കേരള ഫിനാൻഷ്യൽ കോർപറേഷന്റെ (കെഎഫ്‌സി) ബിസിനസ് 10,000 കോടി രൂപയാക്കലാണ് സർക്കാർ ലക്ഷ്യമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംരംഭകത്വത്തെയും നവീന ആശയങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള ഫിനാൻഷ്യൽ കോർപറേഷൻ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച സ്റ്റാർട്ടപ്പ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമാണിന്ന് കെഎഫ്‌സി. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴും കെഎഫ്‌സി നൽകുന്ന വായ്പകളുടെ പലിശനിരക്ക് കുറയ്ക്കുകയും കെഎഫ്‌സിയുടെ മൂലധന നിക്ഷേപം 300 കോടിയിൽ നിന്ന് ഇരട്ടിയാക്കുകയും ചെയ്തു. കടത്തിന്റെ പരിധി വർധിപ്പിച്ചു. നിലവിൽ 7368 കോടി വായ്പ നൽകിയിട്ടുണ്ട്. ഫിനാൻഷ്യൽ കോർപറേഷന്റെ പ്രവർത്തനം കാര്യക്ഷമമാക്കി. കെഎഫ്‌സിയുള്ളതുകൊണ്ടാണ് സംരംഭം ആരംഭിക്കാൻ കഴിഞ്ഞതെന്ന് പറയുന്ന ഒട്ടേറെ സ്ഥാപനങ്ങളുണ്ട്. അവർക്ക് എളുപ്പത്തിൽ ധനലഭ്യത ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സ്റ്റാർട്ടപ്പുകൾക്കുള്ള 5.6 ശതമാനം പലിശനിരക്കിൽ നൽകുന്ന വായ്പ രണ്ട് കോടിയിൽ നിന്ന് മൂന്ന് കോടിയാക്കാനും സ്ഥാപനങ്ങൾക്ക് നൽകുന്ന 10 കോടിയുടെ വായ്പ 15 കോടിയാക്കാനുമുള്ള ആവശ്യം സർക്കാർ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ തലമുറയ്ക്ക് അവരുടെ ആശയങ്ങൾ കേരളത്തിൽതന്നെ നടപ്പാക്കാനാവും വിധമുള്ള സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ഇന്ന് കേരളത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. സ്റ്റാർട്ടപ്പ് രംഗത്ത് മികവുതെളിയിച്ച കമ്പനികളുടെ ഉല്പന്നങ്ങൾ കോൺക്ലേവിൽ പ്രദർശിപ്പിച്ചു. മികച്ച സ്റ്റാർട്ടപ്പുകൾക്കുള്ള പുരസ്കാരദാനവും ഈ ധനകാര്യവർഷത്തെ കെഎഫ്‌സിയുടെ വാർഷിക റിപ്പോർട്ടിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.
സർക്കാരിനുള്ള ഈ വർഷത്തെ കെഎഫ്‌സിയുടെ ലാഭവിഹിതമായ 35.83 കോടി രൂപയുടെ ചെക്ക് കെഎഫ്‌സി ചെയർമാൻ സഞ്ജയ് കൗൾ മന്ത്രിക്ക് കൈമാറി. കെഎഫ്‌സി സ്റ്റാർട്ടപ്പ് കേരള പദ്ധതി വഴി ഇതുവരെ 61 കമ്പനികൾക്കായി 78.52 കോടി രൂപയാണ് വായ്പയായി നൽകിയിട്ടുള്ളത്. ഈ വർഷം പുതിയതായി 100 സ്റ്റാർട്ടപ്പുകൾക്ക് വായ്പ ലഭ്യമാക്കുന്നതിനും കേരള ഫിനാൻഷ്യൽ കോർപറേഷന് പദ്ധതിയുണ്ട്.