Site icon Janayugom Online

നിതി ആയോ​ഗ് ദേശീയ ആരോ​ഗ്യ സൂചികയിൽ കേരളം വീണ്ടും ഒന്നാമത്

കേരളത്തിന് വീണ്ടും ദേശീയതലത്തില്‍ അംഗീകാരം. കോവിഡ് കാലത്തെ ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി. നിതി ആയോ​ഗിന്റെ 2020–21 വർഷത്തെ വാർഷിക ആരോ​ഗ്യ സൂചികയിലാണ് ഒന്നാമതെത്തിയത്.
വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ കേരളം ഒന്നാം സ്ഥാനവും തമിഴ്‌നാട്, തെലങ്കാന എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ ത്രിപുര ഒന്നാമതെത്തിയപ്പോൾ കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഡൽഹി എറ്റവും അവസാനത്തേക്ക് താഴ്ന്നുവെന്ന് ദി ഇന്ത്യൻ എക്‌സ‌്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 

24 ആരോ​ഗ്യ സൂചകങ്ങൾ ഉൾക്കൊള്ളുന്ന കോമ്പോസിറ്റ് സ്കോറിങ് രീതി ഉപയോ​ഗിച്ച് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ആരോ​ഗ്യ സൂചിക കണക്കാക്കുന്ന രീതി 2017ലാണ് നിതി ആയോ​ഗ് ആരംഭിക്കുന്നത്. കേന്ദ്ര ആരോഗ്യ– കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും ലോക ബാങ്കിന്റെയും സഹകരണത്തോടെയാണ് ഇത് ആരംഭിച്ചത്. നിലവിൽ അഞ്ചാമത്തെ സൂചികാ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എന്നാൽ 2022 ഡിസംബറിൽ പുറത്തു വിടേണ്ട കണക്കുകൾ ഇതുവരെ ഔദ്യോ​ഗികമായി നിതി ആയോ​ഗ് പുറത്തുവിട്ടിട്ടില്ല. 

വർഷാവർഷമുള്ള പുരോ​ഗതിയുടെയും മുഴുവനായുള്ള പ്രകടനത്തിന്റെയും അടിസ്ഥാനത്തിലാണ് നിതി ആയോ​ഗ് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും റാങ്കുകൾ നിശ്ചയിക്കുന്നത്. 19 വലിയ സംസ്ഥാനങ്ങൾ, എട്ട് ചെറിയ സംസ്ഥാനങ്ങൾ, എട്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിങ്ങനെ തിരിച്ചാണ് റാങ്കുകൾ തീരുമാനിക്കുന്നത്. വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ മുൻ വർഷങ്ങളിലും കേരളം തന്നെയായിരുന്നു ഒന്നാമത്.
19 വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ മധ്യപ്രദേശ്(17), ഉത്തർപ്രദേശ് (18), ബിഹാര്‍(19) എന്നിവയാണ് അവസാന സ്ഥാനങ്ങളിൽ. വലിയ സംസ്ഥാനങ്ങളില്‍ രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഒഡിഷ എന്നിവ ആരോഗ്യമേഖലയില്‍ പുരോഗതി കൈവരിച്ചതായി നിതി ആയോഗ് വിലയിരുത്തുന്നു. ചെറിയ സംസ്ഥാനങ്ങളിൽ ത്രിപുര, സിക്കിം, ​ഗോവ എന്നിവ ആദ്യ സ്ഥാനത്തെത്തിയപ്പോൾ മണിപ്പൂർ അവസാന സ്ഥാനത്തായി. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ലക്ഷദ്വീപിനാണ് ഒന്നാം സ്ഥാനം. 

Eng­lish Summary:Kerala tops the NITI Aayog Nation­al Health Index again

You may also like this video

Exit mobile version