Site iconSite icon Janayugom Online

എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും

എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും. കേരളത്തിൽ 4,17,497 കുട്ടികളാണ് പത്താംക്ലാസ് പരീക്ഷ എഴുതുന്നത്. 3,031 പരീക്ഷ കേന്ദ്രങ്ങളാണ് ഉള്ളത്. ഗൾഫ് മേഖലയിൽ 633 കുട്ടികളും ലക്ഷദ്വീപിൽ 386 കുട്ടികളും പരീക്ഷക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരീക്ഷ നടത്തിപ്പിന് 26,000 അധ്യാപകരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്നും രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ നാളെയും ആരംഭിക്കും. 4,11,025 വിദ്യാർത്ഥികൾ ഒന്നാം വർഷ പരീക്ഷയും 4,52,437 വിദ്യാർത്ഥികൾ രണ്ടാം വർഷ പരീക്ഷയും എഴുതും. 

34,122 വിദ്യാർത്ഥികളാണ് ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്നത്. എസ്എസ്എല്‍സി മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ ഏഴിന് ആരംഭിച്ച് 28ന് പൂർത്തിയാകും. മേയ് മൂന്നാംവാരത്തിനുള്ളിൽപരീക്ഷകളുടെ ഫലപ്രഖ്യാപനം നടത്തും. ഹയർസെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം ഏപ്രിൽ ആറിന് ആരംഭിക്കും. മേയ് 22ന് ഫലപ്രഖ്യാപനം നടത്തും. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ ഒന്നും രണ്ടും വർഷങ്ങളിലായി 53,655 വിദ്യാർത്ഥികൾ പരീക്ഷ എഴുതും. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ എസ്എസ് എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ മാറ്റി വച്ചിട്ടുണ്ട്. ഇന്നത്തെ എസ്എസ്എൽസി പരീക്ഷയും ഏഴ് വരെയുള്ള ഹയർ സെക്കൻഡറി പരീക്ഷകളുമാണ് മാറ്റി വച്ചിട്ടുള്ളത്. 

Exit mobile version