Site iconSite icon Janayugom Online

കേരള പ്രീമിയര്‍ ലീഗിന്‌ നവംബര്‍ 24ന്‌ കിക്കോഫ്‌: മൂന്ന്‌ ഗ്രൂപ്പുകളിലായി 22 ടീമുകള്‍

KPLKPL

ലോകകപ്പ്‌ ആവേശത്തിനൊപ്പം പന്തുതട്ടാന്‍ ഒരുങ്ങി കേരളവും. സംസ്ഥാനത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ക്ലബ്ബിനെ കണ്ടെത്താന്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ (കെഎഫ്‌എ) സംഘടിപ്പിക്കുന്ന സ്‌കോര്‍ലൈന്‍ കേരള പ്രീമിയര്‍ ലീഗ്‌ (കെപിഎല്‍) 2022–23 സീസണ്‍ നവംബര്‍ 24ന്‌ തുടങ്ങും. വ്യാഴാഴ്‌ച വൈകിട്ട്‌ 3.30ന്‌ മലപ്പുറം കോട്ടപ്പടി സ്‌റ്റേഡിയത്തിലാണ്‌ കിക്കോഫ്‌. ഉദ്‌ഘാടന മത്സരത്തില്‍ ഗ്രൂപ്പ്‌ എ ടീമുകളായ സാറ്റ്‌ തിരൂരും കേരള യുണൈറ്റഡ്‌ എഫ്‌സിയും ഏറ്റുമുട്ടും. സീസണിലെ രണ്ടാം മത്സരം നവംബര്‍ 24ന്‌ വൈകിട്ട്‌ 3.30ന്‌ കോഴിക്കോട്‌ കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കും. ഗ്രൂപ്പ്‌ ബി മത്സരത്തില്‍ കേരള പൊലീസ്‌, മുത്തൂറ്റ്‌ ഫുട്‌ബോള്‍ അക്കാദമിയെ നേരിടും. എറണാകുളം മഹാരാജാസ്‌ കോളജ്‌ സ്‌റ്റേഡിയമാണ്‌ കെപിഎലിന്റെ മറ്റൊരു വേദി. 2022 ഡിസംബര്‍ 9നാണ്‌ ഇവിടെ ആദ്യ മത്സരം.

കഴിഞ്ഞ സീസണുകളില്‍ നിന്ന്‌ വ്യത്യസ്‌തമായി മൂന്ന്‌ ഗ്രൂപ്പുകളിലായി 22 ടീമുകളാണ്‌ ഇത്തവണ കെപിഎല്‍ കിരീടത്തിനായി മത്സരിക്കുന്നതെന്ന്‌ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ജന.സെക്രട്ടറി അനില്‍കുമാര്‍ പി പറഞ്ഞു. ഫൈനല്‍ ഉള്‍പ്പെടെ ആകെ 90 മത്സരങ്ങള്‍. കെപിഎല്‍ യോഗ്യത റൗണ്ട്‌ ജയിച്ചെത്തിയ പയ്യൂന്നൂര്‍ കോളജ്‌, കോര്‍പറേറ്റ്‌ എന്‍ട്രിയിലൂടെ എത്തിയ എംകെ സ്‌പോര്‍ട്ടിങ്‌ ക്ലബ്ബ്‌ എന്നിവയാണ്‌ ഈ സീസണിലെ പുതുമുഖങ്ങള്‍.

സാറ്റ്‌ തിരൂര്‍, എംകെ സ്‌പോര്‍ട്ടിങ്‌ ക്ലബ്ബ്‌, റിയല്‍ മലബാര്‍ എഫ്‌സി കാലിക്കറ്റ്‌, ബാസ്‌കോ ഒതുക്കുങ്ങല്‍, വയനാട്‌ യുണൈറ്റഡ്‌ എഫ്‌സി, ലൂക്കാ സോക്കര്‍ ക്ലബ്ബ്‌, കേരള യുണൈറ്റഡ്‌ എഫ്‌സി, എസ്സാ എഫ്‌സി അരീക്കോട്‌ എന്നീ 8 ടീമുകളാണ്‌ എ ഗ്രൂപ്പിലുള്ളത്‌. നിലവിലെ ചാമ്പ്യന്‍മാരായ ഗോള്‍ഡന്‍ ത്രെഡ്‌സ്‌ ഉള്‍പ്പെടുന്ന ബി ഗ്രൂപ്പില്‍ 7 ടീമുകളാണുള്ളത്‌. മുത്തൂറ്റ്‌ എഫ്‌എ, കേരള പൊലീസ്‌, ഗോകുലം കേരള എഫ്‌സി, എഫ്‌സി കേരള, ഗോള്‍ഡന്‍ ത്രെഡ്‌സ്‌ എഫ്‌സി, ഡോണ്‍ ബോസ്‌കോ എഫ്‌എ, പറപ്പൂര്‍ എഫ്‌സി. 7 ഗ്രൂപ്പുകളാണ്‌ സി ഗ്രൂപ്പില്‍ ഉണ്ടാവുക. കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സി, കോവളം എഫ്‌സി, ട്രാവന്‍കൂര്‍ റോയല്‍ എഫ്‌സി, ലിഫ, കെഎസ്‌ഇബി, പയ്യന്നൂര്‍ കോളജ്‌, സായി. എ ഗ്രൂപ്പില്‍ 28 മത്സരങ്ങളും ബി,സി ഗ്രൂപ്പുകളില്‍ 21 മത്സരങ്ങള്‍ വീതവും നടക്കും.

മത്സരഘടനയിലും ഇത്തവണ വ്യത്യാസമുണ്ട്‌. ഗ്രൂപ്പ്‌ ഘട്ടം, സൂപ്പര്‍ സിക്‌സ്‌, സെമിഫൈനല്‍, ഫൈനല്‍ എന്നിങ്ങനെയായിരിക്കും മത്സരങ്ങള്‍. മൂന്ന്‌ തലങ്ങളിലാണ്‌ ഗ്രൂപ്പ്‌ മത്സരങ്ങള്‍ നടക്കുക. 24 മത്സരങ്ങളുള്ള ആദ്യഘട്ട ഫിക്‌സ്‌ച്ചര്‍ കെഎഫ്‌എ പുറത്തിറക്കി. വൈകിട്ട്‌ 3.30നാണ്‌ എല്ലാ മത്സരങ്ങളുടെയും കിക്കോഫ്‌. ഗ്രൂപ്പ്‌ ഘട്ടത്തില്‍ ഓരോ ടീമും 6 മത്സരങ്ങള്‍ വീതം കളിക്കും. ആകെ 70 മത്സരങ്ങള്‍. ഓരോ ഗ്രൂപ്പിലും ആദ്യ രണ്ട്‌ സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സൂപ്പര്‍ സിക്‌സ്‌ മത്സരങ്ങള്‍ക്ക്‌ യോഗ്യത നേടും. ഇവിടെ ഓരോ ടീമും 5 മത്സരങ്ങള്‍ വീതം കളിക്കും. മികച്ച നാല്‌ ടീമുകള്‍ സെമിഫൈനലിന്‌ യോഗ്യത നേടും. ഹോം, എവേ അടിസ്ഥാനത്തില്‍ രണ്ടു പാദങ്ങളിലായിട്ടായിരിക്കും സെമിഫൈനല്‍ മത്സരങ്ങള്‍. തുടര്‍ന്ന്‌ ഫൈനല്‍.

Eng­lish Sum­ma­ry: Ker­ala Pre­mier League kicks off on Novem­ber 24: 22 teams in three groups

You may also like this video

Exit mobile version