Site iconSite icon Janayugom Online

കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട: അഞ്ചുപേർകൂടി അറസ്റ്റിൽ

ബാംഗ്ളൂരിൽ നിന്നും എംഡിഎംഎ എത്തിക്കുന്ന ഉറവിട കണ്ണികളായ അഞ്ചുപേരെ സിറ്റി പൊലീസ് പിടികൂടി. കഴിഞ്ഞമാസം ഒല്ലൂർ പൊലീസ് സബ് ഇൻസ്പെക്ടർ ബൈജുവും സംഘവുമാണ് പിആർപടിയിലെ വാഹനപരിശോധനയിൽ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട നടത്തിയത്. ഈ കേസിന്റെ അന്വേഷണത്തിലാണ് കൂടുതല്‍ പേരെ പിടികൂടിയത്. കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ കാവിൻതാഴെ നരവൂർ ബിജു നിവാസിൽ ബിജു (49), ബാംഗ്ളൂർ വിരാജ്പേട്ട് ടി ഷഡ്ഗരി സ്വദേശി കൊട്ടങ്കട വീട്ടിൽ സോമയ്യ (49), ഹൈദരാബാദ് കുക്കട്ട്പള്ളി കെപിഎച്ച്ബി കോളനി ഇഷുക്കപള്ളി വെങ്കിട്ട നരസിംഹ രാജു, ആന്ധ്രപ്രദേശ് ചിറ്റൂർ പില്ലാരികുപ്പം രാമറാവു (32), തെലങ്കാന രങ്കറെഡ്ഡി ജില്ലയിലെ അർക്കുളങ്കര കൗകുട്ട്ള മെഹേന്ദർ റെഡ്ഡി (34) എന്നിവരെയാണ് പിടികൂടിയത്. ഈ കേസിൽ ആകെ 2400 ഗ്രാമിനു മുകളിൽ തൂക്കം വരുന്ന എംഡിഎംഎ യാണ് പിടികൂടിയിരുന്നത്. ഇതിലെ ഇഷുക്കപള്ളി വെങ്കിട്ട നരസിംഹ രാജു, കൗകുട്ട്ള മെഹേന്ദർ റെഡ്ഡി എന്നിവരാണ് ബാംഗ്ളൂരിൽ നിന്നും എംഡിഎംഎ എത്തിക്കുന്ന ഉറവിടത്തിലെ പ്രധാന കണ്ണികൾ. 

ഈ കേസിൻെറ അന്വേഷണത്തിൽ പ്രതി ഫാസിലിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിൽ നാട്ടുകാരനായ ബിജു, ബാംഗ്ലൂരിലുള്ള സോമയ്യ ലഹരി കടത്തുകാരനായ രാമറാവു എന്നിവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നു. ഇവരെ കുറിച്ചുള്ള വിശദ അന്വേഷണത്തിനായി സിറ്റി പൊലീസ് മേധാവി ഇളങ്കോ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ രൂപീകരിക്കുകയും ബിജുവിനെ കുടകിലെ ഗോണികുപ്പ എന്ന സ്ഥലത്തു നിന്ന് പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് സോമയ്യ, രാമറാവു എന്നിവരെ ബാംഗ്ളൂരിൽ നിന്നും കണ്ടെത്തി. പിന്നീടുള്ള അന്വേഷണത്തിൽ പ്രതികൾക്ക് സിന്തറ്റിക് ഡ്രഗ്സുകൾ നൽകുന്നത് മഹേന്ദ്ര റെഡ്ഡി എന്നയാളാണെന്ന് അറിയുകയും മഹേന്ദ്ര റെഡ്ഡിയെ കണ്ടെത്തുന്നതിനായി അന്വേഷണം ഹൈദരാബാദിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. തുടർന്നുള്ള അന്വേഷണത്തിലാണ് മഹേന്ദ്ര റെഡ്ഡിയെയും കൂട്ടാളിയായ നരസിംഹരാജുവിനെയും പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നുമുള്ള എംഡി എംഎ വിതരണത്തിന്റെ ഉറവിട കേന്ദ്രമാണ് ഇവരെന്ന് അന്വേഷണത്തിൽ വ്യക്തമായി. നരസിംഹ രാജുവിന്റെ ലാബില്‍ വച്ചാണ് എംഡിഎംഎ ഉണ്ടാക്കിയിരുന്നത്. നരസിംഹ രാജുവിനെ പിന്നീട് കോടതിയുടെ അനുമതിയോടെ കസ്റ്റഡിയിലെടുത്ത് ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ ഹൈദ്രാബാദിലുള്ള ലാബിൽ പരിശോധന നടത്തി. ഇവിടെ നിന്നും എംഡിഎംഎ ഉണ്ടാക്കുന്നതിനുള്ള രാസവസ്തുക്കൾ കണ്ടെടുത്തു. 

ഒല്ലൂർ ഇൻസ്പെക്ടർ അജീഷ് എ യാണ് ഈ കേസിന്റെ മുൻ അന്വേഷണം നടത്തിയിരുന്നത് പിന്നീട് ചാർജ്ജെടുത്ത ഇൻസ്പെക്ടർ ബെന്നി ജേക്കബ്ബ് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. അന്വേഷണ സംഘത്തിൽ ഒല്ലൂർ ഇൻസ്പെക്ടർ ബെന്നി ജേക്കബ്ബ്, സബ് ഇൻസ്പെ്കടർമാരായ ബൈജു കെ സി, ഫിയാസ്, രാകേഷ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പ്രതീഷ്, അസിസ്റ്റന്റ് സബ് ഇൻസ്പെ്കടർ ജീവൻ, സിവൽ പൊലീസ് ഓഫീസർമാരായ എം എസ് ലികേഷ്, കെ ബി വിപിൻദാസ്, അനിൽകുമാർ, അഭീഷ് ആന്റണി, അഖിൽ വിഷ്ണു, വൈശാഖ് എന്നിവരുമാണ് ഉണ്ടായിരുന്നത്.

Exit mobile version