Site icon Janayugom Online

യക്ഷഗാനത്തിൽ മനം കവർന്ന് സെന്റ് തെരേസസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികൾ

സംഗീത‑സാഹിത്യ‑നൃത്ത്യാദികൾ ഒ­ത്തൊരുമിക്കുന്ന പരിപൂർണ കലാരൂപമാണ് യക്ഷഗാനം. തട്ടിൽ കയറുന്നതിന് പിന്നിൽ വലിയ പ്രയത്നം ആവശ്യമുള്ള കലാരൂപം. സംഭാഷണങ്ങൾ പഠിച്ചെടുക്കാൻ തന്നെ സമയമേറെയെടുക്കും. തുളുനാടൻ തനത് കലാരൂപമായ യക്ഷഗാനം ആദ്യമായാണ് കണ്ണൂർ സെന്റ് തെരേസസ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ കലോത്സവ വേദിയിലെത്തിച്ചത്.
എന്നാൽ പഠിച്ചെടുക്കാൻ വലിയ പ്രയാസമുള്ള കലാരൂപം മനോഹരമായി അവതരിപ്പിച്ച് വിദ്യാർത്ഥികൾ വേദി കീഴടക്കി. യക്ഷഗാന പരിശീലകൻ രഞ്ജിത്തിന്റെ കീഴിൽ കടുത്ത പരിശീലനത്തിന് ശേഷമാണ് വിദ്യാർത്ഥികൾ മലബാറിന്റെ മണ്ണിൽ തങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കിയത്.

സെന്റ് തെരേസസ് സ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥികളായ പ്രാർത്ഥന, കേശിനി, സിയ, അനന്യ, തേജസ്വി, നദ, ഹയ തുടങ്ങിയവരാണ് വേദി പതിനൊന്നു മുപ്പിലശ്ശേരിയിൽ നാട്യവും കന്നഡ സാഹിത്യവും, സംഗീതവും പൊഴിച്ചു തിളങ്ങിയത്. കാസർകോട് ജില്ലയിൽ പ്രചാരത്തിലുള്ള യക്ഷഗാനം എന്ന കലാരൂപത്തെ പുറം ലോകത്തെത്തിക്കുന്നതിൽ സ്കൂൾ കലോത്സവങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.

പരിശീലകരുടെ കുറവാണ് യക്ഷഗാനം പഠിക്കാൻ താല്പര്യപ്പെടുന്ന വിദ്യാർത്ഥികൾ നേരിടുന്ന പ്രധാന പ്രതിസന്ധി. സബ്‌ജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ വരെ ഒരു ടീമിനെ വേദിയിലെത്തിക്കാൻ ലക്ഷങ്ങൾ ചെലവ് വരും എന്നതും കന്നഡ ഭാഷയിലാണ് സംഭാഷണങ്ങളും സംഗീതവുമൊക്കെ എന്നുള്ളതും വലിയ വെല്ലുവിളിയാണ്.

Eng­lish Sum­ma­ry; ker­ala state school kalol­savam 2023
You may also like this video

Exit mobile version