Site iconSite icon Janayugom Online

കേരള ട്രേഡ് സെന്റർ അഴിമതി; കേരള ചേംബർ മുൻഭാരവാഹികളുടെ സ്വത്ത് കണ്ടുകെട്ടി

കേരള ട്രേഡ് സെന്ററിലെ വാണിജ്യാവശ്യത്തിനുള്ള സ്ഥലം വിൽപ്പനയുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ വ്യവസായി കെ എൻ മർസൂക്കിന്റെയും മറ്റുരണ്ടുപേരുടെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 6.03 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ മുൻ ഡയറക്ടറാണ് മർസൂക്ക്. ഇദ്ദേഹത്തിന്റെ സഹോദരൻ കെ എൻ ഫസർ, ചേംബർ മുൻ ചെയർമാൻ ഇ പി ജോർജ് എന്നിവരാണ് മറ്റു പ്രതികൾ.

മൂവരുടെയും പേരിലുള്ള ഭൂമി, വീടുകൾ, കേരള ട്രേഡ് സെന്ററിലെ ഓഫീസുകൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവയാണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിച്ചതായ പരാതിയുടെ അടിസ്ഥാനത്തിൽ മൂവർക്കുമെതിരെ എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ജി ഗിരീഷ്ബാബുവാണ് പരാതിക്കാരൻ. ചേംബറിന്റെ ഭാരവാഹിസ്ഥാനം ദുരുപയോഗിച്ച് സ്ഥലവിൽപ്പനയുടെ മറവിൽ ഇവർ കോടികളുടെ കള്ളപ്പണം ഇടപാട് നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ചെറുപുഷ്പം ഫിലിംസുമായി ചേർന്ന് ചേംബർ 2003ൽ മേനക ജങ്ഷനിൽ നിർമിച്ച കേരള ട്രേഡ് സെന്ററിലെ വാണിജ്യാവശ്യത്തിനുള്ള സ്ഥലവിൽപ്പനയുടെ മറവിലായിരുന്നു തട്ടിപ്പ്. വിൽപ്പനരേഖകളിൽ വിലകുറച്ച് കാണിച്ചശേഷം കോടികൾ കള്ളപ്പണമായി കൈപ്പറ്റിയെന്നാണ് കേസ്. ഇത്തരത്തിൽ പത്തോളം ഇടപാടുകൾ നടത്തി. കെ എൻ ഫസറും ഇ പി ജോർജുമാണ് ഇടനിലക്കാരായത്. ഈ കള്ളപ്പണം ഉപയോഗിച്ച് രാജ്യത്തിനകത്തും പുറത്തും മൂവരും സ്വത്തുക്കൾ സമ്പാദിച്ചു. മിഡിൽ ഈസ്റ്റ് ബ്രോഡ്കാസ്റ്റിങ് നെറ്റ‌് വർക് എന്ന പേരിൽ ചാനൽ കമ്പനി രൂപീകരിക്കാനും കള്ളപ്പണം നിക്ഷേപിച്ചു. ടിവി ന്യൂ എന്ന പേരിൽ ചാനൽ ആരംഭിച്ചെങ്കിലും മർസൂക്കിനെതിരായ കേസുകളുടെ ഭാഗമായി ഇതിന്റെ സംപ്രേഷണം കേന്ദ്ര വാർത്താവിതരണ മന്ത്രാലയം പിന്നീട് തടഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു.

പി കെ കുഞ്ഞാലിക്കുട്ടി വ്യവസായമന്ത്രിയായിരിക്കെ 2003ൽ സംഘടിപ്പിച്ച ജിമ്മിലൂടെയാണ് കേരള ട്രേഡ് സെന്റർ എന്ന അഴിമതിപദ്ധതിയുടെ തുടക്കം. വാണിജ്യ കേന്ദ്രമായി നിർമിക്കാൻ സർക്കാരിൽനിന്ന് ഇളവുകൾ നേടിയെടുത്തശേഷം റിയൽ എസ്റ്റേറ്റ് പദ്ധതിയായി മാറ്റുകയായിരുന്നു. 11 നില നിർമിക്കാനായിരുന്നു അനുമതിയെങ്കിലും 13 നിലയുണ്ടാക്കി. വാണിജ്യാവശ്യത്തിനുള്ള മുറികൾക്കുപുറമെ അപ്പാർട്ട്മെന്റ് നിർമിച്ചതും ട്രേഡ് സെന്ററിനെ വിവാദക്കുരുക്കിലാക്കി. കെട്ടിടനിർമാണത്തിലും വൻ സാമ്പത്തിക ക്രമക്കേട് കണ്ടെത്തി. മർസൂക്കിനായിരുന്നു നിർമാണച്ചുമതല.

Eng­lish Sum­ma­ry: ker­ala trade cen­tre scam
You may also like this video

Exit mobile version