78-ാമത് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഈ മാസം 14ന് തെലങ്കാനയില്‍ ആരംഭിക്കും. വിവിധ മേഖലകളില്‍ നടന്ന ഒമ്പത് ഗ്രൂപ്പുമത്സരങ്ങളിലെ ജേതാക്കളും നിലവിലെ ചാമ്പ്യന്മാരായ സര്‍വ്വീസസും രണ്ടാം സ്ഥാനക്കാരായ ഗോവയും ആതിഥേയരായ തെലങ്കാനയുമടക്കം 12 ടീമുകളാണ് അവസാന റൗണ്ടില്‍ കളത്തിലെത്തുക.
ഗ്രൂപ്പ് എ, ബി എന്നിവയിലായി ആറു വീതം ടീമുകള്‍ ഉണ്ട്. രണ്ടു ഗ്രൂപ്പുകളിലേയും ആദ്യ നാലു ടീമുകള്‍ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടും. ഈ മാസം 29ന് സെമിഫൈനലും 31ന് ഫൈനലും നടക്കും. ചാമ്പ്യന്മാരായ സര്‍വീസസ്, പശ്ചിമബംഗാള്‍, മണിപ്പൂര്‍, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, തെലങ്കാന എന്നീ ടീമുകളാണ് ഗ്രൂപ്പ് എയില്‍. കേരളം ഗ്രൂപ്പ് ബിയിലാണ്. നിലവിലെ റണ്ണേഴ്‌സ് അപ്പായ ഗോവ, ഡല്‍ഹി, തമിഴ്‌നാട്, ഒഡിഷ, മേഘാലയ എന്നിവരാണ് കേരളത്തിന്റെ എതിരാളികള്‍
ഈ മാസം 14 രാവിലെ ഒമ്പതിന് ഗ്രൂപ്പ് എയിലെ മണിപ്പൂര്‍-സര്‍വീസസ് മത്സരത്തോടെയാണ് ഫൈനല്‍ റൗണ്ടിന് വിസില്‍ മുഴങ്ങുക. 15ന് ഗോവയുമായാണ് കേരളത്തിന്റെ ആദ്യമത്സരം. 17ന് വൈകിട്ട് 7.30ന് മേഘാലയ, 19ന് രാവിലെ 7.30ന് ഒഡിഷ, 22ന് രാത്രി 7.30ന് ഡല്‍ഹി, 24 വൈകിട്ട് 2.30ന് തമിഴ്‌നാട് എന്നീടീമുകളാണ് കേരളത്തിന്റെ എതിരാളികള്‍. ഡിസംബര്‍ 26, 27 തീയതികളില്‍ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നടക്കും. ഫൈനല്‍ റൗണ്ട്, ക്വാര്‍ട്ടര്‍ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഡെക്കാന്‍ അരീന മൈതാനത്തും, സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ജിഎംസി ബാലയോഗി സ്‌റ്റേഡിയത്തിലുമാണ് നടക്കുക.
32 തവണ കപ്പടിച്ച പശ്ചിമ ബംഗാളാണ് സന്തോഷ് ട്രോഫി ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കിയത്. കോഴിക്കോട് നടന്ന യോഗ്യതാ റൗണ്ടില്‍ റെയില്‍വെയ്‌സിനെ ഒരു ഗോളിന് തോല്‍പ്പിക്കാനായതാണ് കേരളത്തിന്റെ ഫൈനല്‍ റൗണ്ട് പ്രവേശനത്തിന് തുണയായത്.