Site iconSite icon Janayugom Online

വെെദ്യുതി ബോര്‍ഡിന് മൂക്കുകയര്‍ ; റഗുലേറ്ററി കമ്മിഷനും നിയന്ത്രണം

സംസ്ഥാനത്തെ വെെദ്യുതി പ്രതിസന്ധിയിലേക്ക് ചാടിക്കുന്ന വെെദ്യുതിബോര്‍ഡിനും വെെദ്യുതി റഗുലേറ്ററി കമ്മിഷനും സര്‍ക്കാര്‍ മൂക്കുകയറിടുന്നു. പിരിഞ്ഞുകിട്ടാനുള്ള സഹസ്രകോടികളുടെ കുടിശിക അടിയന്തരമായി പിരിച്ചെടുക്കണമെന്ന് ബോര്‍ഡിന് കര്‍ശന നിര്‍ദേശം നല്‍കി. കുറഞ്ഞ വിലയില്‍ പുറത്തുനിന്നും വെെദ്യുതി വാങ്ങാനുണ്ടാക്കിയ കരാര്‍ റദ്ദാക്കിയത് ഉടനടി പുനഃസ്ഥാപിക്കണമെന്ന് റഗുലേറ്ററി കമ്മിഷന് കഴിഞ്ഞദിവസം സര്‍ക്കാര്‍ നല്‍കിയ കത്തിലും ആവശ്യപ്പെട്ടിട്ടുണ്ട്. കരാര്‍ റദ്ദാക്കിയതിലൂടെ വെെദ്യുതി പ്രതിസന്ധിക്കിടയാക്കിയ സാഹചര്യത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതിന് കമ്മിഷന്‍ പറഞ്ഞ കാരണങ്ങളൊന്നും സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. ഏത് സര്‍ക്കാര്‍ വന്നാലും വെെദ്യുതിബോര്‍ഡ് ഒരു സ്വതന്ത്ര റിപ്പബ്ലിക്ക് പോലെ പ്രവര്‍ത്തിക്കുന്നതിനാണ് കടിഞ്ഞാണിടുന്നത്. കാലാകാലങ്ങളില്‍ റഗുലേറ്ററി കമ്മിഷനുമായി ഒത്തുകളിച്ച് വെെദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്ന ബോര്‍ഡിന് പിരിഞ്ഞുകിട്ടാനുള്ളത് ഇക്കഴിഞ്ഞ ജൂണ്‍ വരെ 3595.69 കോടി രൂപയാണ്. ബോര്‍ഡിന്റെ കഴിഞ്ഞ വര്‍ഷത്തെ നഷ്ടം 2212.2 കോടിയും. സഞ്ചിതനഷ്ടം 29,344.18 കോടി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പിരിഞ്ഞുകിട്ടാനുള്ള സഹസ്രകോടികളില്‍ പിരിച്ചെടുത്തത് 300 കോടിയില്‍ താഴെ മാത്രം. സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് പിരിഞ്ഞുകിട്ടാനുള്ളത് 146 കോടി. ജല അതോറിട്ടിയുടെ കുടിശിക 645 കോടി.

സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ കടം പറഞ്ഞത് 1768 കോടി. സ്വകാര്യ സ്ഥാപനങ്ങളുടെ കുടിശിക 1091 കോടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കുടിശിക വരുത്തിയത് 6.74 കോടി. ഗാര്‍ഹിക ഉപഭോക്താക്കളുടെ കുടിശിക 389.81 കോടി. ഇതില്‍ മിക്കവയും നീതിരഹിതമായി ബോര്‍ഡ് നല്‍കിയ വമ്പന്‍ ബില്ലുകളിന്മേലുള്ള വ്യവഹാരങ്ങളില്‍പ്പെട്ടവയാണ്. വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ നല്‍കാന്‍ വെെദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ബോര്‍ഡിന്റെ തീരുമാനം കഴിഞ്ഞ മാസമാണ് ഹെെക്കോടതി റദ്ദാക്കിയത്. പിരിഞ്ഞുകിട്ടാനുള്ള കോടികള്‍ പിരിച്ചെടുക്കുന്നതിന് പകരം കൃത്യമായ ഇടവേളകളില്‍ നിരക്ക് വര്‍ധിപ്പിച്ച് ജനങ്ങളെ സര്‍ക്കാരിനെതിരാക്കുകയും പ്രതിരോധത്തിലാക്കുകയും ചെയ്യുന്ന ബോര്‍ഡിന് മൂക്കുകയറിട്ടില്ലെങ്കില്‍ ഭാവിയില്‍ ന്യായമായ നിരക്ക് വര്‍ധനയ്ക്ക് പോലും സര്‍ക്കാരിന് നിര്‍വാഹമില്ലാതെ വരും.

ഭീമമായ കുടിശിക പിരിച്ചെടുക്കാതെ നിരന്തരം വെെദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നതിനെതിരെ ചില കേന്ദ്രങ്ങള്‍ ഹെെക്കോടതിയെ സമീപിക്കാനിരിക്കുന്നത് മണത്തറിഞ്ഞാണ് അടിയന്തരമായി കുടിശിക പിരിക്കാന്‍ ബോര്‍ഡിന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയതെന്നും സൂചനയുണ്ട്. ‌റഗുലേറ്ററി കമ്മിഷന്‍ ഇല്ലാത്ത അധികാരങ്ങള്‍ എടുത്തുപയോഗിച്ച് സൃഷ്ടിച്ച വെെദ്യുതി പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ഭഗീരഥ പ്രയത്നം നടത്തുന്നതിനിടെ കമ്മിഷനെ കയറൂരിവിടാന്‍ ഇനി സാധ്യമല്ലെന്ന മുന്നറിയിപ്പാണ് ഇന്നലെ കമ്മിഷനു നല്‍കിയ കത്തിലുള്ളത്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒപ്പിട്ട ദീര്‍ഘകാല കരാറനുസരിച്ച് യൂണിറ്റിന് 3.60 രൂപ, 4.15 രൂപ, 4.35 രൂപ നിരക്കില്‍ 2033 വരെ വെെദ്യുതി ലഭ്യമാക്കാന്‍ പുറത്തുള്ള കമ്പനികളുമായി ധാരണയായിരുന്നു. ഈ കരാര്‍ 2033 വരെ പ്രാബല്യത്തിലുണ്ടായിരുന്നു. ഇത് റദ്ദാക്കി ബോര്‍ഡിന് പ്രതിവര്‍ഷം 2064 കോടി നഷ്ടമുണ്ടാക്കുന്ന വിധത്തില്‍ യൂണിറ്റിന് 9.9 രൂപ വരെ നിരക്കില്‍ പുതിയ കരാറുണ്ടാക്കാന്‍ വെെദ്യുതി ബോര്‍ഡിലെ ഒരു യൂണിയന്‍ നേതാവും ബോര്‍ഡിലെയും റഗുലേറ്ററി കമ്മിഷനിലെയും ഏതാനും പ്രമുഖരും ചേര്‍ന്ന അച്ചുതണ്ട് തീരുമാനിച്ചത് പുതിയ കരാറുണ്ടാക്കിയ അഡാനി പവര്‍, ഡിപി പവര്‍ എന്നിവയില്‍ നിന്നും കോടികള്‍ കമ്മിഷനടിക്കാനാണെന്ന് പ്രാഥമികാന്വേഷണത്തില്‍ വിജിലന്‍സ് കണ്ടെത്തിയതായി ‘ജനയുഗം’ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ സ്ഥിരീകരണമായിരുന്നു ബോര്‍ഡിന് സര്‍ക്കാര്‍ നല്‍കിയ കര്‍ശന നിര്‍ദേശവും കമ്മിഷന് നല്‍കിയ ഉത്തരവും.

Eng­lish Sum­ma­ry: Ker­ala State Elec­tric­i­ty Board
You may also like this video

Exit mobile version