Site iconSite icon Janayugom Online

അണ്ടര്‍-15 വനിതാ ഏകദിന ടൂര്‍ണമെന്റില്‍ പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് ജയം

അണ്ടര്‍-15 വനിതാ ഏകദിന ടൂര്‍ണമെന്റില്‍ കേരളത്തിന് വിജയം. പോണ്ടിച്ചേരിയെ ആറ് വികറ്റിനാണ് കേരളം തോല്‍പിച്ചത്. മഞ്ഞു വീഴ്ച്ചയെ തുടര്‍ന്ന് 29 ഓവര്‍ വീതമാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പോണ്ടിച്ചേരി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 20.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പോണ്ടിച്ചേരിയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. നാല് റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് ഓപ്പണര്‍ വൈഗ അഖിലേഷിന്റെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും മറുവശത്ത് ഉറച്ചു നിന്ന ക്യാപ്റ്റന്‍ ഇവാന ഷാനിയുടെ ഇന്നിങ്‌സ് കേരളത്തിന് കരുത്തായി. 44 റണ്‍സുമായി ഇവാന പുറത്താകാതെ നിന്നു. ആര്യനന്ദ 14ഉം, ജൊഹീന ജിക്കുപാല്‍ 12ഉം, ജുവല്‍ ജീന്‍ ജോണ്‍ 11ഉം റണ്‍സെടുത്തു. ലെക്ഷിദ ജയന്‍ പുറത്താകാതെ എട്ട് റണ്‍സെടുത്തു. 21-ാം ഓവറില്‍ കേരളം ലക്ഷ്യത്തിലെത്തി.

Exit mobile version