Site iconSite icon Janayugom Online

കേരളം മദ്യക്ഷാമത്തിലേക്ക്; ബെവ്‌കോയുടെ സ്റ്റോക്കിലുള്ളത് എട്ട് ദിവസത്തെ മദ്യം

സംസ്ഥാനത്തെ ഡിസ്റ്റിലറി ഉടമകളുടെ സമരവും സ്പിരിറ്റു വിലയിലുണ്ടായ ഗണ്യമായ വിലവര്‍ധനവും കാരണം സംസ്ഥാനം രൂക്ഷമായ മദ്യക്ഷാമത്തിലേക്ക്. കഷ്ടിച്ച് പന്ത്രണ്ട് ദിവസം വിതരണത്തിനുള്ള മദ്യം മാത്രമാണ് ഗോഡൗണുകളില്‍ സ്റ്റോക്കുള്ളതെന്ന് ബിവറേജസ് കോര്‍പറേഷന്‍ വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ വെറും ഏഴ് ലക്ഷം കെയ്സ് മദ്യമേ സ്റ്റോക്കുള്ളു എന്നാണ് ഗോഡൗണുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ വെളിപ്പെടുത്തല്‍. പ്രതിദിനം ബെവ്‌കോ വിതരണം ചെയ്യുന്നത് എഴുപതിനായിരം കെയ്സ്. ഇത് പരമാവധി എട്ട് ദിവസത്തെ വിതരണത്തിനു മാത്രം തികയും. മദ്യനിര്‍മ്മാണത്തിനുള്ള സ്പിരിറ്റിന്റെ വില ലിറ്ററിന് 52 രൂപയില്‍ നിന്ന് എണ്‍പതോളം രൂപയായി കുതിച്ചുയര്‍ന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടി.

എന്നാല്‍ ഈ വിലവര്‍ധനയ്ക്കനുസരിച്ച് മദ്യത്തിന്റെ വില വര്‍ധിപ്പിക്കണമെന്ന ഡിസ്റ്റിലറി-ബ്രൂവറി ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചതോടെ സംസ്ഥാനത്തെ മദ്യനിര്‍മ്മാതാക്കള്‍ ഉല്പാദനം പൂര്‍ണമായി നിര്‍ത്തലാക്കി. മദ്യത്തിന്റെ വില വര്‍ധിപ്പിക്കുന്നത് പ്രായോഗികമല്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ മദ്യനിര്‍മ്മാതാക്കളുടെ ലാഭത്തില്‍ 12 ശതമാനം ലാഭവര്‍ധനയുണ്ടാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശവും ബ്രൂവറി-ഡിസ്റ്റിലറി ഉടമകള്‍ക്കു സ്വീകാര്യമായില്ല. ഡിസ്റ്റിലറികളിലെ തൊഴിലാളികളുടെ വേതനവര്‍ധനവിനുള്ള സര്‍ക്കാര്‍ തീരുമാനവും മദ്യോല്പാദകരെ പ്രകോപിതരാക്കി. മാത്രമല്ല മദ്യം നിറയ്ക്കുന്ന പ്ലാസ്റ്റിക് കുപ്പികളുടെ ഗുണമേന്മ കുറച്ചും വിലകുറഞ്ഞ മദ്യയിനങ്ങളുടെ നിര്‍മ്മാണം താളത്തിലാക്കിയും വിലകൂടിയ മദ്യബ്രാന്‍ഡുകളുടെ ഉല്പാദനം വര്‍ധിപ്പിച്ചും ലാഭം കൊയ്യാനാണ് ഇപ്പോള്‍ നിര്‍മ്മാതാക്കളുടെ നീക്കം.

മൊളാസസിന്റെയും ധാന്യങ്ങളുടെയും വിലവര്‍ധനമൂലം എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വന്‍ വിലവര്‍ധനമൂലം ജനപ്രിയ ബ്രാന്‍ഡായ ജവാന്‍ റമ്മിന്റെ നിര്‍മ്മാണം അപ്പാടെ നിലച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ മദ്യനിര്‍മ്മാണ കമ്പനിയായ ട്രാവന്‍കൂര്‍ ഷുഗേഷ് കെമിക്കല്‍സിലെ വിലകുറഞ്ഞ ഈ മദ്യം സംസ്ഥാനത്ത് വിറ്റഴിക്കുന്ന മദ്യത്തിന്റെ 40 ശതമാനത്തോളമാണ്. ഇതിന്റെ നിര്‍മ്മാണം നിലച്ചതോടെ കുടിയന്മാരുടെ ഈ ഇഷ്ടബ്രാന്‍ഡ് വിപണിയില്‍ നിന്ന് ഏകദേശം അപ്രത്യക്ഷമായിക്കഴിഞ്ഞു. ഉല്പാദകരുടെ സമരംമൂലം സംസ്ഥാനത്തെ എല്ലാ ഡിസ്റ്റിലറികളിലും ബ്രൂവറികളിലും ഇപ്പോള്‍ തൊഴിലാളികള്‍ക്ക് ലേ ഓഫ് പ്രഖ്യാപിച്ചിരിക്കുകയാണ്. വിലകുറഞ്ഞ മദ്യയിനങ്ങളുടെ ഉല്പാദനം കുറച്ചും വിലയേറിയവയുടെ നിര്‍മ്മാണം കൂട്ടിയും സംസ്ഥാനത്തിന്റെ തനത് മദ്യമായ ജവാന്റെ ഉല്പാദനം തളര്‍ത്തുക എന്ന തന്ത്രം കൂടിയാണിപ്പോള്‍ സ്വകാര്യ മദ്യനിര്‍മ്മാതാക്കള്‍ പയറ്റുന്നത്.

വിലകൂടിയ മദ്യങ്ങള്‍ മാത്രം വില്ക്കുന്നതോടെ ബിവറേജസ് കോര്‍പറേഷനും ഉല്പാദകര്‍ക്കും വന്‍ ലാഭം കൊയ്യാനുമാകും. അറുപത് ശതമാനത്തോളം പേര്‍ വിലകുറഞ്ഞ മദ്യയിനങ്ങളെയാണ് ആശ്രയിക്കുന്നത്. അവരെയാണ് ഇത് ബാധിക്കുക. ‌നികുതിയിളവുകള്‍ നല്കിയും മദ്യയിനങ്ങളുടെ വില വര്‍ധിപ്പിച്ചും പ്രതിസന്ധി മറികടക്കണമെന്ന മദ്യനിര്‍മ്മാതാക്കളുടെ ആവശ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എക്സെെസ് മന്ത്രി എം ബി രാജേഷ് യോഗം ചേര്‍ന്നിരുന്നുവെങ്കിലും തീരുമാനമായില്ല. നികുതിയിളവ് അനുവദിക്കാനാവില്ലെന്ന് ധനവകുപ്പും വ്യക്തമാക്കി. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തന്നെയാണ് കാരണം. ബെവ്കോ ഔട്ട്‌ലെറ്റുകള്‍ക്കുള്ളില്‍ ഉപഭോക്താക്കള്‍ക്കു പ്രവേശിച്ച് വില കുറഞ്ഞയിനം മദ്യം തിരഞ്ഞെടുക്കാന്‍ ആരംഭിച്ച സംവിധാനവും പാളി. കൂട്ടത്തോടെയെത്തുന്ന മദ്യപര്‍ എല്ലായിനം മദ്യങ്ങളും ഒളിച്ചുകടത്തുന്ന പ്രവണത തുടര്‍ക്കഥയായി. ഇതുമൂലം കോര്‍പറേഷന് ചെറുതല്ലാത്ത നഷ്ടമാണുണ്ടാക്കിയത്. ഈ പ്രതിസന്ധി മുതലെടുത്ത് സംസ്ഥാനത്ത് വ്യാജ വിദേശ മദ്യനിര്‍മ്മാണ കേന്ദ്രങ്ങള്‍ കൂണുകള്‍ പോലെ മുളച്ചുപൊന്തുന്നുവെന്ന എക്സെെസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പും ആശങ്കയായി വളരുന്നു.

Eng­lish Sum­ma­ry: Ker­ala to alco­hol shortage
You may also like this video

Exit mobile version