റബർ മേഖലയിലെ മികച്ച ഫെസിലിറ്റേറ്ററാകുകയാണ് കേരള റബർ ലിമിറ്റഡിന്റെ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി രാജീവ്. വെള്ളൂർ എച്ച് എൻ എൽ അങ്കണത്തിൽ ആരംഭിക്കുന്ന കേരള റബർ ലിമിറ്റഡിന്റെ സ്റ്റേക്ക് ഹോൾഡേഴ്സ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിയാൽ മാതൃകയിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള സംവിധാനമാണ് ആവിഷ്കരിക്കുക. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായിട്ടും കേരളത്തിൽ പ്രകൃതിദത്ത റബർ അധിഷ്ഠിത വ്യവസായങ്ങൾ കുറവാണ്. കൂടുതൽ വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള സാഹചര്യം കേരള റബർ ലിമിറ്റഡിലൂടെ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്പാദന രംഗത്ത് കൂടുതൽ സഹായം നൽകും. റബർ മേഖലയിലെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടു കൊണ്ട് കർഷകർക്ക് കൂടുതൽ നേട്ടം ലഭിക്കുന്ന തരത്തിലായിരിക്കും പ്രവർത്തനം. മൂല്യവർധന ഉറപ്പാക്കി സൂക്ഷ്മ — ചെറുകിട- ഇടത്തര സംരംഭങ്ങൾക്ക് സൗകര്യമൊരുക്കും. മേഖലയിൽ ടയർ ടെസ്റ്റിംഗ്, ക്വാളിറ്റി സർട്ടിഫിക്കേഷൻ സംവിധാനങ്ങൾ നിലവിൽ വരും. റബർ അധിഷ്ഠിത ഫോറങ്ങളെ പങ്കാളികളാക്കും.‘ഉത്തരവാദിത്ത നിക്ഷേപം, ഉത്തരവാദിത്ത വ്യവസായം’ എന്ന ആശയം മുൻ നിർത്തി പ്രവർത്തിക്കും. കേരള റബർ ലിമിറ്റഡിനായി ആദ്യ ഘട്ടത്തിൽ 10 കോടി രൂപയാണ് മാറ്റി വച്ചിട്ടുള്ളത്. റബർ സബ്സിഡിക്ക് 500 കോടിയും കിഫ്ബിയുമായി സഹകരിച്ച് റബറൈസ്ഡ് റോഡുകൾ നിർമിക്കുന്നതിന് 50 കോടി രൂപയും മാറ്റിവച്ചിട്ടുണ്ട്. റബർ മേഖലയിലെ സമഗ്രമാറ്റമാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ കേരള റബർ ലിമിറ്റഡിന്റെ പ്രവർത്തന ഡി പി ആർ തയാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട വിഷയങ്ങൾ സംബന്ധിച്ച് ചർച്ച നടത്തി. സ്റ്റേക്ക് ഹോൾഡേഴ്സിന്റെ സംശയങ്ങൾക്ക് മന്ത്രി ഉത്തരം നൽകി.
യോഗത്തിൽ കേരള റബർ ലിമിറ്റഡിന്റെ ചെയർപേഴ്സണും മാനേജിംഗ് ഡയറക്ടറുമായ ഷീല തോമസ്, വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഫ്, കെ എസ് ഐ ഡി സി അസിസ്റ്റന്റ് ജനറൽ മാനേജർ സെബാസ്റ്റ്യൻ തോമസ്, കേരള റബർ ലിമിറ്റഡ് ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ വി ജെ രേഷ്മ വിജയ് എന്നിവർ സംസാരിച്ചു.
English Summary:Kerala Rubber Limited will be the facilitator in the rubber sector: Minister P Rajeev
You may also like this video