Site icon Janayugom Online

കേരളവും മല്ലികാര്‍ജ്ജുന ഖാര്‍ഗെക്കൊപ്പം; തരൂരിനൊപ്പം ശബരിയും,കുഴല്‍നാടനും

കോൺഗ്രസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ശശി തരൂരിനെ കൈവിട്ട്‌ കെപിസിസി നേതൃത്വം. മല്ലികാർജുൻ ഖാർഗെയ്ക്ക് വോട്ട് ചെയ്യുമെന്ന്‌ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കഴിഞ്ഞദിവസം ആവർത്തിച്ചത്‌ തരൂരിന്‌ വോട്ടു ചെയ്യാൻ തീരുമാനിച്ചവർക്കുള്ള മുന്നറിയിപ്പായി.പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനടക്കം ദേശീയ നേതൃത്വത്തിന്റെ സ്ഥാനാർഥി മല്ലികാർജുൻ ഖാർഗെയ്‌ക്ക്‌ ഒപ്പമാണ്‌. രമേശ്‌ ചെന്നിത്തലയ്‌ക്കാണ്‌ ഖാർഗെയുടെ ദേശീയാടിസ്ഥാനത്തിലുള്ള പ്രചാരണത്തിന്റെ നേതൃത്വം. ഇതെല്ലാം തരൂരിന്‌ തിരിച്ചടിയായി.

മാത്യു കുഴൽനാടൻ, കെ എസ്‌ ശബരീനാഥ്‌ എന്നിവരിലേക്ക്‌ തരൂർ പക്ഷം ഒതുങ്ങി.കേരളത്തിൽനിന്ന്‌ മുപ്പതിൽതാഴെ വോട്ടുമാത്രം തരൂർ പ്രതീക്ഷിച്ചാൽ മതിയെന്ന്‌ ഒരു നേതാവ്‌ ചുണ്ടിക്കാട്ടി. 303 സജീവ വോട്ടാണ്‌ കേരളത്തിലുള്ളത്‌. ബ്ലോക്കുതലത്തിൽനിന്നുള്ള 280 പേരും ഒമ്പത്‌ കെപിസിസി മുൻ പ്രസിഡന്റുമാരും പാർലമെന്ററി പാർടിയിൽനിന്നുള്ള 14 പേരും ഉൾപ്പെടുന്നു. അന്തരിച്ച പ്രതാപവർമ തമ്പാൻ, ആര്യാടൻ മുഹമ്മദ്, പുനലൂർ മധു എന്നിവരും വോട്ടർ പട്ടികയിലുണ്ടായിരുന്നു.തിങ്കൾ രാവിലെ 10 മുതൽ നാലുവരെ ഇന്ദിരാ ഭവനിലാണ്‌ കേരളത്തിലെ വോട്ടെടുപ്പ്‌.

പ്രാദേശിക വരണാധികാരി ജി പരമേശ്വര നേതൃത്വം നൽകും. മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ളവർ വോട്ടുചെയ്യാനെത്തുമെന്നാണ്‌ നേതൃത്വത്തിന്റെ പ്രതീക്ഷ. വി എം സുധീരൻ മകനൊപ്പം അമേരിക്കയിലാണ്‌.കോൺഗ്രസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ വോട്ട്‌ രേഖപ്പെടുത്താൻ നമ്പരിനു പകരം ശരി ചിഹ്നം ആക്കണമെന്ന തരൂർ പക്ഷത്തിന്റെ ആവശ്യത്തിന്‌ അംഗീകാരം. വോട്ട്‌ ചെയ്യാനെത്തുന്നവർ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ആദ്യം പരിഗണിക്കുന്ന സ്ഥാനാർഥിയുടെ പേരിന്‌ മുന്നിൽ ഒന്ന്‌ എന്ന്‌ രേഖപ്പെടുത്തണമെന്നായിരുന്നു നിർദേശം.

ബാലറ്റിൽ ഒന്നാമത്തെ പേര്‌ മല്ലികാർജുൻ ഖാർഗെയും രണ്ടാമത്തേത്‌ ശശി തരൂരിന്റേതുമാണ്‌.ഫലത്തിൽ ഖാർഗെയ്‌ക്ക്‌ വോട്ടുചെയ്യണമെന്ന സന്ദേശമാകും വോട്ടർമാർക്ക്‌ ലഭിക്കുകയെന്നും തരൂർപക്ഷം ആശങ്ക പ്രകടിപ്പിച്ചു. തുടർന്ന്‌, ശരി ചിഹ്നം രേഖപ്പെടുത്തി വോട്ടുചെയ്യണമെന്ന്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ അതോറിറ്റി ചെയർമാൻ മധുസൂധൻ മിസ്‌ത്രിക്ക്‌ പരാതി നൽകുകയായിരുന്നു.

Eng­lish Summary:
Ker­ala too with Mallikar­ju­na Kharge; Sabari and Kuzhal­nadan with Tharoor

You may also like this video:

Exit mobile version