Site iconSite icon Janayugom Online

40 വര്‍ഷത്തെ ഫുട്ബോളിന്റെ ഓര്‍മ്മയില്‍ കേരള പൊലീസ് ടീം

കേരള പൊലീസ് ഫുട്ബാൾ ടീമിന്റെ 40 വർഷങ്ങൾ ആഘോഷമാക്കി തലസ്ഥാനം. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ മുൻ കേരള ഫുട്ബാൾ താരങ്ങളുടെ ഒത്തുചേരലും വാർഷികാഘോഷവും മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. 1984 ൽ സ്ഥാപിതമായ കേരള പൊലീസ് ഫുട്ബോൾ ടീം വെറുമൊരു ഫുട്ബോൾ ക്ലബ്ബ് മാത്രമല്ല, ഇത് പ്രതിഭകളുടെ കളിത്തൊട്ടിലും, അച്ചടക്കത്തിന്റെ പ്രതീകമായും, ഇന്ത്യൻ ഫുട്ബാളിന്റെ ഭാവി രൂപപ്പെടുത്തിയ ഒരു ശക്തിയായും മാറിയിരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. 

വി പി സത്യൻ, യു ഷറഫലി, ടി പി തോബിയാസ്, സി വി പാപ്പച്ചൻ, ഐ എം വിജയൻ, കെ ടി ചാക്കോ, കുരികേഷ് മാത്യു, സി വി ശശി, സി ജാബിർ, കെ എ ആൻസൺ, തുടങ്ങി രാജ്യത്തിനും ഇതിഹാസ കളിക്കാരെ സമ്മാനിച്ച ടീമാണ് കേരള പൊലീസിന്റെതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പത്മശ്രീ പുരസ്കാര ജേതാവ് കേരള പൊലീസ് ഫുട്ബാൾ ടീം അംഗവുമായിരുന്ന ഐ എം വിജയനേയും, മുൻ പരിശീലകരായ എ എം ശ്രീധരൻ, ഗബ്രിയേൽ ജോസഫ്, മുൻ മാനേജർ ഡി വിജയൻ അന്നത്തെ ടീം സഹായി ആയിരുന്ന സാബു എന്നിവരെ ആദരിച്ചു.

വാർഷികാഘോഷത്തിന്റെ ഭാഗമായി കുരികേശ് മാത്യു, ഐ എം വിജയൻ എന്നിവർ നയിച്ച മുൻ കേരള പൊലീസ് ടീം താരങ്ങളുടെയും വി പി ഷാജി, സേവിയർ പയസ് എന്നിവർ നയിച്ച ദേശീയ- അന്തർദേശീയ താരങ്ങൾ നയിച്ച ടീമും തമ്മിൽ സൗഹൃദ മത്സരം നടന്നു. മത്സരം 2–1ന് കേരള പൊലീസ് ജയിച്ചു. 

Exit mobile version