അറുപത്തിഒന്നാമത് കേരള സ്കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും. രാവിലെ 8.30 ന് പൊതുവിദ്യാഭ്യാസ ഡയരക്ടർ ജീവൻബാബു പതാക ഉയർത്തും. തുടർന്ന് 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ചുദിനം നീളുന്ന കലോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. കലോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും ഇതിനകം പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, സ്വാഗതസംഘം ചെയർമാനും പൊതുമരാമത്ത് മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 24 വേദികളും പ്രതിഭകളെയും കലാസ്വാദകരെയും വരവേൽക്കുന്നതിന് സജ്ജമായി. കലോത്സവ താരങ്ങളുടെ രജിസ്ട്രേഷൻ ഇന്ന് രാവിലെ ആരംഭിച്ചു.
മേളയിൽ പങ്കെടുക്കാൻ എത്തിയ കുട്ടികളുടെ ആദ്യ സംഘത്തെ ഇന്ന് ഉച്ചയോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ച് സ്വീകരിച്ചു. മന്ത്രിമാരായ വി ശിവൻകുട്ടി, പി എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ തുടങ്ങിയവർ ചേർന്നാണ് ഇവരെ സ്വീകരിച്ചത്.
താമസ സൗകര്യത്തിനായി 20 അക്കോമഡേഷൻ സെന്ററുകളാണ് സജ്ജമാക്കിയിട്ടുള്ളത്. മത്സരത്തിനെത്തുന്ന വിദ്യാർത്ഥി- വിദ്യാർത്ഥിനികളുടെ യാത്രയ്ക്കായി 30 വാഹനങ്ങൾ “കലോത്സവ വണ്ടി” എന്ന പേരിൽ അലങ്കരിച്ച് ഉപയോഗിക്കും. മാത്രമല്ല നിരക്ക് കുറച്ച് ഓടുന്ന ഓട്ടോകളും കലോത്സവത്തിനായി സജ്ജീകരിച്ചിട്ടുണ്ട്.
പാലക്കാട് നിന്ന് പ്രയാണം ആരംഭിച്ച കലോത്സവ സ്വർണക്കപ്പ് വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഉച്ചയ്ക്ക് കോഴിക്കോട് ജില്ലാ അതിർത്തിയായ രാമനാട്ടുരയിലെത്തി. തുടർന്ന് പത്ത് കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് കോഴിക്കോട് നഗരത്തിലെത്തി. തുടർന്ന് മാനാഞ്ചിറ സ്ക്വയറിൽ രണ്ടു മണിക്കൂറോളം സ്വർണ്ണക്കപ്പ് പ്രദർശനത്തിന് വെച്ചു. രുചി വൈവിധ്യങ്ങൾ നിറയുന്ന ഊട്ടുപുര മലബാർ ക്രിസ്ത്യൻ കോളേജിലാണ് സജ്ജമാക്കിയത്. ചക്കരപ്പന്തൽ എന്ന് പേരിട്ടിരിക്കുന്ന ഊട്ടുപുര ഇന്ന് വൈകീട്ട് നാല് മണിക്ക് പായസമേളയോടെ തുറന്നുകൊടുത്തു.
അധ്യാപകർ, വിദ്യാർഥികൾ, എൻഎസ്എസ്, എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ്, ഉദ്യോഗസ്ഥർ, യുവജനങ്ങൾ തുടങ്ങി വലിയ വളണ്ടിയർ സേനയാണ് തയ്യാറായിട്ടുള്ളത്. പൊലീസ്, ഫയർഫോഴ്സ്, ആരോഗ്യ വിഭാഗങ്ങൾ തുടങ്ങി വകുപ്പുകളെല്ലാം ഏകോപിച്ചാണ് കലോത്സവത്തിനായി പ്രവർത്തിക്കുന്നത്.
നിശ്ചയിക്കപ്പെട്ട വേദികളിൽ നിശ്ചിത സമയത്ത് കലാ മത്സരങ്ങൾ ആരംഭിക്കുവാനാണ് തീരുമാനം. എല്ലാ വേദികളിലും ഇതിനുള്ള പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രതിഭകൾക്കൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കലാസ്വാദകർ കൂടി വലിയതോതിൽ കോഴിക്കോട് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കലോത്സവത്തിന്റെ ആവേശം കോഴിക്കോട് ഇതിനകം പൂർണമായും ഏറ്റുവാങ്ങിക്കഴിഞ്ഞു. കോഴിക്കോടിന്റെ കലാപരമ്പര്യം ഈ കലോത്സവത്തെ വലിയ വിജയമാക്കുന്നതിൽ പ്രധാന ഘടകമാകും.
English Summary: Kerala school Festival will take place tomorrow: Chief Minister Pinarayi Vijayan will inaugurate
You may also like this video