രാജ്യത്ത് കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാക്ഷരതയിലും വിദ്യാഭ്യാസത്തിലും സ്ത്രീശാക്തീകരണത്തിലും ഏറെ മുന്നിലാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പെരിയ കേരള കേന്ദ്ര സർവകലാശാലയിൽ അഞ്ചാമത് ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പഠനമേഖലയിൽ കേരളം മറ്റ് സംസ്ഥാനങ്ങളെക്കാൾ ഏറെ മുന്നിലാണ്. യുനെസ്കോയുടെ ഗ്ലോബൽ നെറ്റ് വർക്കിൽ കേരളത്തിൽ നിന്ന് തൃശൂരും നിലമ്പൂരും ഉൾപ്പെട്ടിട്ടുണ്ടെന്നും, കേരളത്തിൽ സാക്ഷരത വർധിപ്പിക്കാൻ പി എൻ പണിക്കർ അക്ഷീണം പ്രയത്നിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്കൂളുകളും, കോളജുകളും രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തുന്ന ശില്പശാലകളാണ്. വിദ്യകൊണ്ട് പ്രബുദ്ധരാവുകയെന്ന ശ്രീനാരായണഗുരുവിന്റെ വാക്കുകൾ ഏവർക്കും പ്രചോദനമാണെന്നും രാഷ്ട്രപതി പറഞ്ഞു.
മഹാകവി വള്ളത്തോളിന്റെ മാതൃവന്ദനം എന്ന കവിതയും പ്രഭാഷണത്തിൽ പരാമർശിച്ചു. ബിരുദം നേടിയ എല്ലാ വിദ്യാർത്ഥികളേയും അദ്ദേഹം അഭിനന്ദിച്ചു. പെരിയ തേജസ്വിനി ഹിൽസിൽ കാമ്പസിലെ പ്രത്യേകം തയാറാക്കിയ വേദിയിലാണ് ബിരുദദാന ചടങ്ങ് നടന്നത്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സംസ്ഥാന തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ എന്നിവർ സംബന്ധിച്ചു. രജിസ്ട്രാർ ഡോ. എൻ സന്തോഷ് കുമാർ, പരീക്ഷ കൺട്രോളർ ഡോ. എം മുരളീധരൻ നമ്പ്യാർ, സർവകലാശാല അംഗങ്ങൾ, ജീവനക്കാർ, ജനപ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായി. ഒഫീഷിയേറ്റിങ് വൈസ് ചാൻസലർ പ്രൊഫ. കെ സി ബൈജു സ്വാഗതം പറഞ്ഞു.
English summary; Kerala is at the forefront of literacy and women’s education
You may also like this video;