കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ അനീതിക്ക് മുമ്പില്‍ കേരളം പരാജയപ്പെട്ട് തല കുനിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപി ‑കോണ്‍ഗ്രസ് ചങ്ങാത്തത്തിന്റെ എല്ലാ നീചമായ നീക്കത്തേയും തോല്‍പ്പിച്ച പാരമ്പര്യമാണ് കേരളത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനെതിരായ കേന്ദ്ര ഉപരോധത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സത്യഗ്രഹ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരേ ഒരു ഇന്ത്യ, ഒരൊറ്റ ജനത എന്ന പാഠം ബിജെപിക്ക് അറിയില്ല, ഈ പാഠം യുഡിഎഫും മറന്നു പോകുകയാണ്. ഇന്ത്യ എന്നാല്‍ ഒന്നാണെന്നും എല്ലാ ഇന്ത്യക്കാരും ഒന്നാണെന്ന ചിന്തയെല്ലാം മാറ്റിവച്ചുകൊണ്ട് സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി നോക്കി നയങ്ങള്‍ തീരുമാനിക്കുന്ന ബിജെപി സര്‍ക്കാരിന്റെ നീക്കം തെറ്റാണെന്ന് പ്രഖ്യാപിക്കാനാണ് ഈ സത്യഗ്രഹം. കേരളത്തിലെ ജനങ്ങള്‍ക്കെതിരെയാണ് കേന്ദ്രത്തിന്റെ നീക്കങ്ങള്‍. കേരളം മുട്ട് കുത്തില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
കേരളം എല്ലാ തരത്തിലും വ്യത്യസ്തമാണ്. ആ വ്യത്യസ്തതയെ ബിജെപി സര്‍ക്കാരിന് ഭയമാണ്. ഓരോ രംഗത്തും മോഡി സര്‍ക്കാര്‍ കേരളത്തോട് നീതീകരിക്കാത്ത വിവേചനമാണ് കാണിക്കുന്നത്. വിവേചനം അല്ല ഇത് ഉപരോധമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ഈ ഉപരോധത്തെ ചെറുക്കാന്‍ വേണ്ടിയുള്ള പോരാട്ടം ഇന്ന് അവസാനിക്കില്ലെന്നും ഓരോ ഘട്ടത്തിലും നമ്മള്‍ ഒരുമിച്ചായിരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
അനീതിക്ക് മുമ്പില്‍ കേരളം തല കുനിക്കില്ല: ബിനോയ് വിശ്വം

