‘സ്ത്രീശക്തി മോഡിക്കൊപ്പം’ എന്ന മുദ്രാവാക്യമുയർത്തി മഹിളാ മോർച്ചയുടെ പേരിൽ തൃശൂരിൽ സംഘടിപ്പിക്കപ്പെട്ട റാലി ബിജെപിയുടെ കേരളത്തിലെ പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കംകുറിക്കലായിരുന്നു. മൂന്നാമതും ലോക്‌സഭയിൽ ഭൂരിപക്ഷം ഉറപ്പിക്കാനും മോഡിയെ പ്രധാനമന്ത്രിപദത്തിൽ അവരോധിക്കാനും സ്ത്രീവോട്ടർമാരെ പ്രലോഭിപ്പിക്കലാണ് വഴിയെന്ന കണ്ടെത്തലിലാണ് ബിജെപി തങ്ങളുടെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകിയിരിക്കുന്നത്. അതിനായി മോഡിയും കൂട്ടരും അക്കമിട്ടുനിരത്തുന്ന അവകാശവാദങ്ങൾ വസ്തുതകൾക്ക് നിരക്കാത്ത പൊള്ളയായ പ്രചാരവേലകളാണെന്ന് സൂക്ഷ്മവിശകലനം വ്യക്തമാക്കും. മോഡിഭരണത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ രാജ്യത്ത്, വിശിഷ്യ ബിജെപിയുടെ ഇരട്ട എന്‍ജിൻ ഭരണം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിൽ, പ്രതിവർഷം പെരുകുന്നതായാണ് ഡിസംബർ ആരംഭത്തിൽ പുറത്തുവന്ന 2022ലെ നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. റിപ്പോർട്ട് വർഷത്തിൽ സ്ത്രീകൾക്കെതിരെ 4,45,256 കുറ്റകൃത്യങ്ങൾ പൊലീസിൽ രജിസ്റ്റർ ചെയ്യപ്പെട്ടു. മണിക്കൂറിൽ ശരാശരി 51 കുറ്റകൃത്യങ്ങൾ. തട്ടിക്കൊണ്ടുപോകൽ, സ്ത്രീഅപഹരണം, സ്ത്രീത്വത്തെ അപമാനിക്കുന്ന അതിക്രമങ്ങൾ, ബലാത്സംഗം, ഭർത്താവും ബന്ധുക്കളും നടത്തുന്ന കയ്യേറ്റങ്ങൾ, കൊലപാതകം തുടങ്ങിയ കൊടുംകുറ്റകൃത്യങ്ങളാണ് അവ. ബിജെപി ഭരണം നടത്തുന്ന ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്രം നേരിട്ട് പൊലീസിനെ നിയന്ത്രിക്കുന്ന ഡൽഹിയിലുമാണ് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ഏറ്റവുമധികം നടക്കുന്നത്. 2020ൽ 3,71,503ഉം 2021ൽ 4,28,278ഉം കേസുകൾ രജിസ്റ്റർ ചെയ്തിരുന്ന സ്ഥാനത്താണ് 2022ൽ 17,000ത്തോളം കേസുകളുടെ വർധന ഉണ്ടായിരിക്കുന്നത്. ബിജെപി ഭരണത്തിൽ ഇന്ത്യൻ സ്ത്രീജീവിതങ്ങൾ നേരിടുന്ന അരക്ഷിതാവസ്ഥയിലേക്കാണ് കേന്ദ്രസർക്കാർ ഏജൻസിയുടെ കണക്കുകൾ വിരൽചൂണ്ടുന്നത്.
ഇതുകൂടി വായിക്കൂ: വോട്ടിനുവേണ്ടിയുള്ള മോഡിയുടെ കുതന്ത്രങ്ങൾ തിരിച്ചറിയണം
തൃശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ച മോഡി, ലോകത്തെ ഞെട്ടിപ്പിച്ചതും രാജ്യത്തെ അപമാനിതവുമാക്കിയ, മണിപ്പൂരിൽ ബിജെപി ഭരണകൂടത്തിന്റെ ഒത്താശയോടും സംഘ്പരിവാർ നേതൃത്വത്തിലും സ്ത്രീകൾക്കെതിരെ നടന്ന അതീവ ഹീനമായ അതിക്രമങ്ങളെ അപലപിച്ച് ഒരുവാക്ക് ഉരിയാടാൻ മുതിർന്നില്ലെന്നത് പ്രധാനമന്ത്രി പ്രതിനിധാനം ചെയ്യുന്ന സ്ത്രീവിരുദ്ധതയെയും ഹിംസാത്മക പ്രത്യയശാസ്ത്രത്തെയുമാണ് തുറന്നുകാട്ടുന്നത്. രാജ്യത്തെ സ്ത്രീസംഘടനകളും പുരോഗമനപ്രസ്ഥാനങ്ങളും മൂന്ന് പതിറ്റാണ്ടിലേറെയായി നിരന്തരം ആവശ്യപ്പെട്ടുപോരുന്ന സ്ത്രീസംവരണ നിയമം ഒരുപതിറ്റാണ്ട് നീണ്ട തന്റെ ഭരണത്തിന്റെ അന്ത്യനാളുകളിൽ പാസാക്കി അത് നടപ്പാക്കാതെ അട്ടത്തുവച്ച് അത് തന്റെ ‘ഗ്യാരന്റി‘യായി ഊറ്റംകൊള്ളുന്നത് പരിഹാസ്യവും തികഞ്ഞ കാപട്യവുമല്ലാതെ മറ്റെന്താണ്? ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ സ്ത്രീകൾക്ക് സീറ്റുസംവരണമെന്ന കിട്ടാക്കനി വച്ചുനീട്ടുന്ന പ്രധാനമന്ത്രിക്ക് തങ്ങളുടെ ഇഷ്ടദേവനായ അയ്യപ്പന്റെ ദർശനം നിഷേധിച്ച തന്റെ അനുചരവൃന്ദത്തിന്റെ വിവേചനപൂർണമായ നടപടിയെപ്പറ്റി എന്താണ് പറയാനുള്ളത്. ശബരിമല പോലുള്ള ഒരു കാനനക്ഷേത്രത്തിന്റെ പാരിസ്ഥിതിക സവിശേഷതകളും അതിന്റെ സംരക്ഷണം ഉറപ്പുവരുത്തുന്ന വനനിയമങ്ങൾ സൃഷ്ടിക്കുന്ന പരിമിതികളും വിസ്മരിച്ച് കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ പ്രധാനമന്ത്രി നടത്തിയ ശ്രമം വിലകുറഞ്ഞ രാഷ്ട്രീയമായി. തൃശൂർപൂരത്തെ സ്നേഹിക്കുകയും ജാതി-മത ഭേദമന്യേ ആഹ്ലാദാവേശങ്ങളോടെ അതിൽ പങ്കാളികളാവുകയും ചെയ്യുന്ന മതനിരപേക്ഷ കേരളത്തെ മനസിലാക്കാൻ തീവ്രഹിന്ദുത്വ കാഴ്ചപ്പാട് വച്ചുപുലർത്തുന്നവർക്ക് കഴിയില്ലെന്ന് തെളിയിക്കുകയായിരുന്നു ആ വിഷയത്തിലെ മോഡിയുടെ പരാമർശം. 10കോടി പാചകവാതക കണക്ഷനുകളെപ്പറ്റി വാചാലനായ മോഡിക്ക് അതിന്റെ വില മഹാഭൂരിപക്ഷത്തിനും താങ്ങാനാവാത്തവിധം ഉയർത്തിയതിനെപ്പറ്റി എന്ത് ന്യായീകരണമാണ് നിരത്താനുള്ളത്.
ഇതുകൂടി വായിക്കൂ: കേന്ദ്രീയ വിദ്യാലയങ്ങളിലും മോഡി മാഹാത്മ്യം
തന്റെ രാഷ്ട്രീയ പ്രതിയോഗികളെ കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള സമസ്ത അന്വേഷണ ഏജൻസികളെയും കെട്ടഴിച്ചുവിട്ട് നിശബ്ദരാക്കാനും തുറുങ്കിലടയ്ക്കാനും ഒരു മടിയും കാണിക്കാത്ത ജനാധിപത്യ വിരുദ്ധതയുടെയും സ്വേച്ഛാധിപത്യത്തിന്റെയും ആൾരൂപമാണ് പ്രധാനമന്ത്രി മോഡി എന്ന് ഇന്ത്യയും ലോകവും തിരിച്ചറിയുന്നു. കേരളത്തിലെ എൽഡിഎഫ് സര്‍ക്കാര്‍ ജനാധിപത്യവും മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന രാജ്യത്തെ പ്രമുഖ ഇടതുപക്ഷ പുരോഗമന ശക്തിയാണ്. അത് അധികാരത്തിൽ വന്നതും തുടരുന്നതും അനിഷേധ്യമായ ജനപിന്തുണയോടെയാണ്. സ്വർണക്കടത്തിന്റെയും മറ്റും പേരിൽ അതിനെ നിയമക്കുരുക്കിലാക്കി നിഷ്കാസനം ചെയ്യാൻ കഴിയുമായിരുന്നെങ്കിൽ എന്തേ മോഡിയും കേന്ദ്ര ബിജെപി സർക്കാരും അതിന് മടിച്ചുനിൽക്കുന്നു? ഏത് പ്രതിസന്ധികളെയും പ്രതികൂലാവസ്ഥകളെയും തരണംചെയ്യാനുള്ള ജനകീയ കരുത്ത് ഈ സർക്കാരിനുണ്ട്. മോഡിയുടെ ഏത് ഗ്യാരന്റിയെയും പ്രതിരോധിക്കാനുള്ള കരുത്തും ജനപിന്തുണയും ഈ സർക്കാരിനും അതിനെ പിന്തുണയ്ക്കുന്ന ജനങ്ങൾക്കുമുണ്ടെന്ന് വരാൻപോകുന്ന തെരഞ്ഞെടുപ്പ് മോഡിയെയും അദ്ദേഹത്തിന്റെ കേരളത്തിലെ അനുയായിവൃന്ദത്തെയും ബോധ്യപ്പെടുത്തും.