Site iconSite icon Janayugom Online

കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ 39-ാമത് വാർഷിക സമ്മേളനം ആരംഭിച്ചു

സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പൊതു സംഘടനയായ കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്റെ 39-ാം വാർഷിക സമ്മേളനം മണികണ്ഠൻ നഗറിൽ (മദനമോഹനന്‍ ഹാള്‍, ജോയിന്റ് കൗൺസിൽ ഓഫിസ് സമുച്ചയം) ആരംഭിച്ചു. സെക്രട്ടേറിയറ്റിൽ നിന്നും ആരംഭിച്ച് സമ്മേളന നഗറില്‍ എത്തിചേര്‍ന്ന പ്രകടനത്തില്‍ ആവേശത്തോടെ മുദ്രാവാക്യം മുഴക്കി ജീവനക്കാര്‍ അണിചേര്‍ന്നു. സമ്മേളന നഗറിൽ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം കെഎസ്എസ്എ പ്രസിഡന്റ് അഭിലാഷ് ടി കെ രക്തപതാക ഉയർത്തി.

പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. അവകാശപോരാട്ടങ്ങൾക്കൊപ്പം രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കാനുള്ള പ്രക്ഷോഭങ്ങളിലേക്ക് ജീവനക്കാർ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. ഏതു രൂപത്തിൽ വന്നാലും പങ്കാളിത്ത പെൻഷൻ ഇടത് നയമല്ല. കഴിഞ്ഞ 10 വർഷമായി കേരളം കൈവരിച്ച നേട്ടങ്ങൾ നിലനിൽക്കാനും തുടരാനും മൂന്നാമത് ഇടത് ഭരണം വരണം. ഭരണം ജനങ്ങൾക്ക് വേണ്ടിയാണെന്നും ഓരോ ഫയലിലും ജീവിതമുണ്ടെന്നും അത് കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടി കെ അഭിലാഷ് അധ്യക്ഷനായി. നാലെ രാവിലെ 10ന് പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരിയും ഉച്ചയ്ക്ക് മൂന്നിന് സാംസ്കാരിക സമ്മേളനം മന്ത്രി ജെ ചിഞ്ചുറാണിയും ഉദ്ഘാടനം ചെയ്യും.
സമ്മേളനം വൈകിട്ട് സമാപിക്കും. 

Exit mobile version