അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവൻ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായി പൊലീസ് സേവനങ്ങൾ 100 ൽ നിന്ന് 112 എന്ന നമ്പറിലേയ്ക്ക് മാറി. അടിയന്തരമായി പൊലീസ് സേവനം ആവശ്യമായി വന്നാൽ ഉടൻ 112 എന്ന ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാം എന്ന് കേരളാ പൊലീസ് അറിയിച്ചു. ഫേസ്ബുക് പോസ്റ്റിലാണ് പൊലീസ് ഇക്കാര്യം പങ്കുവെച്ചത്.
പൊലീസ്, ഫയർഫോഴ്സ്, ആംബുലൻസ് എന്നിവ ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങള്‍ ലഭിക്കാൻ ഇനി 112 ലേയ്ക്ക് വിളിച്ചാൽ മതിയാകും എന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.
കേരള പൊലീസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
അടിയന്തരമായി പോലീസ് സേവനം ആവശ്യമായി വന്നാൽ ഉടൻ നിങ്ങൾക്ക് 112 എന്ന ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാം.
അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവൻ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായുള്ള ERSS (Emergency Response support System) സംവിധാനത്തിന്റെ ഭാഗമായാണ് പോലീസ് സേവനങ്ങൾ 100 ൽ നിന്ന് 112 എന്ന നമ്പറിലേയ്ക്ക് മാറ്റിയിരിക്കുന്നത്. അതായത്
പോലീസ്, ഫയർഫോഴ്സ് (ഫയർ & റെസ്ക്യൂ), ആംബുലൻസ് എന്നിവ ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങള്‍ ലഭിക്കാൻ ഇനി 112 ലേയ്ക്ക് വിളിച്ചാൽ മതിയാകും.
കേരളത്തിൽ എവിടെ നിന്ന് 112 ലേയ്ക്ക് വിളിച്ചാലും പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേയ്ക്കാവും കാൾ എത്തുന്നത്. ഉദ്യോഗസ്ഥർ അതിവേഗം വിവരങ്ങള്‍ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിന് സമീപമുള്ള പോലീസ് വാഹനത്തിലേയ്ക്ക് സന്ദേശം കൈമാറും.
ജിപിഎസ് സഹായത്തോടെ ഓരോ പോലീസ് വാഹനവും എവിടെയുണ്ടെന്ന് കണ്‍ട്രോള്‍ റൂമിൽ അറിയാനാകും. ആ വാഹനത്തിൽ ഘടിപ്പിച്ച ടാബിലേയ്ക്കാണ് സന്ദേശമെത്തിക്കുന്നത്. ഇതനുസരിച്ച് പോലീസുകാർക്ക് അതിവേഗം പ്രവർത്തിക്കാം. ജില്ലാ കണ്‍ട്രോള്‍ റൂമികളിലേയ്ക്കും സമാനമായി സന്ദേശം നൽകും.
ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവർത്തന രഹിതമായിരിക്കുന്നതോ ആയ നമ്പറിൽ നിന്നു പോലും എമർജൻസി നമ്പറിലേയ്ക്ക് വിളിക്കാം എന്നോർക്കുക. മൊബൈൽ ഫോണുകളിൽ നിന്നും ലാൻഡ് ഫോണിൽ നിന്നും ഈ സൗകര്യം ലഭ്യമാണ്. പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പിലെ SoS ബട്ടൺ വഴിയും നിങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. ഈ സംവിധാനം 24 മണിക്കൂറും ലഭ്യമാണ്.
അടിയന്തരസഹായങ്ങൾക്ക് വേണ്ടി മാത്രം ഈ സേവനം പ്രയോജനപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം.
English Summary: kerala police announce a new number for emergency contact
You may also like this video