Site iconSite icon Janayugom Online

രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനം കേരളം; ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

ആരോഗ്യരംഗത്ത് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനം കേരളമാണെന്ന് ബഡ്ജറ്റ് അവതരണത്തിനിടെ ധനമന്ത്രി. എല്ലാ ജില്ലാ, താലൂക്ക് ആശുപത്രികളിലും സ്ട്രോക്ക്, ഡയാലിസിസ് യൂണിറ്റുകളുള്ള ഏക സംസ്ഥാനമാണ് കേരളം. പൊതുജനാരോഗ്യത്തിനായി 2915 കോടി രൂപയാണ് ഇത്തവണ ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. 105 ഡയാലിസ് യൂണിറ്റുകള്‍ക്കായി 13.98 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഡയാലിസിസ് യൂണിറ്റുകള്‍ ഇല്ലാത്ത എല്ലാ ജില്ലാ, താലൂക്ക്, ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രികളിലും യൂണിറ്റുകള്‍ ആരംഭിക്കും. 

ആരോഗ്യരംഗത്തെ സേവനങ്ങള്‍ വിപുലീകരിക്കുന്നതിനായി ഒട്ടേറെ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പക്ഷാഘാതം, രക്താതിമര്‍ദ്ദം തുടങ്ങിയ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന ദരിദ്ര കുടുംബങ്ങളിലെ രോഗികള്‍ക്ക് റഫറല്‍ ആശുപത്രികളില്‍ പ്രത്യേക ചികിത്സ ഉറപ്പാക്കും. ഇതിന്റെ ഭാഗമായി കാത്ത് ലാബ് സ്ഥാപിക്കുന്നതിന് 45 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായിരിക്കും ലാബുകള്‍ സ്ഥാപിക്കുക. 

കൊച്ചി ക്യാന്‍സര്‍ സെന്ററിന് 18 കോടിയും ആര്‍സിസിയ്ക്ക് 7 കോടി രൂപയും മലബാര്‍ ക്യാന്‍സര്‍ സെന്ററിന് 35 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. തൃശ്ശൂര്‍, കോഴിക്കാട്, കോട്ടയം മെഡിക്കല്‍ കോളേജുകളില്‍ ഓങ്കോളജി ഉപകരണങ്ങള്‍ വാങ്ങുന്നതിന് 20 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഹോമിയോ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 23.54 കോടിയും ആയുര്‍വേദമെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിന്റെ വിവിധ പദ്ധതികള്‍ക്ക് 43.72 കോടിയും അനുവദിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജില്‍ മജ്ജ മാറ്റിവെയ്ക്കല്‍ സൗകര്യം ഒരുക്കുന്നതിനായുള്ള പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Exit mobile version