Site iconSite icon Janayugom Online

ടൂറിസം രംഗത്ത് സ്ത്രീപക്ഷ വിപ്ലവത്തിനൊരുങ്ങി കേരളം

സ്ത്രീ സൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങളും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ട് വിനോദ സഞ്ചാരമേഖലയില്‍ സ്ത്രീപക്ഷ വിപ്ലവത്തിനൊരുങ്ങി കേരളം. തനിച്ചും ഗ്രൂപ്പുകളായും സ്ത്രീകള്‍ യാത്ര ചെയ്യുന്നത് ടൂറിസം മേഖലയിലെ പുതിയ ട്രെന്‍ഡായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് ടൂറിസം വകുപ്പിന്റെ പദ്ധതി.
കേരളത്തിലെവിടെയും സ്ത്രീകൾക്ക് ചുറ്റിയടിച്ചു കറങ്ങാൻ സ്ത്രീസൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങളൊരുക്കുവാന്‍ ഉത്തരവാദിത്ത ടൂറിസം മിഷനാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. 2025 ഡിസംബറോടെ സംസ്ഥാനത്തെ സ്ത്രീ സൗഹൃദ വിനോദസഞ്ചാര കേന്ദ്രമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കാന്തല്ലൂർ, കുമരകം, പെരുമ്പളം, കടലുണ്ടി, കനകക്കുന്ന് കൊട്ടാരം എന്നീ കേന്ദ്രങ്ങളിൽ ജെൻഡർ ഓഡിറ്റിങ് പൂർത്തിയാക്കി. 12 ടൂറിസം കേന്ദ്രങ്ങളിൽകൂടി ഓഡിറ്റിങ് നടത്തും. ലോകത്തുതന്നെ ആദ്യമായാണ് ടൂറിസം മേഖലയിൽ ജെൻഡർ ഓഡിറ്റിങ് നടക്കുന്നത്.

78 കേന്ദ്രങ്ങളിൽ വിമൻസ് ഓൺലി ടൂറിസം സാധ്യതാപഠനം നടത്തിയാണ് ജെൻഡർ ഓഡിറ്റിങ്ങിലേക്ക് പ്രവേശിച്ചത്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കണ്ടെത്തിയ സ്ഥലങ്ങളിൽ അതു നികത്തും. ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ യുഎന്‍ വിമണ്‍ ഇന്ത്യയും പദ്ധതിയില്‍ കൈകോര്‍ക്കുന്നു. ഒന്നരവർഷം മുമ്പ് ആരംഭിച്ച പദ്ധതിയിലൂടെ ഒന്നര ലക്ഷം വനിതകളുടെ ഒരു ട്രാവല്‍ നെറ്റ്‌വര്‍ക്കാണ് രൂപപ്പെടുന്നത്. 

ഇന്ത്യയിൽ ആദ്യമായാണ് സ്ത്രീ സൗഹൃദ വിനോദസഞ്ചാര പദ്ധതി നടപ്പാക്കുന്നത്. യാത്രാ സൗകര്യങ്ങൾ, റസ്റ്റോറന്റ്, വീട്ടിലെ ഭക്ഷണം, കരകൗശലം, സുവനീർ തുടങ്ങിയവയിൽ 3,200 പേരുടെ പരിശീലനം പൂർത്തിയായി. നിലവിൽ 52 വിമൺ ടൂർ ഓപ്പറേറ്റർമാരുണ്ട്. അവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒന്നരവർഷത്തിനിടെ കേരളത്തിനകത്തുമാത്രം 38,000 വനിതകൾ യാത്ര ചെയ്തു. കേരളത്തിനു പുറത്തേക്കും യാത്രകൾ സംഘടിപ്പിക്കുന്നുണ്ട്.
17,830 വനിതാ യൂണിറ്റുകളാണ് ഉത്തരവാദിത്ത ഭൂറിസം മിഷന്റെ കീഴിൽ കേരളത്തിലുള്ളത്. വനിതാ സംഘങ്ങള്‍ നയിക്കുന്ന ഹോം സ്റ്റേകളും ഫാം ടൂറിസം കേന്ദ്രങ്ങളും ഇതിന്റെ ഭാഗമാണ്. നിലവിൽ 18,000ത്തിലധികം വനിതകളുടെ ശൃംഖലയാണ് രൂപപ്പെട്ടിട്ടുള്ളത്. കേരളത്തിൽ 18 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. 50 സ്ഥലങ്ങളിൽകൂടി ആരംഭിക്കാനുള്ള പരിശീലനം ജനുവരിയിൽ നടക്കും. 

Ker­ala is ready for a wom­en’s rev­o­lu­tion in the field of tourism

Exit mobile version