മനുഷ്യവിഭവ വികാസ സൂചികകളില്‍ ആഗോളമായി തന്നെ കേരളത്തിന് ലഭിച്ച മുന്‍ഗണനയ്ക്ക് അടിസ്ഥാനം സംസ്ഥാനത്തെ മെച്ചപ്പെട്ട സിവില്‍ സര്‍വീസ് മേഖലയാണെന്ന് മന്ത്രി ജി ആര്‍ അനില്‍. ജോയിന്റ് കൗണ്‍സില്‍ 54-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ കേരളം നേരിടുന്ന പ്രതിസന്ധികള്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആരോഗ്യ, വിദ്യാഭ്യാസ, സാംസ്കാരിക മണ്ഡലങ്ങളില്‍ സംസ്ഥാനത്തിന്റെ മുന്നേറ്റം സിവില്‍ സര്‍വീസ് രംഗത്തിന്റെ പരിപൂര്‍ണ സഹായത്തോടെയാണ്. കേരളത്തിന്റെ അഭിമാനമാണ് സിവില്‍ സര്‍വീസ് മേഖലയെന്നതില്‍ തര്‍ക്കമില്ല. കോവിഡ് കാലത്തെ, കരുത്തുറ്റ സിവില്‍ സര്‍വീസ് മേഖലയുടെ മികവിലാണ് നാം മറികടന്നത്. കെ വി സുരേന്ദ്രനാഥ് അടക്കമുള്ള ആദ്യകാല സംഘടനാ നേതാക്കളുടെ സമര്‍പ്പണവും പോരാട്ടവുമാണ് ഇന്നത്തെ മികവിന് കാരണമെന്ന് ജി ആര്‍ അനില്‍ വ്യക്തമാക്കി.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാ സമ്മേളനത്തിൽ കേരള മഹിളാസംഘം സെക്രട്ടറി അഡ്വ. പി വസന്തം, കവിത രാജൻ, അഡ്വ. സുജാത വർമ്മ, എസ് കൃഷ്ണകുമാരി, എം എസ് സുഗൈത കുമാരി തുടങ്ങിയവർ സംസാരിച്ചു. ഭുവനേശ്വറിൽ നടന്ന ചെസ് മത്സരത്തിൽ സ്വർണമെഡൽ നേടിയ പി സുധയ്ക്കും സമ്മേളന ലോഗോയും പ്ലോട്ടുകളും നിർമ്മിച്ച പി കെ അരവിന്ദനും മന്ത്രി ചിഞ്ചുറാണി ഉപഹാരം നല്കി. വൈകിട്ട് സാംസ്കാരിക സമ്മേളനത്തിൽ ആലങ്കോട് ലീലാകൃഷ്ണൻ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി വി ബാലൻ, ഡി ബിനിൽ തുടങ്ങിയവർ സംസാരിച്ചു.
ഇന്ന് രാവിലെ 11ന് ‘കേരളം സൃഷ്ടിച്ച മാതൃകകൾ’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ കേരള എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ, കേരള എൻജിഒ അസോസിയേഷൻ പ്രസിഡന്റ് ചവറ ജയകുമാർ, എകെഎസ്‌ടിയു ജനറൽ സെക്രട്ടറി ഒ കെ ജയകൃഷ്ണൻ തുടങ്ങിയവര്‍ സംസാരിക്കും.
English Summary;Kerala’s best civil service brought it to the global stage: Minister GR Anil
You may also like this video