Site iconSite icon Janayugom Online

സെർവിക്കൽ കാൻസർ പ്രതിരോധിക്കാനൊരുങ്ങി കേരളം; വിദ്യാർത്ഥിനികൾക്ക് എച്ച്പിവി വാക്‌സിനേഷൻ നൽകും

സംസ്ഥാനത്ത് ഗര്‍ഭാശയഗള കാന്‍സര്‍ (സെർവിക്കൽ കാൻസർ) പ്രതിരോധത്തിക്കാന്‍ കർമ്മ പദ്ധതിയുമായി സർക്കാർ. പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പൈലറ്റ് അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലയിലായിരിക്കും ആദ്യം പദ്ധതി നടപ്പിലാക്കുക. കണ്ണൂര്‍ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ വച്ച് നവംബര്‍ 3ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനം ഔദ്യോഗികമായി നിര്‍വഹിക്കും.

സ്തനാർബുദം കഴിഞ്ഞാൽ സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന കാൻസറുകളിൽ ഒന്നാണ് ഗർഭാശയ ഗള കാൻസർ. ഗർഭാശയത്തിൻ്റെ താഴത്തെ ഭാഗമായ സെർവിക്സിനെ (Cervix) ബാധിക്കുന്ന അർബുദമാണിത്. മിക്കവാറും (ഏകദേശം 90%) കേസുകളിലും ഈ കാൻസറിന് കാരണം ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) എന്ന അണുബാധയാണ്. അര്‍ബുദ അനുബന്ധ മരണ നിരക്കുകള്‍ ഉയര്‍ത്തുന്നതിന് ഈ അര്‍ബുദം ഒരു പ്രധാന ഘടകമാണ്. നമ്മുടെ പെൺകുഞ്ഞുങ്ങളെ, സഹോദരിമാരെ ഈ രോഗത്തില്‍ നിന്നും രക്ഷിക്കുന്നതിന് എല്ലാ പെണ്‍കുട്ടികളും എച്ച്പിവി വാക്സിന്‍ സ്വീകരിക്കണം. പെൺകുഞ്ഞുങ്ങളുടെ നല്ലഭാവി മുന്നില്‍ കണ്ട് കേരള സര്‍ക്കാര്‍ ഈ വിഷയത്തില്‍ മികച്ച നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. 9 വയസ്സിന് മുകളിലുള്ള പെൺകുട്ടികളിലാണ് വാക്സിന്‍ സാധാരണയായി നിർദ്ദേശിക്കപ്പെടുന്നത്. ലൈംഗിക ജീവിതം തുടങ്ങുന്നതിന് മുൻപ് വാക്സിൻ എടുക്കുന്നത് വളരെ ഫലപ്രദമാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നിരവധി തവണ ആരോഗ്യ വിദഗ്ധരുടേയും ടെക്‌നിക്കല്‍ കമ്മിറ്റിയുടേയും യോഗം ചേര്‍ന്നാണ് വാക്‌സിനേഷന്‍ പദ്ധതിക്ക് അന്തിമ രൂപം നല്‍കിയത്.

എച്ച്.പിവി വാക്‌സിനേഷന്‍ സംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനും ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതിനുമായി സര്‍ക്കാര്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമതിയുടെ നിര്‍ദേശ പ്രകാരം ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുവാനും പൈലറ്റ് പദ്ധതി ആരംഭിക്കാനും തീരുമാനിച്ചു.

Exit mobile version