Site iconSite icon Janayugom Online

മണ്‍സൂണില്‍ അറബ് സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി കേരള ടൂറിസം

tourismtourism

മണ്‍സൂണില്‍ അറബ് രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി കേരള ടൂറിസം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള സഞ്ചാരികളെ കേരളം പ്രതീക്ഷിക്കുന്നത്. ഇതിനായി അറബ് രാജ്യങ്ങളില്‍ നിരവധി പ്രചാരണ പരിപാടികളാണ് കേരള ടൂറിസം ഒരുക്കുന്നത്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏഴു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ കനത്ത ചൂടാണ്. ഈ സമയത്താണ് മികച്ച കാലാവസ്ഥയുള്ള കേരളമുള്‍പ്പെടെയുള്ള ഡെസ്റ്റിനേഷനുകള്‍ അവധിക്കാലം ചെലവിടുന്നതിനായി അറബ് സഞ്ചാരികള്‍ തെരഞ്ഞെടുക്കാറ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ മഴക്കാലവും തണുത്ത അന്തരീക്ഷവുമാണെന്നത് കേരളത്തിന് അനുകൂലമാണ്. ആയുര്‍വേദ ചികിത്സ, വെല്‍നെസ് ടൂറിസം എന്നിവയ്ക്കും അനുയോജ്യമായ കാലാവസ്ഥയാണിത്. ഈ അനുകൂല അന്തരീക്ഷവും കേരളത്തിന്റെ പ്രകൃതിഭംഗിയും ആസ്വദിക്കാനാണ് മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള സഞ്ചാരികള്‍ എത്താറുള്ളത്.

ദുബൈ, ദോഹ ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റിലെ വിമാനത്താവളങ്ങളിലും അറബ് റേഡിയോകളും ദൃശ്യമാധ്യമങ്ങളും വഴിയും കേരളത്തിലെ മണ്‍സൂണ്‍ ടൂറിസത്തെക്കുറിച്ച് പരസ്യപ്രചാരണങ്ങള്‍ നടത്തും. ഇക്കഴിഞ്ഞ മേയില്‍ അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടില്‍ (എടിഎം ദുബൈ) പങ്കെടുത്ത കേരള ടൂറിസം റിയാദ്, ദമാം, മസ്കറ്റ് എന്നിവിടങ്ങളില്‍ റോഡ് ഷോയും സംഘടിപ്പിച്ചു. ഇത് മിഡില്‍ ഈസ്റ്റില്‍ കേരളത്തിന്റെ ടൂറിസം ഉല്പന്നങ്ങളെ ഫലപ്രദമായി പ്രദര്‍ശിപ്പിക്കാന്‍ സഹായകമായി.
കോവിഡിന് ശേഷം ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച കേരളം ഇനി ലക്ഷ്യമിടുന്നത് സംസ്ഥാനത്തേക്കുള്ള വിദേശ സഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കാനാണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള സഞ്ചാരികളുടെ ഒഴുക്ക് നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയുള്ള പ്രചാരണ പരിപാടികള്‍ക്കാണ് കേരള ടൂറിസം തുടക്കമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വലിയ സംഘങ്ങളായി എത്താറുള്ള അറബ് സഞ്ചാരികള്‍ നിശ്ചിത ഡെസ്റ്റിനേഷനുകളില്‍ ദിവസങ്ങളോളം ചെലവിടുന്നതാണ് പതിവ്. സഞ്ചാരികളുടെ ഈ അഭിരുചി കണക്കിലെടുത്തുകൊണ്ടുള്ള ആകര്‍ഷകമായ പാക്കേജുകള്‍ ഒരുക്കാനാണ് കേരളം തയ്യാറെടുക്കുന്നത്. 2019 ല്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്ന് ഒന്നര ലക്ഷത്തോളം സഞ്ചാരികളാണ് കേരളത്തില്‍ എത്തിയത്. ന്യൂയോര്‍ക്ക് ടൈംസ്, ടൈം മാഗസിന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ടൂറിസം ഡെസ്റ്റിനേഷനുകളുടെ പട്ടികയില്‍ കേരളത്തെ ഉള്‍പ്പെടുത്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്.

Eng­lish Sum­ma­ry: Ker­ala tourism is ready to wel­come Arab tourists in monsoon

You may also like this video

Exit mobile version