Site iconSite icon Janayugom Online

അധികാര വികേന്ദ്രീകരണത്തിൽ കേരളം ലോകത്തിന് മാതൃക: മന്ത്രി പി എ മുഹമ്മദ് റിയാസ്

അധികാര വികേന്ദ്രീകരണത്തിലും ജനകീയാസൂത്രണത്തിലും കേരളം ലോകത്തിന് മാതൃകയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നവീകരിച്ച ജില്ല പഞ്ചായത്ത് മീറ്റിംഗ് ഹാളിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസം, കൃഷി, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകളിലെ നേട്ടത്തിനാവശ്യമായ പദ്ധതികൾ കൃത്യമായി ത്രിതല പഞ്ചായത്തുകൾ വഴി നടപ്പിലാക്കുന്നുണ്ടെന്നും ഇതിൽ ജില്ലാ പഞ്ചായത്ത് വലിയ നേട്ടമാണ് കൈവരിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജില്ലാ പഞ്ചായത്തിന് തനതു വരുമാനത്തിൽ വന്ന വർദ്ധനവ്, മയക്കുമരുന്നിനെതിരെ കൊണ്ടുവന്ന മെഗാ ക്യാമ്പയി‍ൻ, നിർധന രോഗികൾക്കുള്ള സഹായം, ഭിന്നശേഷി-വയോജന ക്ഷേമം, മാലിന്യ സംസ്കരണം, നൈപുണി വികസനം എന്നിവയിലെല്ലാം ജില്ലാ പഞ്ചായത്ത് വിജയകരമായി നടപ്പിലാക്കിയ പദ്ധതികളെ മന്ത്രി അഭിനന്ദിച്ചു. 

പഞ്ചായത്ത് ഭരണ സമിതി യോഗങ്ങൾ, മറ്റ് ഔദ്യോഗിക യോഗങ്ങൾ എന്നിവയ്ക്കായി 1.51 കോടി രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്തിന്റെ നിലവിലുള്ള ഹാൾ ആധുനിക സജ്ജീകരണങ്ങളോടെ മീറ്റിംഗ് ഹാളാക്കി നവീകരിക്കുകയാണ് ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ വി റീന, നിഷ പുത്തൻപുരയിൽ, പി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ സുരേഷ് മാസ്റ്റർ, എം പി ശിവാനന്ദൻ, നാസർ എസ്റ്റേറ്റ്മുക്ക്, എൻ എം വിമല, തൊടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ പി ടി പ്രസാദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി ജി അജേഷ് തുടങ്ങിയവർ സംസാരിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എ എസ് ദിവ്യ റിപ്പോർട്ട് അവതരിപ്പിച്ചു. 

Exit mobile version