Site iconSite icon Janayugom Online

ആരോഗ്യരംഗത്ത് വീണ്ടും കേരളത്തിന്‍റെ വന്‍ മുന്നേറ്റം; 302 ആശുപത്രികള്‍ ദേശീയ ഗുണനിലവാര അംഗീകാരത്തില്‍

സംസ്ഥാനത്തെ 17 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഇതോടെ സംസ്ഥാനത്തെ ആകെ 302 ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചത്. 9 ജില്ലാ ആശുപത്രികള്‍, 8 താലൂക്ക് ആശുപത്രികള്‍, 14 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 50 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 176 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 45 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുണ്ട്. ഇത്രയും ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തിലേക്ക് എത്തിയത് ആരോഗ്യ മേഖലയെ സംബന്ധിച്ച് വലിയ നേട്ടമാണ്. കൂടുതല്‍ ആശുപത്രികളെ എന്‍.ക്യു.എ.എസ്. നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് പരിശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം പൂവത്തൂര്‍ നഗര പ്രാഥമികാരോഗ്യ കേന്ദ്രം 91.45 ശതമാനം, തൃശൂര്‍ എടവിലങ്ങ് കുടുംബാരോഗ്യ കേന്ദ്രം 97.79 ശതമാനം, തൃശൂര്‍ മേത്തല കുടുംബാരോഗ്യ കേന്ദ്രം 91.41 ശതമാനം, തൃശൂര്‍ അരിമ്പൂര്‍ കുടുംബാരോഗ്യ കേന്ദ്രം 92.71 ശതമാനം, കോഴിക്കോട് കുണ്ടുപറമ്പ് നഗര പ്രാഥമികാരോഗ്യ കേന്ദ്രം 90.08 ശതമാനം, കോഴിക്കോട് ചെലവൂര്‍ നഗര പ്രാഥമികാരോഗ്യ കേന്ദ്രം 92.23 ശതമാനം, വയനാട് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രം 97.19 ശതമാനം, കണ്ണൂര്‍ ഒറ്റത്തൈ ജനകീയ ആരോഗ്യ കേന്ദ്രം 91.13 ശതമാനം, കണ്ണൂര്‍ വെള്ളോറ ജനകീയ ആരോഗ്യ കേന്ദ്രം 90.77 ശതമാനം, കോട്ടയം മാഞ്ഞൂര്‍ സൗത്ത് ജനകീയ ആരോഗ്യ കേന്ദ്രം 81.18 ശതമാനം, കണ്ണൂര്‍ കൊയ്യോട് ജനകീയ ആരോഗ്യ കേന്ദ്രം 88.35 ശതമാനം, കോട്ടയം ഓമല്ലൂര്‍ ജനകീയ ആരോഗ്യ കേന്ദ്രം 96.77 ശതമാനം എന്നീ ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്.

കൂടാതെ 5 ആശുപത്രികള്‍ക്ക് 3 വര്‍ഷത്തിന് ശേഷം നാഷണല്‍ എന്‍.ക്യു.എ.എസ്. പുന:അംഗീകാരവും ലഭിച്ചു. കൊല്ലം ജില്ലാ ആശുപത്രി (എ.എ. റഹിം മെമ്മോറിയല്‍) 96.18 ശതമാനം, തിരുവനന്തപുരം കരകുളം കുടുംബാരോഗ്യകേന്ദ്രം 95.23 ശതമാനം, കണ്ണൂര്‍ നഗര പ്രാഥമികാരോഗ്യ കേന്ദ്രം കൊളശ്ശേരി 93.66 ശതമാനം, കണ്ണൂര്‍ നഗര പ്രാഥമികാരോഗ്യ കേന്ദ്രം കൂവോട് 91.75 ശതമാനം, കാസര്‍ഗോഡ് കുടുംബാരോഗ്യ കേന്ദ്രം എണ്ണപ്പാറ 90.50 ശതമാനം എന്നിവയ്ക്കാണ് പുന:അംഗീകാരം ലഭിച്ചത്.

Exit mobile version