Site iconSite icon Janayugom Online

കേരളത്തിന് ജയം; റെയില്‍വേയ്‌സിനെ വീഴ്ത്തിയത് ഒരുഗോളിന്

പൊരുതിക്കളിച്ച റെയില്‍വേയ്‌സിനെ ഒരൊറ്റ ഗോളിന് വീഴ്ത്തി സന്തോഷ്‌ ട്രോഫിയില്‍ കേരളം വിജയവഴിയില്‍. ഗ്രൂപ്പിലെ കരുത്തരും മുന്‍ ചാമ്പ്യന്മാരുമായ റെയില്‍വേ ടീമിനെ തോല്‍പ്പിച്ചതോടെ ഫൈനല്‍ റൗണ്ടിലേക്കുള്ള കേരളത്തിന്റെ സാധ്യത വര്‍ധിച്ചു. കളിയുടെ 72-ാം മിനിറ്റില്‍ എതിര്‍ പെനാല്‍റ്റി ബോക്‌സില്‍ നിജോ ഗില്‍ബര്‍ട്ടിന്റെ സുന്ദരമായ അസിസ്റ്റില്‍ മുഹമ്മദ് അജ്‌സലാണ് നിര്‍ണായക ഗോള്‍ നേടിയത്.

പകരക്കാരനായെത്തിയ അജ്‌സല്‍ റെയില്‍വേ ഗോള്‍ കീപ്പര്‍ക്ക് ഒരവസരവും കൊടുക്കാതെ പന്ത് വലയിലെത്തിച്ചു. മലയാളി താരങ്ങളടങ്ങിയ റെയില്‍വേയ്സ് മികച്ച ഫുട്‌ബോളുമായി ആക്രമിച്ചു കളിച്ചതോടെ സ്വന്തം മൈതാനത്തില്‍ കേരളം നന്നായി വിയര്‍ത്തു. ഗോള്‍ കീപ്പര്‍ ഹജ്മലിന്റെ മിന്നും പ്രകടനമാണ് കേരളത്തിന്റെ വിലപ്പെട്ട മൂന്നുപോയിന്റ് നേട്ടത്തില്‍ നിര്‍ണായകമായത്. സൂപ്പര്‍ലീഗിലെ സൂപ്പര്‍താരം ഗനി മുഹമ്മദ് അടക്കമുളളവര്‍ നിഴലായി മാറി കാഴ്ചയാണ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ കണ്ടത്. ലക്ഷദ്വീപ്, പുതുശേരി ടീമുകളാണ് കേരളത്തിന്റെ ഗ്രൂപ്പിലെ മറ്റ് എതിരാളികള്‍. കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തില്‍ ഇന്നലെ രാവിലെ നടന്ന ആദ്യ മത്സരത്തില്‍ പുതുശേരി 3–2 ന് ലക്ഷദ്വീപിനെ തോല്‍പ്പിച്ചു. റെയില്‍വേയ്ക്കെതിരെ തുടക്കത്തില്‍ ആക്രമിച്ചുകളിച്ച കേരളത്തിന് പക്ഷേ മേല്‍ക്കൈ അധികസമയം നിലനിര്‍ത്താനായില്ല. 26-ാം മിനിറ്റില്‍ പെനാല്‍ട്ടി ബോക്സിനുള്ളില്‍ നിന്ന് ക്രിസ്റ്റി ഡേവിസ് പായിച്ച ഷോട്ട് പുറത്തേക്ക് പോവുകയായിരുന്നു. 

വൈകാതെ മിഡ്ഫീല്‍ഡിലെ ആധിപത്യം പിടിച്ചെടുത്ത റെയില്‍വേ മിന്നലാക്രമണത്തിലൂടെ ആതിഥേയരുടെ പ്രതിരോധ നിരയെ വിറപ്പിച്ചു. ആദ്യപകുതിയില്‍ കളി ഗോള്‍ രഹിതമായതോടെ ഏതുവിധേനയും ജയിക്കാനുള്ള ടീമുകളുടെ രണ്ടും കല്‍പ്പിച്ച പോരാട്ടമാണ് രണ്ടാം പകുതിയില്‍ കണ്ടത്. റെയില്‍വേ താരം സൂഫിയാന്‍ ഷെയ്ഖിന്റെ മുന്നേറ്റം ഗോള്‍ ലൈന്‍ തൊട്ടുതൊട്ടില്ലെന്ന അവസ്ഥയില്‍ ക്ലിയര്‍ ചെയ്ത വി എം മനോജിന്റെ പ്രകടനം കേരളത്തിന് വലിയ ആശ്വാസമായി. വെള്ളിയാഴ്ചയാണ് കേരളത്തിന്റെ രണ്ടാമത്തെ മത്സരം. വൈകി­ട്ട് 3.30 ന് പുതുശേരിയുമായി ഏറ്റുമുട്ടും. രാവിലെ റെയില്‍വേയ്‌സും ലക്ഷദ്വീപും തമ്മിലും കളിക്കും.

Exit mobile version