കേരളത്തിന് വലിയൊരു വൈജ്ഞാന പാരമ്പര്യം ഉണ്ടായിരുന്നതായി സംഘം കൃതികളിൽ നിന്നും എട്ട്, ഒൻപത് നൂറ്റാണ്ടുകളിൽ എഴുതപ്പെട്ടതായി കരുതുന്ന പ്രാചീന ഗ്രന്ഥങ്ങളിൽ നിന്നുമുള്ള സൂചനകളിൽ നിന്നും മനസിലാക്കാം. ആ കാലഘട്ടത്തിൽ നില നിന്നിരുന്ന ശാലകൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന വിദ്യാഭ്യാസ കേന്ദ്രങ്ങൾ ഇതിന് തെളിവാണ്. നാട്ട് രാജ്യങ്ങളുടെ ഉത്ഭവവും അവർ തമ്മിലുള്ള മൂപ്പിള തർക്കങ്ങളും യുദ്ധവും അതോടപ്പം ജാതീയമായ വിവേചനങ്ങളും ആചാര വിശ്വാസങ്ങളുമെല്ലാം ഈ പാരമ്പര്യത്തിന്റെ തുടർച്ച ഇല്ലാതാക്കി. ഇവിടെ നിന്നിരുന്ന പ്രമുഖ ശാലയായിരുന്നു ചോള ശാസനങ്ങളിൽ പരാമർശിക്കുന്ന കാന്തളൂർ ശാല. തിരുവനന്തപുരത്ത് പത്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപമുള്ള വലിയശാലയാണ് ഈ കാന്തളൂർശാലയെന്ന് പറയപ്പെടുന്നു. കാന്തളൂർ എന്ന പേരിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ത്രിമൂർത്തികളുടെ ഒരു ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. അതിനടുത്തു ആര്യശാല എന്നൊരു സ്ഥലവുമുണ്ട്. കേരളത്തിലെ വലിയൊരു കമ്പോളമായ ചാല സ്ഥിതി ചെയ്യുന്നതും ഇതിനടുത്താണ്. തമിഴർ ഇവിടെ കുടിയേറി കച്ചവടം നടത്തിയതിനാലാണ് ശാല തമിഴ് ഭാഷക്ക് വഴങ്ങാത്തതിനാൽ ചാല ആയതാണെന്നും ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നു. ചുരുക്കത്തിൽ ഈ പ്രദേശമാകെ ചേർത്ത് വലിയൊരു പഠനശാല ഇവിടെ ഉണ്ടായിരുന്നതായും ഇത് ദക്ഷിണേന്ത്യയിലെ നളന്ദ എന്ന പേരിൽ അറിയപ്പെട്ടിരുന്നതായും അഭിപ്രായമുണ്ട്.
ഇവിടെ പുരുഷന്മാർക്കായിരുന്നു പ്രവേശനം. വേദങ്ങളും ശാസ്ത്രങ്ങളും മാത്രമല്ല ചെറുപ്പക്കാർക്ക് ആയോധനന കലയും ഇവിടെ പഠിപ്പിച്ചിരുന്നു. അച്ചടക്കത്തിന് വലിയ പ്രാധാന്യം കാന്തളൂർ ശാലയിൽ കൽപ്പിക്കപ്പെട്ടിരുന്നു. വിദ്യാർത്ഥികളെ ചട്ടന്മാർ എന്നാണ് വിളിച്ചിരുന്നത്. അധ്യാപകരെ ഭട്ടന്മാർ എന്നും വിളിച്ചു. ബ്രാഹ്മണ യുവാക്കൾക്കായിരുന്നു പ്രവേശനം. അതുകൊണ്ട് ജാതി വ്യവസ്ഥ നിലനിന്നിരുന്നു എന്ന് വേണം മനസിലാക്കാൻ. പക്ഷെ അത് പിൽക്കാലത്തെ അടിച്ചമർത്തലും തൊട്ട് കൂടായ്മയുടെ രൂപത്തിൽ ഉണ്ടായിരുന്നിരിക്കാൻ ഇടയില്ല.
ചോളന്മാരുടെ ആക്രമണമാണ് കാന്തളൂർശാലയുടെ തകർച്ചയ്ക്ക് കാരണമായതായി സൂചനയുണ്ട്. അതിന് തെളിവായി പറയുന്നത് ചില ഗ്രന്ഥങ്ങളിൽ രാജ രാജ ചോളന്റെ വീരകൃത്യങ്ങൾ പരാമർശിക്കുന്നത് ‘കാന്തളൂർ ശാലൈ കലമറുത്ത രാജ രാജ ചോളൻ’എന്നാണ്. കാന്താളൂർ ശാലയെ അനുകരിച്ചാണ് പാർഥിവ പുരം, മൂഴിക്കുളം, തിരുവല്ല എന്നീ ശാലകൾ കേരളത്തിൽ സ്ഥാപിക്കപ്പെട്ടത്.
പാർഥിവപുരം ശാല
**********************
എ ഡി 864ൽ ആയ് രാജാവായ കരുനന്തടക്കൻ കാന്തളൂർർശാലയുടെ മാതൃകയിൽ സ്ഥാപിച്ച വേദ പാഠശാലയാണ് പാർഥിവപുരം ശാല. ഇന്ന് കന്യാകുമാരി ജില്ലയിലാണ് ഈ സ്ഥലം. വിഷ്ണു ക്ഷേത്രമായിരുന്നു. ഈ ശാലയിൽ 95 ചട്ടർ പഠിച്ചിരുന്നു. അറിവിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ പ്രവേശനം. ഇന്നത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രത്തിനു സമാനമായിരുന്നു ഈ സ്ഥാപനം. ചട്ടരെ ബഹുമാനപൂർവം ചട്ടപെരുമാക്കൾ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. വിദ്യാർഥികൾക്ക് അരിയും മറ്റും പാരിതോഷികം നൽകിരുന്നു. ഇന്നത്തെ സ്കോളർഷിപ്പിന് തുല്യമായിരുന്നു ഇത്.
മൂഴിക്കുളം, തിരുവല്ല ശാലകൾ
*********************************
കുലശേഖരന്മാരുടെ കീഴിൽ പ്രസിദ്ധമായ ശാലകളാണിവ. പ്രസിദ്ധമായ വിജ്ഞാന കേന്ദ്രങ്ങളായിരുന്നു ഇവ. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തോട് അനുബന്ധിച്ച് പ്രവർത്തിച്ച ശാലയിൽ ഏതാണ്ട് 175പേർ ഒരേ സമയം വിദ്യ അഭ്യസിച്ചിരുന്നു.
ചാലകുടിക്കടുത്താണ് മൂഴിക്കുളം ശാല പ്രവർത്തിച്ചത്. തത്വചിന്തയും വ്യാകരണവും ഇവിടെ ആഴത്തിൽ പഠിപ്പിച്ചിരുന്നു. ഒരു വൈഷ്ണവ കേന്ദ്രമായിരുന്നു ഈ ശാല.
വിഞാന കേന്ദ്രങ്ങളായ കളരികൾ
***********************************
കേരളത്തിൽ പ്രതേകിച്ചു വടക്കേ മലബാറിൽ വ്യാപകമായിരുന്നതാണ് കളരികൾ. ഇവിടെ ആയുധാഭ്യാസം മാത്രമല്ല മികച്ച അക്ഷരാഭ്യാസവുമുണ്ടായിരുന്നു. മലയാള ഭാഷയുടെ വളർച്ചക്ക് കളരികൾ മികച്ച സംഭവനകളാണ് നൽകിയത്. തറവാടുകളിൽ പ്രവർത്തിച്ചിരുന്ന കളരികളിൽ അക്ഷരം പഠിപ്പിക്കാൻ എഴുത്തച്ഛന്മാർ താമസിച്ചിരുന്നു. ഇത്തരം കളരികളാണ് പിൽക്കാലത്തു എഴുത്ത് പള്ളിക്കൂടങ്ങളായത്. ശാസ്ത്ര പഠനവും മത പഠനവും സാഹിത്യ പഠനവുമെല്ലാം കൂടിക്കുഴഞ്ഞാണ് അക്കാലത്തു നടന്നിരുന്നത്.
പതിനാറു പതിനേഴു നൂറ്റാണ്ടുകൾ പരിശോധിച്ചാൽ കേരളത്തിന്റെ ജ്ഞാന ചരിത്രത്തിന്റെ ഒരു സങ്കീർണമായ ചരിത്രമായിരിക്കും കാണാൻ കഴിയുക. ചെറുശേരിയുടെ കൃഷ്ണഗാഥ പോലുള്ള കൃതികളിലൂടെ കണ്ണോടിച്ചാൽ അക്കാലത്തെ വിജ്ഞാന വിനിമയത്തിന്റെ ഏകദേശ രൂപം മനസിലാക്കാൻ കഴിയും. സാമൂതിരിയുടെ കാലത്തെ രേവതി പട്ടത്താനം എന്ന പണ്ഡിത സമ്മേളനം നമ്മുടെ വൈജ്ഞാനിക പാരമ്പര്യത്തിന്റെ മകുടോദാഹരണമാണ്.
സംഗമ ഗ്രാമത്തിൽ ജീവിച്ചിരുന്ന മാധവൻ അക്കാലത്തെ പ്രശക്ത ഗണിത പണ്ഡിതനും ജ്യോതിശാസ്ത്രനുമായിരുന്നു. സംഗമഗ്രാമം ഇന്നത്തെ ഇരിഞ്ഞാലക്കുടയാണെന്ന് കരുതുന്നു. ഇദ്ദേഹത്തിന് ഒരു പാട് ശിഷ്യ പരമ്പരകൾ ഉണ്ടായിരുന്നെകിലും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
കേരളത്തിന്റെ വൈജ്ഞാനിക തുടർച്ച നിലച്ചത് എങ്ങനെ?
****************************************
പശ്ചാത്യ ശക്തികൾ ഇവിടെ ആധിപത്യം ഉറപ്പിച്ചതോടെ നമ്മുടെ ജ്ഞാന പാരമ്പര്യത്തിന് തുടർച്ച നഷ്ടപ്പെട്ടതായി കരുതാം. മിഷണറി പ്രവർത്തനങ്ങൾ നമ്മുടെ വിദ്യാഭാസ രീതികളെ മറ്റൊരു രീതിയിലേക്ക് മാറുന്നതിനു കാരണമായി. അത് ആധുനികതയിലേക്കുള്ള യാത്രയിലെ ചവിട്ട് പടിയായി കണക്കാക്കാം. സമത്വം സ്വാതന്ത്ര്യം സ്ത്രീ പുരുഷ തുല്യത എന്നിവയിൽ ഊന്നിയുള്ള ഇംഗ്ലീഷ് വിദ്യാഭ്യാസം കേരളത്തിന്റെ ഇന്നത്തെ രൂപത്തിലേക്കുള്ള മാറ്റത്തിന്റെ തുടക്കമായിരുന്നു. പക്ഷെ നമ്മുടെ വൈജ്ഞാനിക തുടർച്ച ഇല്ലാതായത് നഷ്ടം തന്നെയാണ്.
കുലശേഖരൻമാരുടെ കാലം കഴിഞ്ഞ് വിഭജിച്ച് പോകുന്ന നാട്ട് രാജ്യങ്ങളെയാണ് കാണാൻ കഴിയുക. പല വിധങ്ങളായ ജീർണതകൾ സമൂഹത്തിൽ കുമിഞ്ഞു കൂടി. ജാതീയ അടിച്ചമർത്തലും ക്രൂരതകളും അതിൽ പ്രധാനമായിരുന്നു. അറിവ് സമൂഹത്തിന്റെ ഉന്നത വർഗത്തിന്റെ കുത്തകയായി. അവരുടെ താല്പര്യമാനുസരിച്ചു ജ്ഞാനത്തിന്റെ വ്യാപനത്തിന് ഏറ്റകുറച്ചിലുകൾ ഉണ്ടായി. ഇതും നമ്മുടെ പാരമ്പര്യ ജ്ഞാന വളർച്ചക്ക് തുടർച്ച ഇല്ലാതാക്കി. സംഘകാലത്ത് ജാതി ലിംഗ വ്യത്യാസമില്ലാതെ വിദ്യാഭ്യാസം ലഭിച്ചിരുന്നു
എന്നതും നാം ഓർക്കേണ്ടതാണ്. പതിനാറാം നൂറ്റാണ്ടിന് ശേഷമാണ് ഇതെല്ലാം കേരളത്തിൽ തകിടം മറിയുന്നത്.