വെള്ളൂർ കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡിൽ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉല്പാദനം ഇന്ന് ആരംഭിക്കും. കെപിപിഎൽ അങ്കണത്തില്‍ നടക്കുന്ന ചടങ്ങിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം നിർവഹിക്കും. രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും.
മന്ത്രിമാരായ എ കെ ശശീന്ദ്രൻ, വി എൻ വാസവൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എംപിമാരായ ജോസ് കെ മാണി, തോമസ് ചാഴിക്കാടൻ, എംഎൽഎമാരായ സി കെ ആശ, മോൻസ് ജോസഫ്, തൊഴിലാളി സംഘടനാ നേതാക്കളായ കെ ചന്ദ്രൻ പിള്ള, ആർ ചന്ദ്രശേഖരൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഉന്നത ഗുണമേന്മയുള്ള 45 ജിഎസ്എം ന്യൂസ് പ്രിന്റാണ് ആദ്യഘട്ടത്തിൽ നിർമ്മിക്കുക. പ്ലാന്റുകൾ പ്രവർത്തന സ്ഥിരത കൈവരിക്കുന്നതോടെ 42 ജിഎസ്എം ന്യൂസ് പ്രിന്റും 52–70 ജിഎസ്എം എഴുതാനും പ്രിന്റിങ്ങിനും ഉപയോഗിക്കുന്ന പേപ്പറും ഉല്പാദിപ്പിക്കാൻ കഴിയുന്ന ഘട്ടത്തിലേക്ക് കെപിപിഎൽ ഉയരും.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിനെ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പുനരുജ്ജീവിപ്പിച്ചാണ് കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡ് എന്ന പേരിൽ ആരംഭിക്കുന്നത്. മൂന്ന് വർഷത്തിലധികം പൂട്ടിക്കിടന്ന കെപിപിഎല്ലിന്റെ പുനരുദ്ധാരണ ഉദ്ഘാടനം മെയ് 19നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. 2022 ജനുവരി 1ന് പുനരുദ്ധാരണപ്രക്രിയ ആരംഭിച്ച് അഞ്ച് മാസം കൊണ്ട് ആദ്യഘട്ടം പൂർത്തിയാക്കി പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപനത്തിന്റെ പ്രവർത്തനം ആരംഭിച്ചു. പുനരുദ്ധാരണത്തിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങളും ഒക്ടോബറോടെ പൂർത്തീകരിച്ചു.
കെമിക്കൽ‑മെക്കാനിക്കൽ പ്ലാന്റിലൂടെ തടികൊണ്ടുള്ള പൾപ്പും ഡീ-ഇങ്കിങ്ങ് പ്ലാന്റിലൂടെ പാഴ്കടലാസിൽ നിന്നുള്ള പൾപ്പും സംയോജിപ്പിച്ച് കൊണ്ടാണ് പേപ്പർ നിർമ്മിക്കുന്നത്. 3000 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കെപിപിഎല്ലിനെ വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. രണ്ടും മൂന്നും ഘട്ടങ്ങളിലെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ മൂവായിരത്തോളം പേർക്ക് തൊഴിൽ ലഭിക്കും. പ്രതിവർഷം അഞ്ച് ലക്ഷം മെട്രിക് ടൺ ഉല്പാദന ശേഷിയുള്ള സ്ഥാപനമായും കെപിപിഎൽ മാറും. ഉല്പാദന ക്ഷമത വർധിപ്പിച്ച് വൈവിധ്യവത്കരണമാണ് മൂന്ന്, നാല് ഘട്ടങ്ങളിലുള്ള വികസന പ്രവർത്തനം ലക്ഷ്യമിടുന്നത്. വളരെയേറെ വിറ്റഴിക്കപ്പെടുന്ന വിവിധ ഗ്രേഡുകളിലുള്ള പാക്കേജിങ്ങ് പേപ്പർ ഉല്പാദനം ഇതോടെ ആരംഭിക്കാനാകും.
English Summary: ‘Kerala Paper’ begun from today
You may also like this video