2024ലെ കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ സാംസ്കാരിക മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. അമൃത ടി വി സംപ്രേഷണം ചെയ്യുന്ന ‘മഴയെത്തും മുൻപേ’ മികച്ച ടെലി സീരിയലായും (സംവിധാനം: ജിജോ വർഗീസ് ആന്റണി), അതിലെ അഭിനേതാക്കളായ കൃഷ്ണചന്ദ്രൻ മികച്ച നടനായും, ശ്രീധന്യയെ മികച്ച നടിയായും തെരഞ്ഞെടുത്തു. കൗമുദി ടിവിയുടെ ‘വസുധ’ (സംവിധാനം: സൂരജ് എസ് എസ്) ആണ് രണ്ടാമത്തെ മികച്ച സീരിയൽ. കിഷോർ റോഷിക്, ജാനകി മന്ത്ര എന്നിവരാണ് രണ്ടാമത്തെ മികച്ച നടീനടന്മാർ. മികച്ച ടെലിഫിലിമുകൾക്കുള്ള പുരസ്കാരം ‘മൊളഞ്ഞി’ (20 മിനിറ്റിൽ കുറഞ്ഞത്), ‘എഫ് ഫോർ ഫ്രീഡം’ (20 മിനിറ്റിൽ കൂടിയത്) എന്നീ ടെലിഫിലിമുകൾ സ്വന്തമാക്കി. മികച്ച സംവിധായകനായി അമോസിനെയും (ഒപ്പോണന്റ്), മികച്ച ബാലതാരമായി ബേബി അമേയയെയും (സ്വർഗവാതിൽപ്പക്ഷി, ഉപ്പും മുളകും) തെരഞ്ഞെടുത്തു. മഴവിൽ മനോരമയിലെ ‘മറിമായം’ മികച്ച ടിവി ഷോയ്ക്കും (എന്റർടൈൻമെന്റ്), ഫ്ലവേഴ്സ് ടിവിയിലെ ‘ഫ്ലവേഴ്സ് കോമഡി ഇത് ഐറ്റം വേറെ’ മികച്ച കോമഡി പ്രോഗ്രാമിനുമുള്ള അവാർഡുകൾ നേടി.
സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

