Site iconSite icon Janayugom Online

സൂപ്പർ സ്മാർട്ടായി ‘കേരള സവാരി’ എത്തുന്നു

സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്സി ആപ്പായ കേരള സവാരി സൂപ്പർ സ്മാർട്ടായി മുഖംമിനുക്കി പുറത്തിറങ്ങുന്നു. സാങ്കേതികത്തകരാറും യാത്രാനിരക്കിലെ പ്രശ്നങ്ങളും കാരണം യാത്രക്കാരും ഡ്രൈവർമാരും കയ്യൊഴിഞ്ഞ സർക്കാർ മേഖലയിലെ ആദ്യത്തെ ഓൺലൈൻ ഓട്ടോ-ടാക്സി സർവീസായിരുന്നു കേരള സവാരി. സോഫ്റ്റ്‌വേർ തകരാർ പരിഹരിച്ചും സേവന മേഖല വിപുലപ്പെടുത്തിയും മേയ് ഒന്നു മുതൽ കേരള സവാരി 2.0 എന്ന പുതിയപേരിൽ പുറത്തിറങ്ങും. ഈ ആപ്പുണ്ടെങ്കിൽ ഓട്ടോയിൽ മാത്രമല്ല മെട്രോ ട്രെയിനിലും കയറാം. കാർ, കെഎസ്ആർടിസി, വാട്ടർ മെട്രോ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവയിലേക്ക് ബുക്ക് ചെയ്യാനും ടിക്കറ്റ് എടുക്കാനുമുള്ള സംവിധാനവും പുതിയ പതിപ്പിൽ ഇടംപിടിച്ചിട്ടുണ്ട്. കേരളത്തിൽ എല്ലാ ജില്ലകളിലും നഗര, ഗ്രാമ വ്യത്യാസമില്ലാതെ ഓൺലൈൻ ടാക്സി ബുക്ക് ചെയ്യാനാകും. ആപ്പിൽ സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ടാക്സി ആപ്ലിക്കേഷനായ ‘നമ്മ യാത്രി‘യെയും സഹകരിപ്പിച്ചിട്ടുണ്ട്.

ഇനി ഓട്ടോ, കാർ ഡ്രൈവർമാർക്ക് ഓരോ യാത്രയ്ക്കും കമ്മിഷൻ നൽകേണ്ട. അതിന് പകരം സബ്സ്ക്രിപ്ഷനായിരിക്കും. ദിവസം, മാസം എന്ന രീതിയില്‍ യാത്രക്കാര്‍ക്ക് സബ്സ്ക്രിപ്ഷൻ തെരഞ്ഞെടുക്കാം. രാത്രി 12 മുതൽ പിറ്റേദിവസം രാത്രി 12 വരെയാണ് ഒരുദിവസമായി കണക്കാക്കുക. മറ്റ് സ്വകാര്യ ഓണ്‍ലൈൻ ടാക്സികളേക്കാള്‍ നിരക്കും കുറവായിരിക്കും. സർക്കാർ നിശ്ചയിച്ച നിരക്കാണ് വാടകയായി യാത്രക്കാർ നൽകേണ്ടത്. ഓരോ യാത്രകളും നിരീക്ഷണത്തിലായിരിക്കും. പരാതികൾ ആപ്പുവഴി രജിസ്റ്റർ ചെയ്യാനുള്ള സംവിധാനവും ഉണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന ഒരു പാനിക് ബട്ടൺ സംവിധാനം കേരള സവാരി ആപ്പിൽ നടപ്പിലാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്ക് പൊലീസ്, ഫയർഫോഴ്‌സ്, മോട്ടോർ വാഹന വകുപ്പ് എന്നിവയുമായി പൂർണമായും സ്വകാര്യമായി ബന്ധപ്പെടാൻ ഈ ബട്ടൺ ഉപയോഗിക്കാം. യാത്രക്കാർ പാനിക് ബട്ടൺ ഉപയോഗിക്കുന്നുണ്ടെന്ന് ഡ്രൈവർമാർക്ക് മനസിലാകണമെന്നില്ല. വാഹനം എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി കേരള സവാരി സ്റ്റിക്കറുകളും സ്ഥാപിക്കും. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിലെ പ്രീപെയ്ഡ് കൗണ്ടറിലെ വാഹനങ്ങളിൽ ക്യൂആർ കോഡ് പതിക്കും. ഇവ സ്കാൻ ചെയ്ത് വേണ്ട വിവരങ്ങൾ നൽകി യാത്രക്കാർക്ക് പോകാനാകും. ഡൽഹി, കൊൽക്കത്ത, ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ കേരള സവാരി ആപ്പ് ഉപയോഗിച്ച് യാത്രകള്‍ ബുക്ക് ചെയ്യാം.

തൊഴിൽ വകുപ്പ്, ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് (ഐടിഐ) പാലക്കാട്, ഐടിഐയുടെ സാങ്കേതിക പങ്കാളി ‘നമ്മ യാത്രി’ എന്നിവ ചേർന്നാണ് ആപ്പ് സജ്ജമാക്കിയത്. പൊലീസ്, മോട്ടോർ വാഹനവകുപ്പ്, ടൂറിസംവകുപ്പ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുക. സംസ്ഥാന സർക്കാർ മേഖലയിലെ ആദ്യത്തെ ഓൺലൈൻ ഓട്ടോ-ടാക്സി സർവീസായ കേരള സവാരി 2022 ഓഗസ്റ്റ് 17നാണ് പ്രവർത്തനം ആരംഭിച്ചത്.

Exit mobile version