Site icon Janayugom Online

കേരളത്തിന്റെ പൊതുവിതരണരംഗം രാജ്യം ശ്രദ്ധിക്കുന്നു: മുഖ്യമന്ത്രി

cm

കേരളത്തിന്റെ പൊതുവിതരണ സമ്പ്രദായം അങ്ങേയറ്റം മാതൃകാപരമാണെന്നും അത് രാജ്യം പ്രത്യേകതയോടെ ശ്രദ്ധിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സപ്ലൈകോയുടെ പുതിയതും നവീകരിച്ചതുമായ 25 ഔട്ട്‌ലറ്റുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് കൂടുതൽ സപ്ലൈകോ ഔട്ട്‌ലറ്റുകൾ വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നതായും ജനപിന്തുണയോടെ പുതിയ മാനങ്ങളിലേക്ക് ഉയരാൻ സപ്ലൈകോയ്ക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിനോടു ചേർന്നുള്ള കെട്ടിടത്തിൽ ആരംഭിച്ച സൂപ്പർമാർക്കറ്റ് നേരിട്ടും മറ്റ് 24 എണ്ണം ഓൺലൈനായും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 ഇനം നിത്യോപയോഗ സാധനങ്ങൾക്ക് കഴിഞ്ഞ ആറു വർഷത്തിനിടെ വില വർധിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2016ൽ സർക്കാർ അധികാരത്തിലെത്തുമ്പോൾ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 ഇനം അവശ്യ സാധനങ്ങളുടെ വില വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ജനം അതേ സർക്കാരിന് ഭരണത്തുടർച്ച നൽകിയപ്പോൾ 2016ലെ വിലയിൽ ഒരു വർധനയും വരുത്താതെ അത് തുടരുകയാണ്. കോവിഡ് പ്രതിസന്ധിയിൽ നാട്ടിൽ ആരും പട്ടിണി കിടക്കാൻ പാടില്ലെന്ന സർക്കാരിന്റെ ദൃഢനിശ്ചയത്തിന് സപ്ലൈകോ വലിയ പിന്തുണ നൽകിയതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഭക്ഷ്യകാര്യത്തിൽ സ്വയംപര്യാപ്തത നേടിയിട്ടില്ലാത്ത കേരളത്തിന് കോവിഡിന്റെ ആദ്യഘട്ട വ്യാപനം വലിയ ആശങ്കയുണ്ടാക്കിയിരുന്നു. ഭക്ഷ്യവസ്തുക്കൾ ഇവിടേക്ക് എത്തിക്കാനാകാത്ത സ്ഥിതിയുണ്ടായേക്കാമെന്ന ഘട്ടത്തിൽ ആരംഭിച്ച ‘സുഭിക്ഷ കേരളം’ പദ്ധതി പൂർണ മനസോടെ കേരളം ഏറ്റെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സപ്ലൈകോയിലൂടെ ഗുണമേൻമയുള്ള ഉല്പന്നങ്ങൾ സുതാര്യമായി ജനങ്ങളിലേക്കെത്തിക്കാനുള്ള നവീന പദ്ധതികൾ ആവിഷ്‌കരിക്കുകയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഭക്ഷ്യ — പൊതുവിതരണ മന്ത്രി ജി ആർ അനിൽ പറഞ്ഞു. സപ്ലൈകോയുടെ വിതരണ വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കൽ, ഗോഡൗണുകളിൽ കാമറകൾ സ്ഥാപിക്കൽ തുടങ്ങിയവ ഇതിന്റെ ഭാഗമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. തമ്പാനൂർ സൂപ്പർ മാർക്കറ്റിലെ ആദ്യ വില്പന ഗതാഗത മന്ത്രി ആന്റണി രാജു നിർവഹിച്ചു.
പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മുഖ്യാതിഥിയായി പങ്കെടുത്തു. മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി കെ രാജു, സിപിഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, സപ്ലൈകോ മാനേജിങ് ഡയറക്ടർ സഞ്ജീബ് പട്ജോഷി,ജനറല്‍ മാനേജര്‍ സലിം കുമാര്‍, കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ എന്നിവര്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: Ker­ala pays atten­tion to pub­lic dis­tri­b­u­tion: CM

You may like this video also

Exit mobile version