Site iconSite icon Janayugom Online

‘സന്തോഷ’ കപ്പുയര്‍ത്താന്‍ കേരളം ഇന്ന് ബംഗാളിനെതിരെ

സന്തോഷ് ട്രോഫിയില്‍ രണ്ടുതവണ കേരളവുമായി ഫൈനലില്‍ പരാജയപ്പെട്ടതിന്റെ കണക്കു തീര്‍ക്കാന്‍ ബംഗാളും മൂന്നാം വട്ടവും വിജയം ആവര്‍ത്തിക്കാന്‍ കേരളവും ഇന്ന് കലാശപ്പോരിനിറങ്ങുന്നു. 2017–18, 2021–22 വര്‍ഷങ്ങളില്‍ ഇരു ടീമുകളും കലാശപ്പോരില്‍ മുഖാമുഖം വന്നപ്പോള്‍ കേരളമായിരുന്നു കപ്പടിച്ചത്. എട്ടാം സന്തോഷ് ട്രോഫി കിരീടമാണ് ഹൈദരാബാദിൽ കേരളം ലക്ഷ്യമിടുന്നതെങ്കില്‍ മുപ്പത്തിമൂന്നാം വിജയമാണ് ബംഗാളിന്റെ സ്വപ്നം.
83 വര്‍ഷം പഴക്കമുള്ള സന്തോഷ് ട്രോഫി ചരിത്രത്തില്‍ ബംഗാളിന്റെ 47 ഉം, കേരളത്തിന്റെ 16-ാമത്തെയും ഫൈനല്‍ മത്സരമാണ്. ഇരുടീമുകളുടെയും 32 മുഖാമുഖ കണക്കുകളില്‍ ബംഗാള്‍ 15 തവണയും കേരളം ഒമ്പെത് തവണയും വിജയം കണ്ടു. എട്ട് മത്സരങ്ങള്‍ സമനിലയായി. ഒടുവില്‍ മഞ്ചേരിയില്‍ നടന്ന സന്തോഷ് ട്രോഫി ഫൈനലില്‍ കേരളത്തിനായിരുന്നു ജയം.

ഹൈദരാബാദിലെ ജിഎംസി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി ഏഴരയ്ക്കാണ് ഫൈനലിന് കിക്കോഫ്. കളിച്ച പത്തു മത്സരങ്ങളില്‍ ഒരു മത്സരത്തില്‍പോലും തോല്‍ക്കാതെയാണ് കേരളവും പശ്ചിമബംഗാളും ഫൈനലിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം നടന്ന ആദ്യ സെമിയില്‍ പശ്ചിമബംഗാള്‍ രണ്ടിനെതിരെ നാലുഗോളുകള്‍ക്ക് നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസിനെ മറികടന്നാണ് ഫൈനല്‍ ബര്‍ത്ത് സ്വന്തമാക്കിയത്. രണ്ടാം സെമിയില്‍ മണിപ്പൂരിനെ ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് തകര്‍ത്തെറിയുകയായിരുന്നു കേരളം. ഹാട്രിക് നേടിയ പി പി മുഹമ്മദ് റോഷല്‍, ഓരോ ഗോളടിച്ച നസീബ് റഹ്‌മാന്‍, മുഹമ്മദ് അജ്‌സല്‍ എന്നിവരാണ് കേരളത്തിന് ജയം സമ്മാനിച്ചത്.

ഗ്രൂപ്പ് ബിയില്‍ ഗോവ, മേഘാലയ, ഒഡിഷ, ഡല്‍ഹി ടീമുകള്‍ക്ക് എതിരെ വിജയിച്ച കേരളം തമിഴ്‌നാടുമായി 1–1ന് സമനിലയില്‍ പിരിയുകയായിരുന്നു. ക്വാര്‍ട്ടറില്‍ ജമ്മുകാശ്മീരിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്നു. സെമിവരെ 17 ഗോളുകള്‍ നേടിയ കേരളം അഞ്ചുഗോളുകള്‍ മാത്രമാണ് വഴങ്ങിയത്. എട്ടുഗോളുകള്‍ നേടിയ നസീബ് റഹ്‌മാനും ഏഴുഗോളുകള്‍ നേടിയ മുഹമ്മദ് അജ്‌സലുമാണ് കേരളത്തിന്റെ തുറുപ്പുചീട്ടുകള്‍. സഞ്ജു, നിജോ ഗില്‍ബര്‍ട്ട്, ഗോളി ഹജ്മല്‍ തുടങ്ങിയ താരങ്ങള്‍ മികച്ച ഫോമിലാണെന്നതാണ് കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് നിറം പകരുന്നത്. സെമിയില്‍ പകരക്കാരനായിറങ്ങി ഹാട്രിക് നേടിയ റോഷലിന്റെ ഫോം ആവേശം പകരും.

ഗ്രൂപ്പ് എയില്‍ നാലുവിജയങ്ങളും ഒരുസമനിലയും നേടിയ പശ്ചിമബംഗാള്‍ ക്വാര്‍ട്ടറില്‍ ഒഡിഷയെ 3–1നാണ് കീഴടക്കിയിരുന്നത്. ഇതുവരെ 11 ഗോളുകള്‍ നേടിക്കഴിഞ്ഞ റോബി ഹന്‍സ്ദയാണ് ബംഗാളിന്റെ തുറുപ്പുചീട്ട്. സര്‍വീസസിന് എതിരായ സെമിയില്‍ ഹന്‍സ്ദ ഇരട്ട ഗോളുകള്‍ നേടിയിരുന്നു. മന്‍തോസ് മാജി, നരോഹരി ശ്രേഷ്ഠ തുടങ്ങിയവരും ബംഗാള്‍ നിരയിലെ ഭീഷണികളാണ്. സെമിയില്‍ മണിപ്പൂരിനെതിരെ പുറത്തെടുത്ത ആക്രമണവീര്യം നിലനിറുത്താനായാല്‍ കേരളത്തിന് കപ്പുയര്‍ത്താന്‍ കഴിയുമെന്ന ഉറച്ച് വിശ്വാസത്തിലാണ് കോച്ച് ബിബിതോമസും ക്യാപ്റ്റന്‍ സജ്ജുവും 

Exit mobile version