Site iconSite icon Janayugom Online

യൂണിക് തണ്ടപ്പേർ സംവിധാനം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം

രാജ്യത്ത് യൂണിക് തണ്ടപ്പേർ സംവിധാനം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി. യൂണിക് തണ്ടപ്പേർ സംവിധാനം നടപ്പിലാക്കുന്നതോടു കൂടി ഒരു പൗരന് സംസ്ഥാനത്തുള്ള എല്ലാ ഭൂമിക്കും 13 അക്കങ്ങളുള്ള ഒറ്റ തണ്ടപ്പേരായിരിക്കും ഉണ്ടാവുക. കേരളത്തിലെ ഭൂമി സംബന്ധമായ വിവരങ്ങൾ ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചു. സംസ്ഥാനത്ത് യൂണിക് തണ്ടപ്പേർ സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഭൂമി വിവരങ്ങളും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഓഗസ്റ്റ് 23ന് കേന്ദ്രസർക്കാരിന്റെ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ അനുമതി ലഭ്യമായിരുന്നു. തുടർന്നാണ് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്.

മികവിന്റെ പാതയില്‍ റവന്യു വകുപ്പ്

റവന്യു വകുപ്പിന്റെ സമഗ്രമായ പരിഷ്ക്കരണം ലക്ഷ്യമിട്ട് മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ വിഷൻ ആന്റ് മിഷൻ 2021–26 എന്ന പദ്ധതി ആവിഷ്കരിച്ച് ഭാവനാപൂർണമായ പദ്ധതികളുമായി മുന്നോട്ടു പോവുകയാണ് റവന്യു വകുപ്പ്. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. ഈ ലക്ഷ്യം പൂർത്തിയാക്കുന്നതിനായി വിപുലമായ പ്രവർത്തന പരിപാടികളാണ് റവന്യു വകുപ്പിൽ ആവിഷ്ക്കരിച്ചിട്ടുള്ളത്.
സർക്കാരിന്റെ 100 ദിനം പൂർത്തിയാകുമ്പോൾ 12,000 പട്ടയങ്ങൾ നൽകാൻ സർക്കാർ നിശ്ചയിച്ചിരുന്നെങ്കിലും റവന്യു വകുപ്പിന്റെ മികവാർന്ന പ്രവർത്തനങ്ങളെ തുടർന്ന് 13,534 പട്ടയങ്ങൾ നൽകാൻ കഴിഞ്ഞതും നേട്ടമായി. സംസ്ഥാനത്തുള്ള എല്ലാ വില്ലേജുകളിലും ലഭ്യമായ ഭൂമി പട്ടയ അപേക്ഷകൾ, അവ വിതരണം ചെയ്യുന്നതിനുള്ള തടസം, ഭൂരഹിതരുടെ വിവരം എന്നിവയുടെ ഒരു ഡാഷ്ബോർഡ് തയാറാക്കുന്നത് അന്തിമഘട്ടത്തിലാണ്.

എല്ലാ റവന്യു സേവനങ്ങളും സ്മാർട്ട് ആകുന്നതിന്റെ ഭാഗമായി അടിസ്ഥാന ഭൂനികുതി ഒടുക്കുന്നതിനുള്ള പോർട്ടൽ നവീകരണം, മൊബൈൽ ആപ്ലിക്കേഷൻ, ഭൂമി തരം മാറ്റം ഓൺലൈൻ ആയി അപേക്ഷിക്കാനുള്ള മൊഡ്യൂൾ, എഫ്എംബി, തണ്ടപ്പേർ എക്സ്ട്രാക്ട്, ലൊക്കേഷൻ സ്കെച്ച് എന്നിവ ഓൺലൈനായി ലഭ്യമാക്കാനുള്ള മൊഡ്യൂൾ എന്നിവ തയാറായിട്ടുണ്ട്. എല്ലാ ഭൂമിക്കും രേഖ എന്ന ആശയം മുൻനിർത്തി സംസ്ഥാനത്തുള്ള ഡിജിറ്റൽ റീസർവെ ചെയ്യുവാനുള്ള നടപടികൾക്കായി 807.98 കോടി രൂപ ആർകെഐ മുഖേന അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് ആകെയുള്ള 1,666 വില്ലേജുകളിൽ 909 വില്ലേജുകളുടെ റീസർവെ പൂർത്തിയായിട്ടുണ്ട്. നൂറോളം വില്ലേജുകളിൽ ഡിജിറ്റൽ സർവെ പൂർത്തിയാവുകയാണ്. ബാക്കിയുള്ള വില്ലേജുകളിൽ നൂതന സർവെ സാങ്കേതിക വിദ്യകളായ കോർസ്, ആർടികെ, ഡ്രോൺ, ഡിജിപിഎസ്, ഇടിഎസ് എന്നീ ഉപകരണങ്ങളുടെ സഹായത്തോടെ ഡിജിറ്റൽ സർവെ പൂർത്തിയാക്കും. ഈ പദ്ധതിയുടെ നടത്തിപ്പിന്റെ ആദ്യഘട്ടത്തിനായി 339.48 കോടി രൂപ ഉൾപ്പെടെ ആകെ 807.98 കോടി രൂപയ്ക്കു ഭരണാനുമതി നൽകി. നാലു വർഷംകൊണ്ട് പദ്ധതി പൂർത്തീകരിക്കുകയാണ് റവന്യു വകുപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

 

വിരലടയാളം മതി: ഭൂരേഖകള്‍ ലഭിക്കും

 

eng­lish summary;Kerala is the first state to imple­ment thundaperu
you may also like this video;

Exit mobile version