ക്ഷേത്ര കലയായ നങ്ങ്യാർക്കൂത്ത് പഠിക്കാന്‍ മലപ്പുറം കോട്ടൂരിലെ റഹീനയുടെ മകള്‍ പോയത് തന്നെ നാട്ടില്‍ ചര്‍ച്ചയായിരുന്നു. ഉമ്മയ്ക്കൊപ്പം നാട്ടുകാരുടെ പിന്തുണകൂടിയായപ്പോള്‍ അഞ്ചല നങ്ങ്യാര്‍ക്കൂത്തില്‍ മിടുക്കിയായി. വെള്ളിയാഴ്ച സംസ്ഥാന കലോത്സവത്തില്‍ നങ്ങ്യാരായി മകുടം ധരിച്ച് അഞ്ചല വേദിയിൽ എത്തിയപ്പോൾ പിന്തുണയുമായി ഉമ്മയും വേദിയ്ക്കരികിലുണ്ടായിരുന്നു.
മത്സരം കഴിഞ്ഞ് മകൾ വേദിയിൽ നിന്ന് ഇറങ്ങിയതോടെ തിടുക്കത്തിൽ മകൾക്ക് അരികിലേക്കെത്തി ചേർത്തുപിടിച്ചൊരു ചുംബനവും നൽകി. മൂന്നു മാസങ്ങളായി ലഭിച്ച പരിശീലനത്തിലൂടെയാണ് മലപ്പുറം കോട്ടൂര്‍ മോഡേണ്‍ എച്ച്എസ്എസിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി അഞ്ചല നങ്ങ്യാർക്കൂത്ത് പഠിച്ചെടുത്തത്. കലാമണ്ഡലം സംഗീതയുടെ കീഴിലാണ് നങ്ങ്യാർക്കൂത്ത് അഭ്യസിക്കുന്നത്.
സംസ്ഥാന കലോത്സവത്തിലെ കന്നി മത്സരത്തിൽ തന്നെ എ ഗ്രേഡ് നേടാനായതിന്റെ സന്തോഷത്തിലാണ് ഈ ഉമ്മയും മകളും. ഉപ്പ ചെറുപ്പത്തിലെ നഷ്ടമായ അഞ്ചലയെ നങ്ങ്യാർക്കൂത്തിന് പങ്കെടുപ്പിക്കുമ്പോഴും ഉമ്മ റഹീനയുടെ ഉളളിലെ ആശങ്ക സാമ്പത്തികമായിരുന്നു. കലോത്സവ വേദിയിലേക്ക് അയയ്ക്കുമ്പോഴുളള ചെലവ് തന്നെ പ്രശ്നം. എന്നാൽ മുഴുവൻ ചെലവും സ്കൂൾ തന്നെ വഹിക്കുകയായിരുന്നുവെന്ന് റഹീന പറഞ്ഞു.
English Summary: kerala school kalolsavam Nangiar koothu
You may also like this video