കണ്ണും കാതുമടച്ചില്ല. മണവാട്ടിയെയും തോഴിമാരെയും ഹൃദയത്തിലേറ്റുവാങ്ങി ആസ്വാദക സദസ്. പ്രധാനവേദിയായ ആവണിപാടത്ത് ( വിക്രംമൈതാനിയിൽ) ഇന്നലെ ഉച്ചതിരിഞ്ഞ് നടന്ന ഹൈസ്കൂൾ വിഭാഗം ഒപ്പനമത്സരത്തിന് നേരിട്ട് സാക്ഷികളായത് പതിനായിരത്തിൽ അധികം കാണികൾ. മത്സരത്തിന് മുൻപേ തന്നെ സദസ് നിറഞ്ഞുകവിഞ്ഞിരുന്നു. കലോത്സവ വേദികളിലെ സ്ഥിരം ഗ്ലാമർ ഇനമായ ഒപ്പനയ്ക്ക് മലബാറിന്റെ മണ്ണിൽ ആവേശം ഒട്ടും കുറയില്ലെന്ന് ഒരിക്കൽകൂടി അടിവരയിടുന്നതായിരുന്നു സദസിന്റെ പ്രതികരണം. 26 ടീമുകൾ മാറ്റുരച്ച ഒപ്പന മത്സരം രാത്രി വൈകിയാണ് അവസാനിച്ചത്.
നബി തങ്ങളുടെയും ഖദീജ ബീവിയുടെയും കല്ല്യാണക്കഥയാണ് സദസ് കീഴടക്കിയത്. പട്ടുചുറ്റി അണിഞ്ഞൊരുങ്ങി മണവാട്ടിയും തോഴികളുമെത്തി കൈകൊട്ടി പാടുമ്പോൾ ഒപ്പം സദസും ആനന്ദത്തിലാറാടി. താളത്തിനൊത്തുയരുന്ന ആവേശം ജ്വലിപ്പിച്ചാണ് ഓരോ ടീമും വേദി വിട്ടത്. ഒപ്പനയെന്ന കലാരൂപത്തിനെ നെഞ്ചിലേറ്റുവാങ്ങിയവരുടെ മണ്ണുകൂടിയാണ് കോഴിക്കോട്. അതുകൊണ്ടുതന്നെ മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ജില്ലകളിൽ നിന്നെത്തിയ ടീമുകൾ ഉയര്‍ന്ന നിലവാരം പുലർത്തിയെന്ന് ആസ്വാദകർ അഭിപ്രായപ്പെട്ടു.
കോഴിക്കോട് ജില്ലയിൽ നിന്ന് മാത്രം മൂന്ന് ടീമുകളാണ് വേദിയിൽ മാറ്റുരച്ചത്. മലബാർ ജില്ലകളിലെ ജില്ലാ കലോത്സവത്തിനെത്തിയ ടീമുകളുടെ നിലവാരം പോലും മറ്റു ജില്ലകളിൽ നിന്നെത്തിയ ടീമുകൾ പുലർത്തിയില്ലെന്നും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ടായിരുന്നു. തനത് വേഷവിതാനങ്ങളാണ് ടീമുകളിൽ ഏറെയും തെരഞ്ഞെടുത്തത്. എന്നാൽ രണ്ടോ മൂന്നോ ടീമുകൾ പതിവ് ശൈലയിൽ നിന്നുള്ള വേഷം മാറ്റി കൂടുതൽ വര്‍ണപ്പകിട്ടോടെ വേദിയിൽ അവതരിച്ചു.
English Summary: kerala kalolsavam 2023
You may also like this video