ഓണ്‍ലൈന്‍ നിക്ഷേപത്തട്ടിപ്പുകളുടെ കേന്ദ്രമായി കേരളം മാറുന്നുവെന്ന് മുംബൈ പൊലീസ്. നേരത്തെ ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍, പശ്ചിമബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലായിരുന്നു ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ ചേക്കേറിയിരുന്നത്. എന്നാല്‍ ആഴ്ചകള്‍ക്ക് മുന്‍പ് മുംബൈ ഘാട്ട്കോപ്പറില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ മുംബൈ സൈബര്‍ വിങ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ഉറവിടം എറണാകുളം ആണെന്ന് കണ്ടെത്തിയത്.
ഗിഫ്‌റ്റ് കാര്‍ഡ് വഴി ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത കേസായിരുന്നു ആദ്യത്തേത്. വെബ്‌സൈറ്റില്‍ പണം നിക്ഷേപിച്ചാല്‍ സ്വര്‍ണം നല്‍കാമെന്ന് വാഗ്‌ദാനം ചെയ്ത് 11 ലക്ഷം രൂപ നഷ്ടപ്പെട്ടതാണ് മറ്റൊരു കേസ്. ഘാട്ട്കോപ്പറിലെ പന്ത് നഗര്‍ പൊലീസ് സ്റ്റേഷനിലാണ് രണ്ട് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിന്റെ അന്വേഷണത്തിലാണ് കേരളം സൈബര്‍ ക്രൈം സ്പോട്ടായി മാറുന്നുവെന്നതിന്റെ സൂചനകള്‍ ലഭിച്ചതെന്ന് മുംബൈ പൊലീസിലെ സൈബര്‍ വിഭാഗം ഡിസിപി ഹേംരാജ് രജ്പുത് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ മൂന്ന് തവണ മുംബൈ പൊലീസ് കേരളത്തിലെത്തിയതായി ഡിസിപി വെളിപ്പെടുത്തി.
രാജ്യത്തിന്റെ ചില ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രത്യേക തരത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ അരങ്ങേറുന്നത്. നേരത്തേ നിക്ഷേപ തട്ടിപ്പുകളുടെ കേന്ദ്രം പശ്ചിമബംഗാളിലെ അസന്‍സോളും ബിഹാറിലെ മോട്ടിഹാരിയുമായിരുന്നു. ഈ വര്‍ഷം ഓഗസ്റ്റ് വരെ മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വ്യാജ വായ്പാ തട്ടിപ്പുകളുടെ എണ്ണം 92 ആണ്. ഇതിലൂടെ കോടികളാണ് നിക്ഷേപകര്‍ക്ക് നഷ്ടമാകുന്നത്. പശ്ചിമബംഗാള്‍ പോലെയുള്ള സംസ്ഥാനങ്ങളില്‍ വ്യാജ സിം കാര്‍ഡുകള്‍ ലഭിക്കുക എളുപ്പമായതിനാല്‍ തട്ടിപ്പിന്റെ ഉറവിടം കണ്ടെത്തുക പ്രയാസമാണ്. ഫോണ്‍കോളുകള്‍ കൂടുതലും വരുന്നത് കര്‍ണാടക നമ്പരുകളില്‍ നിന്നാണ്. ഇതിന്റെ തുടര്‍ച്ചയായുള്ള ഭീഷണിവിളികള്‍ വരുക നേപ്പാളില്‍ നിന്നുമാണെന്ന് മുംബൈ പൊലീസ് പറയുന്നു.
ഓണ്‍ലൈന്‍ വഴി ലൈംഗിക തട്ടിപ്പുകള്‍ അരങ്ങേറുന്നത് കൂടുതലും ഹരിയാന‑രാജസ്ഥാന്‍ അതിര്‍ത്തിയിലുള്ള മേവത് കേന്ദ്രമാക്കിയാണ്. സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങള്‍ വീഡിയോ ക്ലിപ്പായി അയച്ചുകൊടുത്തശേഷം ഇത് കാണുന്നവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് തട്ടിപ്പിനിരയാക്കുന്നത്. ഇത്തരത്തിലുള്ള 61 കേസുകള്‍ മുംബൈ പൊലീസ് ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാജ സ്കീമുകളിലൂടെ പണം നല്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്നവരുടെ കേന്ദ്രം ഡല്‍ഹിയിലെ നോയിഡയാണ്.
വൈദ്യുതിബന്ധം വിച്ഛേദിക്കുമെന്ന് കാട്ടി ഓണ്‍ലൈനിലൂടെ പണം പിടുങ്ങുന്ന സംഘങ്ങളും വര്‍ദ്ധിച്ചിട്ടുണ്ട്. ഝാര്‍ഖണ്ഡ് കേന്ദ്രമാക്കിയാണ് ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ പ്രവര്‍ത്തനം. വ്യാജ സിം കാര്‍ഡുകളും വ്യാജ ഐഡികളും തട്ടിപ്പിനുതകുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും യഥേഷ്ടം ലഭ്യമാക്കാന്‍ കഴിയുന്ന സ്ഥലങ്ങളാണ് സൈബര്‍ ക്രിമിനലുകള്‍ താവളമാക്കുന്നത്. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രാദേശിക ഭരണകൂടങ്ങള്‍ ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്നുണ്ട്.
ഝാര്‍ഖണ്ഡിലെ ജംതാര എന്ന സ്ഥലമാണ് ഇന്ത്യയിലെ ആദ്യ സൈബര്‍ ക്രൈം ഹബ് എന്നറിയപ്പെടുന്നത്. ഓണ്‍ലൈന്‍ പണം തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി സംഘങ്ങള്‍ ഇവിടം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്നു. പൊലീസിന്റെയും പ്രാദേശിക രാഷ്ട്രീയക്കാരുടെയും ഒത്താശയോടെയായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഒടുവില്‍ സംസ്ഥാന ഭരണകൂടം കര്‍ശന നടപടി സ്വീകരിച്ചതോടെ സംഘങ്ങള്‍ ഒന്നായി ഇവിടം വിട്ട് ഡല്‍ഹിയിലേക്കും ഹരിയാനയിലേക്കും ചേക്കേറി. ജംതാര പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലംമാറ്റിയതോടെയാണ് പേരുദോഷം വിട്ടകന്നത്. ഇതിനെ അവലംബിച്ച് നെറ്റ്‌ഫ്ലിക്സില്‍ പ്രദര്‍ശിപ്പിച്ച ‘ജംതാര- സബ്കാ നമ്പര്‍ ആയേഗ’ എന്ന സീരീസ് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
English Summary: Kerala is becoming a hub for online investment scams
You may like this video also