Site iconSite icon Janayugom Online

കേരള ട്രാവൽ മാർട്ടിന് ഇന്ന് തുടക്കം

രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവൽ മാർട്ടിന്റെ 11-ാം ലക്കത്തിന് ഇന്ന് കൊച്ചിയിൽ തിരിതെളിയും. കൊച്ചി ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം നിർവഹിക്കും. പത്മശ്രീ എം എ യൂസഫലി വിശിഷ്ടാതിഥിയായിരിക്കും.
ഐപിഎൽ മാതൃകയിലുള്ള ചുണ്ടൻ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ രണ്ടാം പതിപ്പിന്റെ വിളംബര പ്രദർശനവും നടക്കും. 

ഉദ്ഘാടനചടങ്ങിന് ശേഷം വെല്ലിങ്ടൺ ഐലന്റിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെന്ററിലാണ് ആറ്, ഏഴ്, എട്ട് തിയതികളിൽ വാണിജ്യ കൂടിക്കാഴ്ചകളും സെല്ലർമാരുടെ പ്രദർശനവും ഒരുക്കിയിട്ടുള്ളത്. പൂർണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന മാർട്ട് കടലാസ് രഹിതമായാണ് പ്രവർത്തിക്കുന്നത്. കേന്ദ്ര‑സംസ്ഥാന സർക്കാരുകളിലെ ഉന്നത ഉദ്യോഗസ്ഥർ, ടൂറിസം വ്യവസായ നേതൃനിരയിലുള്ള പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കുന്ന നാല് സെമിനാറുകളും കെടിഎമ്മിൽ നടക്കും. 

രണ്ട് ദിവസം കൊണ്ട് 55,000 വാണിജ്യ കൂടിക്കാഴ്ചകളാണ് മാർട്ടിൽ നടക്കാൻ പോകുന്നതെന്ന് കെടിഎം സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു അറിയിച്ചു. രാജ്യത്തെ 25 സംസ്ഥാനങ്ങളിൽ നിന്നും ബയർ പ്രാതിനിധ്യം ഉണ്ടാകും. 1000ൽപരം ആഭ്യന്തര ബയർമാരും 240 ലേറെ വിദേശ ബയർമാരും പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്. ഒന്നര ലക്ഷം ചതുരശ്ര അടിയിൽ 325 സ്റ്റാളുകളാണ് കെടിഎമ്മിനായി ഒരുക്കിയിട്ടുള്ളത്. പ്രാദേശിക സഞ്ചാരികൾക്ക് പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി മേയ് എട്ടിന് ഉച്ചയ്ക്ക് ഒന്നു മുതൽ പൊതുജനങ്ങൾക്ക് മാർട്ടിൽ പ്രവേശനം ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കെടിഎമ്മിൽ പങ്കെടുക്കാനായി വിദേശത്തു നിന്നും 33 മാധ്യമപ്രവർത്തകരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 75 വ്ളോഗർമാരും മാധ്യമപ്രവർത്തകരും എത്തുന്നുണ്ട്. 

Eng­lish Summary:Kerala Trav­el Mart starts today
You may also like this video

Exit mobile version