Site iconSite icon Janayugom Online

കേരള വനിതാ ലീഗ് ഫുട്ബാൾ; ഗോകുലം കേരള എഫ് സിയ്ക്ക് മിന്നുന്ന വിജയം

ഘാനക്കാരി വിവിയൻ കൊനാഡു അദ് ജെയിയുടെ കളം നിറഞ്ഞു നിന്ന കളിമികവിൽ ഗോകുലം കേരളക്ക് കേരളാ വനിതാ ഫുട്ബാൾ ലീഗിൽ വീണ്ടും തിളക്കമാർന്ന വിജയം. മൈതാനത്തിലെ ആദ്യ വിസിൽ മുതൽ വ്യക്തമായ ആധിപത്യത്തോടെ മുന്നേറിയ ഗോകുലം കേരള എഫ് സി ഏകപക്ഷീയമായ പതിനൊന്നു ഗോളുകളോടെയാണ് വിജയികളായത്.
കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന കേരള വനിതാ ഫുട്ബാൾ ലീഗ് മത്സരത്തിൽ ലൂക്കാ സോക്കർ ക്ലബ്ബിനെയാണ് എതിരില്ലാത്ത പതിനൊന്നു ഗോളുകൾക്ക് ഇവർ തോല്പിച്ചത്. ജി കെ എഫ് സിയുടെ പത്താം നമ്പർ താരമായ, ഘാനക്കാരി വിവിയൻ കൊനാഡു അദ് ജെയിയുടെ മിന്നുന്ന പ്രകടനമായിരുന്നു ഇന്നലത്തെ ഹൈലൈറ്റ്. ഗോകുലം നേടിയ പതിനൊന്നു ഗോളുകളിൽ എട്ടെണ്ണവും ടീമിന്റെ മുന്നേറ്റ താരമായ ഈ കറുത്ത സുന്ദരിയുടേതായിരുന്നു.

കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ വിവിയൻ തന്റെ ആദ്യ ഗോൾ നേടി ജൈത്രയാത്ര തുടങ്ങുകയായിരുന്നു. പിന്നീട് 6,22,31,33,45+3,46 മിനിറ്റുകളിലും ലൂക്കയുടെ ഗോൾ വല ചലിപ്പിച്ച വിവിയൻ 60 മിനിറ്റിൽ കോച്ച് കളിക്കളത്തിൽ നിന്ന് പിൻവലിക്കുന്നത് തൊട്ട് 52 മിനിറ്റിലും ഗോൾ നേടിയാണ് ഗ്രൗണ്ടിനെ ത്രസിപ്പിച്ചത്. 32 മിനിറ്റിൽ അഭിരാമിയും 58 മിനിറ്റിൽ മാനസ യും 61 മിനിറ്റിൽ സോണിയയും ഗോകുലത്തിന് വേണ്ടി ഗോൾ നേടിയ മറ്റു താരങ്ങൾ.
കളി തുടങ്ങിയതു മുതൽ ലൂക്കയുടെ ഗോൾ പോസ്റ്റിനടുത്ത് ഗോകുലം താരങ്ങൾ നിറഞ്ഞു നിന്ന കളിയിൽ 19 മിനിറ്റിൽ മാത്രമാണ് ലൂക്കക്ക് ഗോകുലത്തെ ഒന്ന് ഞെട്ടിക്കുവാൻ സാധിച്ചത്. പിന്നീട് ഇടയ്ക്കിടക്ക് ഇത്തരം നീക്കങ്ങളുണ്ടായെങ്കിലും ഗോകുലത്തിന്റെ ഗോൾകീപ്പർ വിനീത പലപ്പോഴും രക്ഷകയായി മാറുകയായിരുന്നു. എന്നാൽ മറുഭാഗത്ത് ലൂക്കയുടെ ഗോൾ കീപ്പർ പലപ്പോഴും ഗോകുലത്തിന്റെ പല നീക്കങ്ങൾക്ക് മുന്നിലും പതറിപോകുന്ന കാഴ്ചയായിരുന്നു കണ്ടിരുന്നത്.

 


ആദ്യ പകുതിയിൽ ഏഴും രണ്ടാം പകുതിയിൽ നാലും ഗോളുകളാണ് ഗോൾ പോസ്റ്റ് കുലുക്കിയത്. ഇതിൽ ഏറ്റവും മനോഹരമായത് മൈതാനത്തിന്റെ മധ്യത്തിൽ നിന്ന് ഒറ്റക്ക് തട്ടി കൊണ്ടുവന്ന് ലുക്കയുടെ ഗോളി വർഷയെ കബളിപ്പിച്ച 33 മിനിറ്റിലെ വിവിയന്റെ ഗോൾ തന്നെയായിരുന്നു.
ഇന്നലത്തെ പ്ലയർ ഓഫ് ദ മാച്ച് വിവിയൻ കൊനാഡു അദ് ജെയി തന്നെയായിരുന്നു. സന്തോഷ് ട്രോഫി കേരള മുൻ താരം സുബൈർ വിവിയന് മൊമെന്റോ നല്കി ആദരിച്ചു.

Eng­lish Sum­ma­ry: Ker­ala Wom­en’s League Foot­ball; A bril­liant win for Goku­lam Ker­ala FC

You may like this video also

Exit mobile version