Site iconSite icon Janayugom Online

കേരളം-ഒഡിഷ പോരാട്ടം; സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്റിന് ഇന്ന് തുടക്കം

സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്റിന് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ ഒഡിഷയാണ് കേരളത്തിന്റെ എതിരാളി. ഒഡിഷയ്ക്ക് പുറമെ റെയിൽവേ, ഛത്തീസ്ഗഢ്, വിദർഭ, മുംബൈ, ആന്ധ്ര, അസം എന്നീ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലാണ് കേരളം സ്ഥാനം പിടിച്ചിട്ടുള്ളത്. ലഖ്നൗ ആണ് എ ഗ്രൂപ്പിലെ മത്സരങ്ങളുടെ വേദി. ആകെ നാല് ഗ്രൂപ്പുകളായാണ് മത്സരങ്ങൾ നടക്കുന്നത്. ഡിസംബർ 18നാണ് ഫൈനൽ.

സഞ്ജു സാംസണിന്റെ നേതൃത്വത്തിൽ കരുത്തുറ്റൊരു ടീമുമായാണ് കേരളം ഇത്തവണ കളിക്കാനിറങ്ങുന്നത്. യുവത്വവും പരിചയസമ്പത്തും സമന്വയിക്കുന്ന ടീമിൽ കെസിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളെയും ഉൾപ്പെടുത്തിട്ടുണ്ട്. യുവതാരം അഹ്മദ് ഇമ്രാനാണ് വൈസ് ക്യാപ്റ്റൻ. സഞ്ജുവിനും അഹ്മദ് ഇമ്രാനുമൊപ്പം സൽമാൻ നിസാറും മൊഹമ്മദ് അസറുദ്ദീനും വിഷ്ണു വിനോദും രോഹൻ കുന്നുമ്മലും അടങ്ങുന്ന കരുത്തുറ്റ ബാറ്റിങ് നിരയാണ് കേരളത്തിന്റേത്. ഓൾ റൗണ്ട് മികവുമായി അഖിൽ സ്കറിയയും ഷറഫുദ്ദീനും അങ്കിത് ശർമ്മയും സാലി സാംസനുമടക്കമുള്ള താരങ്ങളുമുണ്ട്. ഒപ്പം നിധീഷും കെ എം ആസിഫും വിഘ്നേഷ് പുത്തൂരുമടങ്ങുന്ന ബൗളിങ് നിരയും. കെസിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച സിബിൻ ഗിരീഷ്, കൃഷ്ണദേവൻ, അബ്ദുൾ ബാസിദ് എന്നിവരും ടീമിനൊപ്പമുണ്ട്. അ­തുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളുമായാണ് കേരളം ഇത്തവണ കളിക്കാനിറങ്ങുന്നത്.

കഴിഞ്ഞ സീസണിൽ സയ്യിദ് മു­ഷ്താഖ് അലി ടൂ‍ർണമെന്റിൽ മികച്ച പ്രകടനമായിരുന്നു കേരളത്തിന്റേത്. മുംബൈയും ആന്ധ്രയും മഹാരാഷ്ട്രയും സർവീസസും അടങ്ങുന്ന ഗ്രൂപ്പിൽ നിന്ന് നേരിയ വ്യത്യാസത്തിലായിരുന്നു നോക്കൗട്ട് റൗണ്ടിലേക്കുള്ള പ്രവേശനം നഷ്ടപ്പെട്ടത്. കരുത്തരായ മുംബൈയ്ക്കെതിരെ നേടിയ വിജയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്ത് 234 റൺസെടുത്ത കേരളം 43 റൺസിനായിരുന്നു മുംബൈയെ കീഴടക്കിയത്. ഐപിഎല്ലിലേക്കുള്ള പടിവാതിലെന്ന നിലയിൽക്കൂടി ശ്രദ്ധേയമാണ് സയ്യിദ് മുഷ്താഖ് അലി ടൂ‍ർണമെന്റ്. മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന താരങ്ങൾക്ക് ഐപിഎൽ ടീമുകളുടെ നോട്ടപ്പട്ടികയിൽ ഇടം നേടാൻ കഴിയും.അതിനാൽ യുവതാരങ്ങളെ സംബന്ധിച്ചും ടൂർണമെന്റ് നി‍ർണായകമാണ്.

Exit mobile version