അടുത്ത ബജറ്റില്‍ 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേരളം. കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ ബജറ്റിന് മുന്നോടിയായി വിളിച്ചുചേർത്ത സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് മന്ത്രി കെ എൻ ബാലഗോപാൽ ഈ ആവശ്യം ഉന്നയിച്ചത്. മനുഷ്യവിഭവ വികസനം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ, സ്റ്റാർട്ടപ്പ്, നൂതനത്വം തുടങ്ങിയ മേഖലയിൽ രാജ്യത്തിന് അഭിമാനകരമായ നിലയിലുള്ള നേട്ടങ്ങൾ കേരളത്തിനുണ്ട്. അവ നിലനിർത്തുന്നതിനും കൂടുതൽ മുന്നേറുന്നതിനും സാധിക്കുന്ന സാമ്പത്തിക സഹായം ആവശ്യമാണ്. നിലവിലെ സാമ്പത്തിക പ്രയാസങ്ങള്‍ മറികടക്കാൻ രണണ്ടുവർഷ കാലയളവിലെ പ്രത്യേക സാമ്പത്തിക സഹായമാണ് കേരളം തേടിയത്.
കോവിഡ് ആഘാതത്തിൽനിന്ന് കരകയറാനുള്ള ശ്രമങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പല നയങ്ങളും നടപടികളും തടസമാകുന്നു. സംസ്ഥാനത്തിന് നിയമപ്രകാരം അർഹതപ്പെട്ട പരിധയിലുള്ള വായ്‌പ പോലും എടുക്കാൻ അനുവാദം ലഭിക്കാത്ത സ്ഥിതിയാണുള്ളത്. പബ്ലിക് അക്കൗണ്ടിലെ തുകയും സർക്കാർ സ്ഥാപനങ്ങൾ എടുക്കുന്ന വായ്‌പയും കടമെടുപ്പ് പരിധിയിൽപ്പെടുത്തി, വായ്‌പാനുവാദം വെട്ടിക്കുറയ്ക്കുന്നു. ഇതുമൂലം ഈവർഷവും അടുത്തവർഷവും 5,710 കോടി രൂപ വീതമാണ് വായ്‌പയിൽ കുറയുന്നത്.
കിഫ്‌ബിയുടെയും പെൻഷൻ കമ്പനിയുടെയും മുൻകാല കടങ്ങളെ ഈവർഷത്തെയും അടുത്തവർഷത്തെയും വായ്‌പാനുവാദത്തിൽനിന്ന് കുറയ്ക്കുകയെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ഈ തീരുമാനം പുനഃപരിശോധിക്കണം. ദേശീയപാതാ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കലിന്റെ ചെലവിന്റെ 25 ശതമാനമായ ഏതാണ്ട് 6,000 കോടി രൂപ നൽകേണ്ടിവന്ന ഏക സംസ്ഥാനം കേരളമാണെന്നും മന്ത്രി ബാലഗോപാൽ ചൂണ്ടിക്കാട്ടി. ഇതിന് തുല്യമായ തുക ഈവർഷം ഉപാധിരഹിതമായി കടമെടുക്കാൻ അനുവദിക്കണം.
പത്താം ധനകാര്യ കമ്മിഷൻ ശുപാർശ ചെയ്ത 3.875 ശതമാനം കേന്ദ്ര നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മിഷൻ 1.92 ശതമാനമായി വെട്ടിച്ചുരുക്കിയതിലൂടെ സംസ്ഥാന വരുമാനത്തിൽ വലിയ കുറവുണ്ടായി. ജിഎസ്‌ടി നഷ്ടപരിഹാരം വെട്ടിക്കുറച്ചതും, റവന്യു കമ്മി ഗ്രാന്റ് അവസാനിക്കുന്നതും കടം എടുക്കുന്നത് വെട്ടിക്കുറച്ചതും സംസ്ഥാനത്തിന് വലിയ സാമ്പത്തിക പ്രയാസങ്ങൾ സൃഷ്ടിക്കുന്നു. പ്രത്യേക പാക്കേജ് തീരുമാനത്തിനായി ഇവയെല്ലാം പരിഗണിക്കണം. ഈവർഷത്തെ കടമെടുപ്പ് പരിധി ജിഎസ്‌ഡിപിയുടെ മൂന്നര ശതമാനമായി ഉയർത്തണം. ഉപാധിരഹിത കടമെടുപ്പ് അനുവാദവും ഉറപ്പാക്കണം. ജിഎസ്‌ടിയിലെ കേന്ദ്ര–സംസ്ഥാന പങ്കുവയ്ക്കൽ അനുപാതം നിലവിലെ 60:40 എന്നത് 50:50 ആയി പുനർനിർണയിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ വികസനത്തിന് കേന്ദ്ര ബജറ്റിൽ 5000 കോടി രൂപയുടെ ‘വിസിൽ പാക്കേജ്’ പ്രഖ്യാപിക്കണം, സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതികള്‍ ലഭ്യമാക്കണം, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം നിലവിലെ 60 ശതമാനത്തിൽനിന്ന് 75 ശതമാനമായി ഉയർത്തണം തുടങ്ങിയ ആവശ്യങ്ങളും കേരളം മുന്നോട്ടുവച്ചിട്ടുണ്ട്.
English Summary:Kerala needs a special package of Rs 24,000 crore; Borrowing limit should be raised: Minister KN Balagopal
You may also like this video