Site icon Janayugom Online

കേരള മഹിളാസംഘം സംസ്ഥാന സമ്മേളനം; പ്രതിനിധി സമ്മേളനത്തിന് തുടക്കം

നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൺ (എൻഎഫ്ഐഡബ്ല്യു) കേരള ഘടകമായ കേരള മഹിളാസംഘം 16-ാം സംസ്ഥാന പ്രതിനിധി സമ്മേളനം ആരംഭിച്ചു. ദേശീയ സെക്രട്ടറി നിഷ സിദ്ധു ഉദ്ഘാടനം ചെയ്തു. സ്വേച്ഛാധിപത്യപരമായ ഭരണമാണ് രാജ്യത്ത് നടക്കുന്നതെന്നും മോഡി സർക്കാരിനെതിരെ പ്രതിപക്ഷ ഐക്യനിര രൂപപ്പെട്ടതിൽ വിറളി പൂണ്ടാണ് ഇന്ത്യ എന്ന പേരിന് പകരം ഭാരത് എന്നാക്കാൻ ശ്രമം നടത്തുന്നതെന്നും അവര്‍ പറഞ്ഞു. ഭാരത് എന്നാക്കിയാൽ മോഡി സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യയ്ക്കും ഡിജിറ്റൽ ഇന്ത്യ എന്ന പേരിലുള്ള പദ്ധതികൾക്കും എന്ത് സംഭവിക്കുമെന്ന് ബിജെപി വ്യക്തമാക്കണമെന്നും നിഷ സിദ്ധു പറഞ്ഞു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഓൺലൈനായി മുഖ്യപ്രഭാഷണം നടത്തി. രാജ്യത്ത് പുതിയ സാമ്പത്തിക നയങ്ങൾ നടപ്പിലാക്കുമ്പോൾ ആഗോളീകരണത്തിന്റെ ഇരകളായി മാറുന്നത് സ്ത്രീകളാണ്. സമൂഹം ഇപ്പോഴും പുരുഷ കേന്ദ്രീകൃതമാണ്. സ്ത്രീകൾ പോരാട്ടങ്ങളിലൂടെ അതിനെ മറികടക്കണം. സാമൂഹിക മാറ്റത്തിനായുള്ള പോരാട്ടങ്ങളിൽ മഹിളാസംഘത്തിന്റെ പങ്ക് എടുത്തുപറയേണ്ടതാണ്. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നിരവധി പോരാട്ടങ്ങളാണ് നാം നടത്തിയത്.

എന്നാൽ ലിംഗസമത്വവും അവസര സമത്വവുമെല്ലാം ഇന്നും സ്വപ്നമായി തുടരുന്നു. പോരാട്ടങ്ങളിലൂടെയും സമരങ്ങളിലൂടെയും സ്ത്രീ സമൂഹത്തിന്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് കേരള മഹിളാസംഘത്തിന് കഴിയുമെന്നും കാനം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ജെ ചിഞ്ചു റാണി അധ്യക്ഷത വഹിച്ചു. ഇന്ന് രാവിലെ 10 മുതൽ പ്രതിനിധി സമ്മേളനം തുടരും. വൈകിട്ട് അഞ്ചിന് തെക്കേഗോപുര നടയിൽ നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സമ്മേളനം ടീസ്ത സെതൽവാദ് ഉദ്ഘാടനം ചെയ്യും. റവന്യൂമന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും.

Eng­lish Summary:Kerala Mahi­lasang­ham State Con­fer­ence; The del­e­ga­tion begins
You may also like this video

Exit mobile version