–3നും രണ്ടാം മത്സരത്തിൽ മേഘാലയയെ 1–0നും തോൽപ്പിച്ചിരുന്നു.

ഡെക്കന്‍ അരീന സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുപകുതികളിലുമായാണ് ഗോളുകള്‍ പിറന്നത്. ഒഡിഷ ആക്രമിച്ചു കളിച്ചെങ്കിലും തളരാതെ പിടിച്ചു നിന്നു പോരാടാന്‍ കേരളത്തിനായി. മിന്നും ഫോമില്‍ പന്തു തട്ടുന്ന മുഹമ്മദ് അജ്‌സല്‍ തുടരെ മൂന്നാം മത്സരത്തിലും കേരളത്തിനായി വല കുലുക്കി. 40-ാം മിനിറ്റില്‍ അജ്സലാണ് കേരളത്തെ മുന്നിലെത്തിച്ചത്. 

രണ്ടാം പകുതിയില്‍ 53-ാം മിനിറ്റില്‍ നസീബ് റഹ്മാനും കേരളത്തിനായി വല ചലിപ്പിച്ചു. താരത്തിന്റെ ടൂര്‍ണമെന്റിലെ രണ്ടാം ഗോളാണിത്. ക്യാപ്റ്റൻ ജി സഞ്ജുവിന്റെ നേത‍ൃത്വത്തിലുള്ള പ്രതിരോധ നിരയുടെ തകർപ്പൻ പ്രകടനമാണ് മത്സരത്തിലെ ശ്രദ്ധേയം. കേരളത്തിന് വിജയം സമ്മാനിച്ച സഞ്ജുവാണ് കളിയിലെ താരം.
ഈ മാസം 22ന് ഡല്‍ഹിയെയും 24ന് തമിഴ്‌നാടിനെയും കേരളം നേരിടും.

Exit mobile version