Site icon Janayugom Online

കേരളത്തിന് അഭിമാനം: കൊച്ചി മെട്രോ ഒന്നാം ഘട്ടം പൂർത്തിയായി

കേരളത്തിന് അഭിമാനമായി കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം പൂർത്തിയായി. നാടിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ ആലുവ മുതൽ തൃപ്പൂണിത്തുറ പേട്ട വരെ നിശ്ചയിച്ച ഒന്നാം ഘട്ടം പിന്നീട് തൃപ്പൂണിത്തുറ വരെ നീട്ടുകയായിരുന്നു. അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് രാവിലെ 10ന് കൊൽക്കത്തയിൽ നിന്ന് ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യുന്നതോടു കൂടി തൃപ്പൂണിത്തുറ രാജനഗരിയിൽ നിന്നും ആദ്യ മെട്രോ ആലുവയ്ക്ക് കുതിക്കും. നിരവധി പ്രതിസന്ധികൾക്കിടയിലും ഒരു ബൃഹത്തായ പദ്ധതി വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കാൻ എൽഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് കഴിഞ്ഞുവെന്നത് അഭിമാന നേട്ടമാണ്. ഏറെ ഗതാഗത തിരക്കുള്ള കൊച്ചിയിൽ ബസ്, ഓട്ടോ, ബോട്ട് ഗതാഗതത്തെ മെട്രോ സ്റ്റേഷനുകളുമായി ബന്ധപ്പെടുത്തിയുള്ള പൊതുഗതാഗത സംവിധാനത്തിന്റെ ഏകോപനവും പൂർണമായാൽ യാത്രാപഥങ്ങളിൽ ഇതൊരു പുത്തൻ ശൈലിയായി നാടിനാകെ മാതൃകയാകും.

1999ൽ ഇ കെ നായനാർ മന്ത്രിസഭയുടെ കാലത്താണ് കൊച്ചി മെട്രോ എന്ന ആശയം മുന്നോട്ട് വന്നത്. ഇതിനായി സാധ്യതാ പഠനം നടത്തുകയും ചെയ്തു. 2004ൽ യുഡിഎഫ് സർക്കാർ പദ്ധതിക്ക് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയെങ്കിലും സ്വകാര്യപങ്കാളിത്തത്തോടെ നിർമ്മിക്കണമെന്ന നിർദേശത്തോടെ കേന്ദ്ര സർക്കാർ പദ്ധതിയെ എതിർക്കുകയായിരുന്നു. പിന്നീട് 2007ഫെബ്രുവരി 28 ന് കൊച്ചി മെട്രോ റെയിൽ പദ്ധതിക്ക് വിഎസ് അച്യുതാനന്ദൻ മന്ത്രിസഭ അംഗീകാരം നൽകി. 2012 സെപ്റ്റംബർ 13 ന് പ്രധാനമന്ത്രി മൻമോഹൻ സിങ് തറക്കല്ലിട്ടു.

2016 ജനുവരി 23 ന് തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങളോടെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ആദ്യ പരീക്ഷണ ഓട്ടം ഫ്ലാഗ് ഓഫ് ചെയ്തുവെങ്കിലും ആലുവ മുതൽ പാലാരിവട്ടം വരെ നിർമ്മാണം പൂർത്തിയാക്കിയ ആദ്യ ഘട്ടം 2017 ജൂൺ 17ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തത്. ഡൽഹി മെട്രോ റെയില്‍ കോര്‍പറേഷ (ഡിഎംആർസി) നാണ് ഇ ശ്രീധരന്റെ മേൽനോട്ടത്തിൽ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. സംസ്ഥാന സർക്കാരും കേന്ദ്ര നഗര വികസന മന്ത്രാലയവും സംയുക്തമായി രൂപവൽക്കരിച്ച കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ ) ആണ് കൊച്ചി മെട്രോയുടെ ചുമതല നിർവ്വഹിക്കുന്നത്.

ആദ്യം ആലുവയിൽ നിന്നും പാലാരിവട്ടം വരെയാണ് സർവീസ് ആരംഭിച്ചത്. പിന്നീട് മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയും തുടർന്ന് തൈക്കൂടം, പേട്ട, എസ് എൻ ജങ്ഷൻ വരെ നീണ്ടു. ഇന്ന് മുതൽ ആലുവയിൽ നിന്നും തൃപ്പുണിത്തുറ വരെ കൊച്ചി മെട്രോ സർവീസ് ആരംഭിക്കുകയാണ്.
ഒന്നാം ഘട്ട നിർമ്മാണത്തിനും മറ്റുമായി ആകെ ചെലവായത് 7377.40 കോടി രൂപയാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിഹിതവും വായ്പയും കണ്ടെത്തിയാണ് പദ്ധതി പൂർത്തിയാക്കിയിട്ടുള്ളത്. പ്രതിദിന യാത്രക്കാരുടെ എണ്ണം ശരാശരി ഒരു ലക്ഷം ആകുമെന്നാണ് കെഎംആർഎൽ കരുതുന്നത്. ഇതുവരെ കൊച്ചി മെട്രോയിൽ പത്തുകോടിയിലേറെ ആളുകളാണ് യാത്ര ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം 40 ദിവസം മെട്രോക്ക് ഒരു ലക്ഷത്തിലേറെ യാത്രക്കാർ ഉണ്ടായിരുന്നു.

28.125 കിലോമീറ്റർ ദൈർഘ്യം

ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റർ ദൈർഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം. ആലുവ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ വരെ 75 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാൽ നിലവിൽ ആലുവ‑എസ്എൻ ജങ്ഷൻ യാത്രാ നിരക്കായ 60 രൂപ തന്നെയായിരിക്കും ആലുവ‑തൃപ്പൂണിത്തുറ നിരക്ക്.

രണ്ടാം ഘട്ടത്തില്‍ 11 സ്റ്റേഷനുകള്‍

കൊച്ചി മെട്രൊ റെയിൽ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്ന പാലാരിവട്ടം ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോ പാർക്ക് വരെയുള്ള പിങ്ക് ലൈൻ റൂട്ടിന്റെ നിർമ്മാണം രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കും. 11 സ്റ്റേഷനുകളാണ് ഈ ഘട്ടത്തിലുള്ളത്. സ്റ്റേഷനുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലത്തിന്റെ 45 ശതമാനം ഏറ്റെടുത്തു കഴിഞ്ഞു. സിവിൽ ലെയ്ൻ റോഡിന്റെയും സീപോർട്ട് എയർപോർട്ട് റോഡിന്റെയും വീതികൂട്ടൽ പുരോഗമിക്കുകയാണ്. മൂന്നാം ഘട്ടം ലിങ്ക് ലൈൻ ആലുവയിൽ നിന്ന് അങ്കമാലിക്ക് നിർമ്മിക്കും. അത്താണിയിൽ നിന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ലിങ്ക് റൂട്ട് സഹിതമാണ് ഈ ഘട്ടം ആസൂത്രണം ചെയ്യുന്നത്. വിമാനത്താവളത്തിൽ ഭൂഗർഭ സ്‌റ്റേഷനും ആസൂത്രണം ചെയ്തിട്ടുണ്ട്.

Eng­lish Summary:
You may also like this video

Exit mobile version