Site icon Janayugom Online

കേരളത്തിന്റെ പ്രതിഷേധം ഫലം കണ്ടു; തൊഴിലുറപ്പ് പദ്ധതിയില്‍ അധികമായി 1.5 കോടി തൊഴില്‍

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ദിനങ്ങള്‍ വെട്ടിക്കുറച്ചതിനെതിരെ കേരളത്തിന്റെ പ്രതിഷേധത്തിന് ഫലം. വെട്ടിക്കുറച്ച ഒന്നരക്കോടി തൊഴിൽ ദിനങ്ങൾ പുനഃസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായി. നവകേരള സദസിൽ ഉന്നയിക്കുകയും കേരളമാകെ ഒന്നിച്ചണിനിരക്കുകയും ചെയ്ത ഒരു വിഷയത്തിൽക്കൂടി അനുകൂല തീരുമാനം വന്നിരിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഈ സാമ്പത്തിക വർഷം കേന്ദ്രം ആദ്യം അനുവദിച്ചത് ആറ് കോടി തൊഴിൽ ദിനങ്ങളായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം കേന്ദ്രം അനുവദിച്ച 9.5 കോടി തൊഴിൽ ദിനങ്ങളുടെ സ്ഥാനത്ത് മൂന്നരക്കോടി തൊഴിൽദിനങ്ങൾ വെട്ടിക്കുറച്ചു. സംസ്ഥാനത്തിനുള്ള തൊഴിൽദിനങ്ങൾ വെട്ടിക്കുറയ്ക്കുന്നതിനെതിരെ സംസ്ഥാന സർക്കാരും തൊഴിലുറപ്പ് തൊഴിലാളികളും വലിയ പ്രതിഷേധം ഉയർത്തി. മന്ത്രി എം ബി രാജേഷ് ഡൽഹിയിൽ നേരിട്ടെത്തി സമ്മർദം ചെലുത്തിയിരുന്നു. ഇതിനെത്തുടർന്ന് രണ്ട് കോടി തൊഴിൽ ദിനങ്ങൾ കൂടി അനുവദിക്കാൻ കേന്ദ്രം നിർബന്ധിതമായി.

പിന്നീട് നവകേരള സദസിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ തൊഴിൽദിനങ്ങൾ വെട്ടിക്കുറയ്ക്കുന്ന കേന്ദ്രനിലപാട് ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചു. ഈ സമ്മർദത്തിനൊടുവിലാണ് വെട്ടിച്ചുരുക്കിയ മുഴുവൻ തൊഴിൽ ദിനങ്ങളും കേന്ദ്രത്തിനു പുനഃസ്ഥാപിക്കേണ്ടിവന്നതെന്ന് മന്ത്രി രാജേഷ് പറഞ്ഞു. സംസ്ഥാനം വിവിധ ഘടകങ്ങളിൽ കൈവരിച്ച പുരോഗതി വിലയിരുത്തിയും, വലിയ സമ്മർദം ഉയർന്നതിന്റെ പശ്ചാത്തലത്തിലും ബുധനാഴ്ച ചേർന്ന കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ എംപവേഡ് കമ്മിറ്റിയാണ് ലേബർ ബജറ്റ് 9.5 കോടിയായി വർധിപ്പിച്ചത്. ഈ തൊഴിൽദിനങ്ങൾ കേരളം മറികടക്കുകയാണെങ്കിൽ കൂടുതല്‍ തൊഴിൽദിനങ്ങൾ നല്‍കുമെന്നും കേന്ദ്ര ഗ്രാമവികസന സെക്രട്ടറി ഉറപ്പ് നൽകി. കേന്ദ്രം അനുവദിച്ച എട്ട് കോടി തൊഴിൽദിനങ്ങൾ ഈ കഴിഞ്ഞ മാസം തന്നെ സംസ്ഥാനം പൂർത്തിയാക്കിയിരുന്നു. തൊഴിൽ ദിനങ്ങൾ 10.7 കോടിയായി ഉയർത്തണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് ഏറ്റവും മാതൃകാപരമായി നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. പദ്ധതി നടത്തിപ്പിൽ മികവിന്റെ എല്ലാ സൂചികകളിലും മുന്നിലാണ്. ട്രൈബൽ പ്ലസ്, നീരുറവ് പോലുള്ള മാതൃകാ പദ്ധതികളും തൊഴിലുറപ്പുമായി ചേർന്ന് കേരളം ഏറ്റെടുക്കുന്നു. സമ്പൂർണ സോഷ്യൽ ഓഡിറ്റിങ് ഈ വർഷത്തെ ആദ്യ പകുതിയിലും പൂർത്തിയാക്കി. ഈ നേട്ടം തുടർച്ചയായി കൈവരിക്കുന്ന ഏക സംസ്ഥാനവുമാണ്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തിയ ഏക സംസ്ഥാനവും കേരളമാണ്. പത്തരക്കോടി തൊഴിൽദിനങ്ങളില്‍ നിന്ന് രണ്ട് വർഷം മുമ്പാണ് ഒരു കോടി വെട്ടിച്ചുരുക്കിയത്. അത് ആറ് കോടിയായി വീണ്ടും കുറയ്ക്കുകയായിരുന്നു.

കേരളത്തിന്റെ മേന്മ മറയ്ക്കാന്‍ ഗൂഢനീക്കം

മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ അനുവദിച്ച തൊഴിൽദിനങ്ങളിൽ മഹാ ഭൂരിപക്ഷവും വിനിയോഗിച്ചിട്ടും കേരളത്തിന്റെ കണക്ക് മറച്ചുവയ്ക്കാന്‍ കേന്ദ്ര നീക്കം. നടപ്പ് സാമ്പത്തിക വർഷം അനുവദിച്ച എട്ട് കോടി തൊഴിൽദിനങ്ങളിൽ 7.85 കോടിയും സംസ്ഥാനം വിനിയോഗിച്ചിരിക്കെയാണ് ഈ തമസ്കരണം. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് കീഴിലെ എംഎൻആർഇജി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച, പദ്ധതി വിനിയോഗ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തിന്റെ സ്ഥാനം പൂജ്യം എന്നാണ് നൽകിയിരിക്കുന്നത്. നാഷണൽ ഇൻഫോർമാറ്റിക് സെന്റർ തയ്യാറാക്കിയ കണക്കിൽ സംഭവിച്ച ഭീമാബദ്ധത്തിനെതിരെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് പ്രതിഷേധവും വിമർശനവും ഉയർന്നിട്ടും തിരുത്തലിന് മന്ത്രാലയം തയ്യാറായിട്ടില്ല.

തൊഴിൽദിനങ്ങൾ സൃഷ്ടിക്കുന്നതിൽ കേരളത്തിന്റേത് മികച്ച പ്രകടനമാണെന്ന് മന്ത്രാലയത്തിന്റെ മുൻകണക്കുകൾ വ്യക്തമാക്കുന്നുണ്ട്. 2022–23 സാമ്പത്തിക വർഷം കേന്ദ്രം 9.50 കോടി തൊഴിൽദിനങ്ങൾ അനുവദിച്ചപ്പോൾ സംസ്ഥാനം 9.66 കോടി തൊഴിൽദിനങ്ങളാണ് സൃഷ്ടിച്ചത്. ഇതിന് മുൻവർഷം അനുവദിച്ചത് 10 കോടിയും സംസ്ഥാനം സൃഷ്ടിച്ചത് 10.6 കോടിയുമാണ്.
രാജ്യത്ത് ഏറ്റവും കാര്യക്ഷമമായി പദ്ധതി നടപ്പാക്കുന്ന ഏക സംസ്ഥാനമെന്ന ബഹുമതിയാണ് കേരളത്തിനുള്ളത്. ഫണ്ട് വകമാറ്റൽ, വേതനം നൽകാതെ തൊഴിലാളികളെ പറ്റിക്കൽ തുടങ്ങി പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ അഞ്ച് ലക്ഷത്തോളം കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ, ഒരു ക്രമക്കേട് പോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത സംസ്ഥാനമാണ് കേരളമെന്ന് ലോക്‌സഭയിൽ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Eng­lish Sum­ma­ry; Ker­ala’s protest bore fruit; 1.5 crore addi­tion­al jobs under the Employ­ment Guar­an­tee Scheme
You may also like this video

Exit mobile version